വിഐപി പൂച്ചയെ കാണാതായി: കണ്ടെത്തിയത് പോലീസ്, സംഭവം കണ്ണൂരില്‍!!
കണ്ണൂർ: കാൽ ലക്ഷം രൂപ വിലയുള്ള വിഐപി പൂച്ചയെ നഷ്ടപ്പെട്ടുവെന്ന് പരാതി നൽകിയ വീട്ടുടമസ്ഥർക്ക് മണിക്കൂറുകൾക്കുള്ളിൽ സുന്ദരിയെ കണ്ടെത്തി നൽകി കൈയ്യടി നേടി പോലീസ്. കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് പൂച്ചയെ തിരികെ ലഭിച്ചത്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിലെ കിണവക്കൽ എന്ന പ്രദേശത്തെ കുടുംബമാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
ഉടമസ്ഥരായ കുടുംബം പോലീസിന് നൽകിയ പരാതിയും പൂച്ചയുടെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെ പോലീസിനോപ്പം നാട്ടുകാരും തിരച്ചിലിനിറങ്ങി. കിണവക്കൽ മെട്ടയിലെ ബിന്ദു സുനിലിന്റെ പൂച്ചക്കുട്ടിയായ ബിക്കിയാണ് രണ്ടു ദിവസത്തെ അജ്ഞാത വാസത്തിനു ശേഷം സുരക്ഷിതമായി ഉടമയുടെ വീട്ടിലെത്തിയത്.

പൂച്ചയാണെങ്കിലും വിഐപി റാങ്കിലാണ് ഇവളുടെ സ്ഥാനം. പൂച്ചവർഗത്തിലെ പേഴ്സ്യൻ ജനുസിൽ പെട്ട പൂച്ചയാണിവൾ. ഇപ്പോഴത്തെ മാർക്കറ്റ് വില കാൽ ലക്ഷത്തോളം വരും. ഇക്കഴിഞ്ഞ മൂന്നാം തീയതി മുതലായിരുന്നു ബിക്കി അപ്രത്യക്ഷയായത്. സാധാരണ വീടിനു സമീപത്തെ മറ്റു വീടുകളിൽ സന്ദർശനം നടത്താറുണ്ടെങ്കിലും കറക്കം കഴിഞ്ഞ് വീട്ടിലെത്താറുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്.
എന്നാൽ ഇക്കഴിഞ്ഞ മൂന്നിന് ഗൃഹസന്ദർശനത്തിനായി ഇറങ്ങി തിരിച്ച ബിക്കി വീട്ടിലെത്താറുള്ള സമയം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. സമീപത്തൊക്കെ അന്വേഷിച്ചെങ്കിലും ആർക്കും വിവരമില്ലായിരുന്നു. തുടർന്ന് ഉടമ ബിന്ദു പോലീസിൽ പരാതി നൽകി. പൂച്ചയെ കാണാതായ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പരന്നതിനെ തുടർന്നാണ് തെരച്ചിൽ ആരംഭിച്ചത്. ഇതിനിടെ പോലീസ് അന്വേഷണവും ഊർജിതമായി നടന്നു. ഒടുവിൽ പോലീസ് ചാലോട് പനയത്താം പറമ്പില്‍ നിന്ന് കണ്ടെത്തിയ പൂച്ചയെ കഴിഞ്ഞ ദിവസം രാത്രിയോടെ സ്റ്റേഷനിലെത്തിച്ച് ബിന്ദുവിന് കൈമാറുകയായിരുന്നു.












Click it and Unblock the Notifications