കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്: കണ്ണൂര്‍ ജില്ലയില്‍ അഞ്ഞുറിലേറെ പേര്‍ക്കെതിരെ കേസെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ ഡി.സി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരുമടക്കം അഞ്ഞൂറിലേറെ പേര്‍ക്കെതിരെ കേസെടുത്തു. ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ പൊലിസിനെയും പാര്‍ട്ടി ഗുണ്ടകളെയും ഉപയോഗിച്ച് ആക്രമികുന്ന രീതി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ചൊവ്വാഴ്ച്ച ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തിയത്.
ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പൊലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എല്ലായിടത്തും കനത്ത പൊലിസ് സുരക്ഷയായിരുന്നു ഒരുക്കിയത്. പെരിങ്ങോം പൊലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ നേതാക്കള്‍ മുള്‍പെടെയുള്ള 89 പേര്‍ക്കെതിരെ പെരിങ്ങോം പൊലീസ് കേസെടുത്തിട്ടുണ്ട്. മണ്ഡലം പ്രസിഡന്റ് രവി പൊന്നം വയല്‍, ഷെരീഫ് പൊന്നം വയല്‍, വൈഷ്ണവ് അരവഞ്ചാല്‍, ഉമ്മര്‍ കൊരങ്ങാട് തുടങ്ങി ഒന്‍പതു പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന എണ്‍പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ അന്യായമായി സംഘം ചേര്‍ന്ന് ഓഫീസില്‍ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനമായി എത്തുകയും പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മാര്‍ഗം സൃഷ്ടിച്ചതിനുമാണ് കേസെടുത്തത്. തളിപറമ്പില്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ബ്‌ളോക്ക് പ്രസിഡന്റ് പി.കെ സരസ്വതി, ഡി.സി.സി ജനറല്‍ സെക്രട്ടറി നൗഷാദ് ബ്‌ളാത്തൂര്‍, സി.പി മനോജ്, അഡ്വ.ടി.ആര്‍ മോഹന്‍ദാസ്, രജനി രമാനന്ദ് പ്രജിത്ത്, ജനാര്‍ദ്ദനന്‍, കുഞ്ഞിരാമന്‍, വെള്ളാവ് രാജീവന്‍ എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന ഏഴു പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.












Click it and Unblock the Notifications