പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹരജിയില്‍ വിധി പറയുന്നത് വരെ അറസ്റ്റ് വൈകിപ്പിക്കാൻ പൊലിസ്
തലശേരി: കണ്ണൂര്‍ മുൻ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസിൽ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ അറസ്റ്റിനായി ഈ മാസം 29 വരെ കാത്തു നിൽക്കാൻ പൊലിസ് തീരുമാനം. അതിന് മുൻപ് അറസ്റ്റിലേക്ക് കടക്കരുതെന്ന നിർദ്ദേശം ആഭ്യന്തരവകുപ്പിൽ നിന്നും കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് നിർദ്ദേശം.
എന്നാൽ ആത്മഹത്യ പ്രേരണാ കുറ്റത്തിൽ പ്രതിയായ പിപി ദിവ്യയെ സംഭവം നടന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും ചോദ്യം ചെയ്യാൻ കഴിയാത്തത് അന്വേഷണ സംഘത്തിന് ക്ഷീണം ചെയ്തിട്ടുണ്ട്. കോൺഗ്രസും ബിജെപിയും മുസ്ലിം ലീഗും വിവിധ സംഘടനകളും ദിവ്യയെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധ സമരങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പകരം പ്രസിഡൻ്റ് ചുമതല ഏൽക്കാത്തതിനാൽ കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ പ്രവർത്തനം തന്നെ സ്തംഭിച്ചനിലയിലാണ്.

തലശേരി പ്രിൻസിപ്പാൾ സെഷൻസ് കോടതി ജാമ്യ ഹരജി തള്ളുകയാണെങ്കിൽ ദിവ്യ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കും. എന്നാൽ ഇതിനിടെയിൽ കോടതിയിലോ പൊലിസിലോ കീഴടങ്ങിയേക്കുമെന്നാണ് സൂചനയുണ്ട്. പിപി ദിവ്യയെ സിപിഎം സംരക്ഷിക്കുകയില്ലെന്ന് നേതൃത്വം പറയുമ്പോഴും പാർട്ടിക്കായി കോളിളക്കമുണ്ടാക്കിയ കേസുകൾ വാദിക്കുന്ന തലശേരിയിലെ പ്രമുഖ അഭിഭാഷകൻ കെ വിശ്വനാണ് പിപി ദിവ്യയ്ക്കായി മുൻകൂർ ജാമ്യ ഹരജി ഫയൽ ചെയ്തത്. തലശേരിയിലെ സിപിഎം പ്രാദേശിക നേതാവു കൂടിയാണ് കെ വിശ്വൻ. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുള്ളവർ തള്ളിപ്പറഞ്ഞിട്ടും ദിവ്യയെ കണ്ണൂർ ജില്ലാ നേതൃത്വം സംരക്ഷിക്കുകയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
ദിവ്യയ്ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് നവീൻ ബാബുവിൻ്റെ ജില്ലയായ പത്തനംതിട്ടയിലെ സിപിഎം നേതൃത്വം ആവശ്യപ്പെടുമ്പോൾ ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്ത ജില്ലാ നേതാവിനെ സംരക്ഷിക്കുകയാണ് കണ്ണൂരിലെ നേതൃത്വം.












Click it and Unblock the Notifications