കെഎം ഷാജിക്കെതിരെയുള്ള ഗൂഡാലോചന കേസ്: കെട്ടിച്ചമച്ചതാണെന്ന് പൊലീസ് റിപ്പോർട്ട്
കണ്ണുർ: കണ്ണൂരിലെ രാഷ്ട്രീയ വൃത്തങ്ങളിൽ കോളിളക്കം സൃഷ്ടിച്ച കെഎം ഷാജിക്കെതിരെയുള്ള വധ ഗൂഡാലോചനാക്കേസ് കെട്ടിച്ചമച്ചതെന്ന് പൊലിസ് . പ്രതിയായി ആരോപിക്കുന്ന യുവാവിന്റെ ശത്രുക്കൾ ആരെങ്കിലും കെട്ടിച്ചമച്ചതാവാമെന്നാണ് കേസ് അന്വേഷിച്ച പി.ആർ മനോജിന്റെ അന്വേഷണ റിപ്പോർട്ട്.നേരത്തെ തന്നെ വധിക്കാൻ മുംബൈ അധോലോകത്തിന് ചിലർ ക്വട്ടേഷൻ നൽകിയിട്ടുണ്ടെന്ന വിവരം കെഎം ഷാജി തന്നെയാണ് പുറത്തുവിട്ടത്. രാഷ്ട്രീയ വൈരാഗ്യമാണ് തനിക്കെതിരെയുള്ള വധ ഗുഡാലോചനയ്ക്കു കാരണമെന്നാണ് എം.എൽ.എ ആരോപിച്ചിരുന്നത്.
സഹകരണ കോളേജുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും: മന്ത്രി കടകംപള്ളി സുരേന്ദ്രന്
ഇതേ തുടർന്നാണ് സംഭവത്തിൽ പൊലിസ് അന്വേഷണമാരംഭിച്ചത്.കെ.എം ഷാജി രണ്ടാമത് പുറത്തുവിട്ട വിവര പ്രകാരം പാപ്പിനിശേരി സ്വദേശിയും പ്രവാസി മലയാളിയുമായ തേജസ് എന്ന യുവാവിന്റെ ഇമെയിലിൽ നിന്നും ചോർന്ന ശബ്ദ സന്ദേശമാണ് ഷാജിയുടെ പരാതിയുടെ അടിസ്ഥാനമെന്ന് വ്യക്തമായി.ഇതേ തുടർന്നാണ് വളപട്ടണം പൊലിസ് തേജസിനെതിരെ കേസെടുത്തത്.മുംബൈയിലുള്ള യൂനുസ് ഭായിയെന്ന അധോലോക ക്രിമിനൽ ക്വട്ടേഷൻ സംഘ നേതാവുമായി തന്റെ നാട്ടിലെ എം.എൽ.എയെ കൊല്ലുന്നതിന് ആളെ അയച്ചു തരണമെന്ന് തേജസ് ആവശ്യപ്പെടുന്നതും ക്വട്ടേഷൻ തുകയുറപ്പിക്കുന്നതുമാണ് ശബ്ദ സന്ദേശം.
തേജസ് സി.പി.എം പ്രവർത്തകനാണെന്നായിരുന്നു ഷാജിയുടെ ആരോപണം.
എന്നാൽ വളപട്ടണം പൊലിസ് മുംബൈയിലെത്തി അന്വേഷണം നടത്തിയതിന്റെ ഭാഗമായി കേസ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഫോൺ സന്ദേശത്തിൽ പറയുന്ന യൂനുസ് ഭായ് എന്നയാളെ കണ്ടെത്താൻ പൊലിസിന് കഴിഞ്ഞിട്ടില്ല. ഫോൺ സന്ദേശത്തിൽ പറയുന്ന സംഘാംഗങ്ങളെ മുംബൈയിൽ കണ്ടെത്താൻ കഴിഞ്ഞുവെങ്കിലും ഇവർക്ക് സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് പൊലിസ് ഭാഷ്യം.
കേസിലെ പ്രതിയെന്ന് ആരോപിക്കുന്ന പാപ്പിനിശേരി സ്വദേശി തേജസ് കെ.എം. ഷാജിയെ വധിക്കാൻ ഏർപ്പെടുത്തിയെന്ന് എംഎൽഎ തന്നെ പറയുന്ന ക്വട്ടേഷൻ സംഘത്തിന് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നാണ് പൊലിസ് പറയുന്നത് 'മുംബെയിൽ ചെന്ന പൊലിസ് ക്വട്ടേഷൻ സംഘാംഗങ്ങളായ നാലുപേരെ വിശദമായി ചോദ്യം ചെയ്യുകയും ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പാപ്പിനിശേരി സ്വദേശിയും സിപിഎം പ്രവർത്തകനുമായ തേജസിന്റെ കടുത്ത ശത്രുക്കൾ ആരോ ചെയ്തതാണ് കെ.എം. ഷാജിക്ക് എതിരായ വധഭീഷണിയെന്ന നിഗമനത്തിലാണ് പോലീസ് അവസാനമായി എത്തിയിരിക്കുന്നത്.