മുഴപ്പിലങ്ങാട്ട് അടിപ്പാതയ്ക്കായി സമരം നടത്തിയവരുടെ സമര പന്തല്‍ പൊലിസ് പൊളിച്ചു മാറ്റി
മുഴപ്പിലങ്ങാട് :അവസാന ഘട്ട നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ദേശീയ പാതയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ബൈപ്പാസ് റോഡില്‍ മുഴപ്പിലങ്ങാട് ശ്രീനാരായണ മഠത്തിന് റോഡിന് കുറുകെ നടപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം ആരംഭിച്ച പ്രദേശവാസികളുടെ സമരപ്പന്തല്‍ പോലീസ് പൊളിച്ച് മാറ്റി. എടക്കാട് പോലീസാണ് സംഘടിതാരായെത്തി വ്യാഴാഴ്ച്ച രാവിലെ എട്ടു മണിയോടെ സമര പന്തല്‍ പൊളിച്ചു മാറ്റിയത്.
സ്ത്രീകള്‍ അടക്കമുള്ള നാട്ടുകാരും പൊലീസും തമ്മില്‍ ഏറെ നേരെ സംഘര്‍ഷം നടന്നു ഇതിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ചു അറസ്റ്റു ചെയ്തു നീക്കി. മുഴപ്പിലങ്ങാട് ശ്രീനാരായണ മഠത്തിന് സമീപം പുതുതായി നിര്‍മ്മിക്കുന്ന ബൈപ്പാസ് റോഡിന് കുറുകെ നടപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ബുധനാഴ്ച്ചയായിരുന്നു സമരപന്തല്‍ കെട്ടി സമരം ആരംഭിച്ചത്.

വ്യാഴാഴ്ച്ച രാവിലെ പൊലീസ് എത്തി ബലം പ്രയോഗിച്ച് സമരപന്തല്‍ പൊളിച്ച് നീക്കുകയായിരുന്നു. ഈ സമയം നാട്ടുകാര്‍ സമര പന്തലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇതിന് ഇടയിലാണ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള നാട്ടുകാര്‍ക്ക് നേരെ പൊലീസിന്റെ ബലപ്രയോഗം നടത്തിയത്. നിരവധി പേരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത്എടക്കാട് പോലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി.എടക്കാട് സ്റ്റേഷനിലും പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.
നടപ്പാത വേണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവരാണ് സമരത്തിനുണ്ടായിരുന്നത്. ദേശീയ പാതയില്‍ അടിപ്പാതയില്ലാത്തതിനാല്‍ മുഴപ്പിലങ്ങാട് മഠം ഭാഗത്തെ ജനങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണുള്ളത്. നിരവധി തവണ പരാതികളും നിവേദനവും നല്‍കിയിട്ടും അധികൃതര്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് ജനങ്ങള്‍ ഗത്യന്തരമില്ലാതെ സമരത്തിനറങ്ങിയത് .
എടക്കാട് നിര്‍മ്മിക്കുന്നതിന് സമാനമായി മുഴപ്പിലങ്ങാട് മഠത്തിലും ദേശീയ പാതയ്ക്ക് അടിപ്പാത വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ഇതു അംഗീകരിക്കാതെയാണ് നാഷനല്‍ ഹൈവേ അതോറിറ്റി ദേശീയപാതാ നിര്‍മ്മാണവുമായി മുന്‍പോട്ടു പോകുന്നത്. പലയിടങ്ങളിലും അടിപ്പാതയില്ലാത്തതിനാല്‍ കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ് പയ്യന്നൂര്‍ വെള്ളൂരിലും എടക്കാടും ഇതിനെതിരെ ജനകീയസമരങ്ങള്‍ നടന്നിരുന്നു.












Click it and Unblock the Notifications