കണ്ണൂര്‍ ജില്ലയില്‍ വ്യാപക റെയ്ഡ്:ഹര്‍ത്താല്‍ അക്രമികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലിസ്
തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയില്‍ പൊലിസ് റെയ്ഡ് ശക്തമാക്കിയതോടെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും നേതാക്കളും ഒളിവില്‍ പോയി. ജില്ലയില്‍ രണ്ടാംദിനത്തിലും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും പൊലിസ് റെയ്ഡ് നടത്തി.തളിപറമ്പ്, പയ്യന്നൂര്‍, മട്ടന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ന് പൊലിസ് വ്യാപകമായി റെയ്ഡു നടത്തിയത്.
തളിപറമ്പ് നഗരത്തിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്ഥാപനങ്ങളിലാണ് തളിപറമ്പ് പൊലിസ് റെയ്ഡ് നടത്തിയത്. തളിപറമ്പ് മന്ന, ചെനയന്നൂര്‍ എന്നിവടങ്ങളിലാണ് തളിപറമ്പ് ഇന്‍സ്പെക്ടര്‍ എ.വി ദിനേശിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. പയ്യന്നൂര്‍ രാമന്തളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലാണ് പൊലിസ് റെയ്ഡ് നടത്തിയത്.

ഹര്‍ത്താല്‍ ദിവസം കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചവരുടെ വീടുകളിലാണ് റെയ്ഡു നടത്തിയത്. ഹര്‍ത്താലില്‍ നടന്ന അക്രമക്കേസുകളിലെ പ്രതികളെ പിടികൂടാന്‍ മട്ടന്നൂര്‍ പാലോട്ടുപള്ളിയിലെ വ്യാപാരസ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ് നടത്തി. കൂത്തുപറമ്പ് എ.സി.പി ഇ പ്രദീപന്‍ കണ്ണിപൊയിലിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ഇതിനിടെ പോപ്പുലര്‍ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജില്ലയില്‍ വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയ സാഹചര്യത്തില്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലിസ് ജാമ്യമില്ലാകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍സത്താര്‍, ജില്ലാ സെക്രട്ടറി, ജനറല്‍ സെക്രട്ടറി, ഡിവിഷന്‍ ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ക്രിമിനല്‍ ഗൂഡാലോചന 120ബി. പ്രേരണാകുറ്റം എന്നിവയാണ് നേതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍സത്താറിനെയും ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷിച്ചുവരികയാണ്. ഹര്‍ത്താലിനു ശേഷം ഒളിവില്‍ പോയ അബ്ദുല്‍ സത്താറിനു വേണ്ടി പൊലിസ് കോഴിക്കോടും മറ്റിടങ്ങളിലും തെരച്ചില്‍ തുടരുകയാണ്.
കണ്ണൂരില്‍ മൂന്നിടങ്ങളില്‍ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അറിവുണ്ടെന്നാണ് പൊലിസ് പറയുന്നത്. ഹര്‍ത്താലില്‍ അക്രമമൊഴിവാക്കാന്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ പൊലിസ് നോട്ടീസ് നല്‍കി ആവശ്യപ്പെട്ടിരുന്നു. ഇതു ലംഘിച്ചതിനാണ് അബ്ദുല്‍ സത്താറിനെതിരെ കേസെടുത്തത്. ഇതോടെ കണ്ണൂരിലെ ഹര്‍ത്താല്‍ അക്രമങ്ങളില്‍ പ്രതിപട്ടിക ഏറെ വലുതാകുമെന്നാണ് പൊലിസ് നല്‍കുന്ന സൂചന.
ഹര്‍ത്താലിന്റെ മറവിലുണ്ടായ അക്രമങ്ങളുടെ പേരുപറഞ്ഞ് കണ്ണൂര്‍ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളില്‍ ഭീതിപരത്തി പൊലിസ് നടത്തുന്ന റെയ്ഡ് ആര്‍. എസ്. എസിനെ പ്രീതിപ്പെടുത്താനുള്ള ഉന്നത നിര്‍ദ്ദേശത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ ജില്ലാജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ആരോപിച്ചു.നിരപരാധികളെ വേട്ടയാടുന്ന നടപടി പൊലിസ് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications