അയ്യന്‍കുന്നില്‍ മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റെന്ന് പൊലീസ്; തെരച്ചില്‍ ശക്തമാക്കി തണ്ടര്‍ബോള്‍ട്ട്
ഇരിട്ടി: മാവോയിസ്റ്റുകള്‍ക്കായി കണ്ണൂര്‍ അയ്യന്‍കുന്ന് ഉരുപ്പും കുറ്റിയില്‍ ദൗത്യസംഘത്തിന്റെ തെരച്ചില്‍ തുടരുന്നു. വനമേഖലയില്‍ തിങ്കളാഴ്ച്ച രാത്രി രണ്ടു തവണ വെടിവയ്പ്പുണ്ടായെന്നും ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ഡിഐജി പുട്ട വിമലാദിത്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആരും കസ്റ്റഡിയില്‍ ഇല്ലെന്നും ആയുധങ്ങള്‍ കണ്ടെടുത്തെന്നും ഡിഐജി പ്രതികരിച്ചു.
തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റ മാവോയിസ്റ്റുകള്‍ക്ക് അതീവ ഗുരുതരമായി പരുക്കേറ്റതായാണ് സൂചന. ഏറ്റുമുട്ടലിനിടെ വെടിയേറ്റ രണ്ടു പേര്‍ വനാന്തര്‍ഭാഗത്തെക്ക് ഓടി പോയെന്നാണ് സൂചന. കണ്ണൂരിന്റെ മലയോര പ്രദേശങ്ങളില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. പൊലീസും തണ്ടര്‍ബോള്‍ട്ടും കര്‍ണാടക ആന്‍ഡി നക്‌സല്‍ സ്‌ക്വാഡും സംയുക്തമായാണ് കേരള -കര്‍ണാടക വനാതിര്‍ത്തികളില്‍ തെരച്ചില്‍ നടത്തിവരുന്നത്.

ഡ്രോണ്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങളുമായാണ് തെരച്ചില്‍ ശക്തമാക്കിയത്. കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ ഇരിട്ടി അയ്യന്‍ കുന്നില്‍ പൊലീസിനെതിരെ വെടിയുതിര്‍ത്ത എട്ടംഗ മാവോയിസ്റ്റ് സംഘത്തിനെതിരെ യു.എ.പി.എ. ചുമത്തി കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞയാഴ്ച വയനാട്ടില്‍ നടന്ന ഏറ്റുമുട്ടലിനു പിന്നാലെ കണ്ണൂര്‍ ജില്ലയിലെ വനമേഖലയിലേക്ക് താവളം മാറ്റിയ മാവോയിസ്റ്റ് സംഘവും തണ്ടര്‍ബോള്‍ട്ട് സേനയും തമ്മില്‍ വീണ്ടും വെടിവയ്പ് നടന്ന സാഹചര്യത്തില്‍ അയ്യന്‍ കുന്ന് മേഖലയിലെ വനാന്തര മേഖലയില്‍ പ്രത്യേക ജാഗ്രതയാണ് പുലര്‍ത്തുന്നത്. വെടിവയ്പ്പില്‍ പരുക്കേറ്റ മാവോയിസ്റ്റുകള്‍ ആശുപത്രിയില്‍ ചികിത്സ തേടുമ്പോള്‍ പിടികൂടുന്നതിനായി മലയോരങ്ങളില്‍ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ഞെട്ടിത്തോട് ഭാഗത്ത് തിങ്കളാഴ്ച്ച രാവിലെ 9.45 മുതല്‍ 11 മണിവരെയാണ് വെടിവയ്പ് നടന്നത്. സ്ഥലത്ത് രക്തത്തുള്ളികള്‍ കണ്ടെത്തിയതായി ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. വെടിവയ്പ്പ് ഉണ്ടായതോടെ പൊലിസും തിരിച്ചു വെടിവയ്ക്കുകയായിരുന്നു. ഇതോടെ എട്ടംഗ മാവോയിസ്റ്റ് സംഘം ഉള്‍ക്കാട്ടിലേക്ക് ഓടിപ്പോയതായും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂര്‍ ഡി.ഐ.ജി തോംസണ്‍ ജോസഫ്, കണ്ണൂര്‍ റൂറല്‍ എസ്.പി എം.ഹേമലത, ഇരിട്ടി എ.എസ്.പി തബോഷ് ബസുമധാരി എന്നിവരും പുട്ട വിമലാദിത്യയ്ക്കൊപ്പമുണ്ടായിരുന്നു. മാവോയിസ്റ്റ് കബനിദളം നേതാവ് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവച്ചതെന്നും സ്ഥലത്ത് മാവോയിസ്റ്റുകളുടെ രണ്ട് ക്യാമ്പ് ഷെഡുകള്‍ പ്രവര്‍ത്തിച്ചിരുന്നതായും പൊലിസ് പറഞ്ഞു.
തിങ്കളാഴ്ച്ച രാവിലെ പത്തോടെയാണ് പ്രദേശവാസികള്‍ ഞെട്ടിത്തോട് മലയില്‍നിന്ന് വെടിയൊച്ച കേട്ടത്. തുടര്‍ന്ന് മലയടിവാരത്ത് പൊലിസ് സന്നാഹം എത്തി. ഉരുപ്പുംകുറ്റി ഉള്‍പ്പെടെ ഞെട്ടിത്തോട്ടിലേക്ക് പോകുന്ന റോഡുകള്‍ പൊലിസ് നിയന്ത്രണത്തിലായി. ഉച്ചയ്ക്ക് 12.30 വരെ വനമേഖലയില്‍ നിന്ന് ഇടയ്ക്കിടെ വെടിയൊച്ച കേട്ടിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
സംഭവത്തില്‍ യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കരിക്കോട്ടക്കരി സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഉന്നത പൊലിസ് അധികാരികള്‍ ഇരിട്ടിയില്‍ ക്യാമ്പ് ചെയ്യുകയാണ്. ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. കരിക്കോട്ടക്കരി ടൗണിലടക്കം വെടിയൊച്ച കേട്ടതായും വനത്തില്‍ നിന്ന് പുക ഉയരുന്നതു കണ്ടതായും നാട്ടുകാര്‍ പറഞ്ഞു.
25 റൗണ്ട് ഓളം വെടിയൊച്ച കേട്ടെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. വയനാട്ടില്‍ നിന്നു രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി കണ്ണൂര്‍ ജില്ലയിലെ വനമേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലോക്കല്‍ പൊലിസ്, തണ്ടര്‍ബോള്‍ട്ട്, ആന്റി നക്സല്‍ ഫോഴ്സ്, സ്പെഷല്‍ ഓപറേഷന്‍ ഗ്രൂപ്പ് എന്നിവയുടെ സംയുക്തസംഘം തിരച്ചില്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് അയ്യന്‍കുന്നിലും പരിശോധന ശക്തമാക്കിയത്.
പട്രോളിങ്ങിനിടെ മാവോയിസ്റ്റുകള്‍ ആദ്യം വെടിയുതിര്‍ക്കുകയും തുടര്‍ന്ന് സേന തിരിച്ചടിക്കുകയുമായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. പൊലിസിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും ശക്തമായ സാന്നിധ്യം നിലവില്‍ വരുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പെ വാളത്തോടിലെ വീടുകളിലെത്തി മാവോയിസ്റ്റ് സംഘം ഭക്ഷണവും മറ്റും ശേഖരിച്ച് മടങ്ങിയിരുന്നു. കരിക്കോട്ടക്കരി സ്റ്റേഷന്‍ പരിധിയിലെ മൂന്നു വീടുകളിലാണ് ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയത്.
സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ സംഘത്തിലുണ്ടായിരുന്നതായാണ് പ്രദേശവാസികള്‍ നല്‍കിയ വിവരം. വെടിവയ്പ് വിവരമറിഞ്ഞ് കരിക്കോട്ടക്കരിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ ഉരുപ്പുംകുറ്റിയില്‍ പൊലിസ് തടഞ്ഞിരുന്നു. വനമേഖലയിലെ വഴികളൊക്കെ പൊലീസ് അടച്ചിരിക്കുകയാണ്.












Click it and Unblock the Notifications