അതിജീവിതയ്‌ക്കെതിരെ നവമാധ്യമപ്രചരണം: പ്രതി ബന്ധുക്കള്‍ക്കെതിരെ പൊലിസ് കേസെടുത്തു
പയ്യന്നൂര്‍: ഫിസിയോ തെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റു ചെയ്തതിനു പിന്നാലെ ഇരയെ നവമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പയ്യന്നൂര്‍ പൊലിസ് കേസെടുത്തു. റിമാന്‍ഡില്‍ കഴിയുന്ന പ്രതി ശരത് നമ്പ്യാരുടെ ഭാര്യ രേഷ്മ ശരത്, സഹോദരന്‍ ഡോ. വരുണ്‍ നമ്പ്യാര്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് പൊലിസ് കേസെടുത്തത്.
ഇരയെ അപകീര്‍ത്തിപ്പെടുത്തും വിധമുളളള ചില നവമാധ്യമ പ്രചരണം സംബന്ധിച്ചു മുഖ്യമന്ത്രിക്കും ജില്ലാ പൊലിസ് മേധാവിക്കും പയ്യന്നൂര്‍ ഡിവൈഎസ്പിക്കും അതിജീവിത പരാതി നല്‍കി മണിക്കൂറുകള്‍ക്കുളളിലാണ് പൊലിസ് നടപടിയുണ്ടായത്. പീഡനത്തിന് ഇരയാക്കപ്പെടുന്നവരുടെ ദൃശ്യങ്ങള്‍ അവരെ തിരിച്ചറിയും വിധം സമൂഹ്യമാധ്യമങ്ങളില്‍ വഴി പ്രചരിപ്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തത്. തന്നെയും കുടുംബത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന വിധത്തില്‍ നടക്കുന്ന പ്രചരണത്തിനെതിരെയായിരുന്നു അതിജീവിതയുടെ പരാതി.

ക്ലിനിക്കില്‍ നിന്നും യുവതിയും പിതാവും പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പ്രചരിപ്പിച്ചത്. ഇരയുടെ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കണമെന്ന കര്‍ശന നിയമമുളളപ്പോഴാണ് സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ചത്. ഇരയ്‌ക്കെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ പ്രചരണം ശ്രദ്ധയില്‍പ്പെട്ട പൊലിസ് ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പയ്യന്നൂര്‍ പൊലിസ് അറിയിച്ചു. അതേ സമയം ഇരയെ അപകീര്‍ത്തിപ്പെടുത്തുംവിധം പ്രതിയുടെ കൂട്ടാളികളും ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും നടത്തുന്ന പ്രചരണത്തിനെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഇരയ്ക്ക് നീതി ലഭ്യമാക്കണമെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പയ്യന്നൂര്‍ ഏരിയാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പയ്യന്നൂര്‍ പഴയബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഹെല്‍ത്ത്, വെല്‍നെസ്, ജിംനേഷ്യം സെന്ററില്‍ നടുവേദനയ്ക്ക് ചികിത്‌സയ്‌ക്കെത്തിയ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. പ്രതിയായ ശരത് നമ്പ്യാറെ പയ്യന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പയ്യന്നൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകനാണ് പ്രതിയായ ശരത് നമ്പ്യാര്‍.












Click it and Unblock the Notifications