പോലീസ് വാഹനത്തിൽ പൂജ നടത്തി; മന്ത്രി കടന്നപ്പള്ളിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം
കണ്ണൂർ: വിജയദശമി ദിനത്തില്‍ പോലീസ് വാഹനത്തിലും ഔദ്യോഗിക വാഹനത്തിലും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പൂജ നടത്തിയത് വിവാദമാകുന്നു. സിപിഎം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലാണ് ഇതു സംബന്ധിച്ച വിമർശനങ്ങൾ ഉയർന്നത്. ഇടതുസഹയാത്രികനായ പാർട്ടിയുടെ നേതാവും രണ്ടാം പിണറായി സർക്കാരിലെ മന്ത്രിയുമായ കടന്നപ്പള്ളി മതപരമായ ചടങ്ങുകൾ ഔദ്യോഗിക വാഹനങ്ങളിൽ അടിച്ചേൽപ്പിച്ചുവെന്നായിരുന്നു വിമർശനം.
സിപിഎം പോഷക സംഘടനകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് കടന്നപ്പള്ളി പൂജ നടത്തിയ വീഡിയോ പ്രചരിച്ചത്. ഇതേ തുടർന്ന് നൂറുകണക്കിന് സിപിഎം അനുകൂലികൾ മന്ത്രിയെ വിമർശിച്ചുകൊണ്ടു രംഗത്തുവരികയായിരുന്നു. മതാചാരങ്ങൾ സർക്കാർ വാഹനങ്ങളിലും ഔദ്യോഗിക പദവിയിലും കൂട്ടിക്കലർത്തിയത് ശരിയായില്ലെന്ന വിമർശനമാണ് ഉയർന്നത്.

വിജയദശമി ദിനത്തില്‍ രാവിലെ എട്ടിന് കണ്ണൂർ തോട്ടടയിലെ മന്ത്രിയുടെവീട്ടില്‍ വെച്ചായിരുന്നു പൂജ. ഔദ്യോഗിക വാഹനത്തിനും അകമ്പടി വാഹനമായ പോലീസ് വാഹനത്തിനുമാണ് മന്ത്രി പൂജ നടത്തിയത്. മന്ത്രിയുടെ കുടുംബാംഗങ്ങളും പൂജയിൽ പങ്കെടുത്തു. ഇതിന്റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവിധ കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നത്. ഘടകകക്ഷി മന്ത്രി തൻ്റെ അധികാരം ദുർവിനിയോഗിച്ചുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇടതു സൈബർ കേന്ദ്രങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയർന്നത്.
ഇതേ തുടർന്നാണ് വിശദീകരണവുമായി മന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്. എല്ലാ വര്‍ഷവും വിജയദശമിപൂജ പതിവുള്ളതാണെന്നും മറ്റു വാഹനങ്ങള്‍ പൂജിക്കുന്ന കൂട്ടത്തില്‍ പോലീസിന്റെ അകമ്പടി വാഹനവും പൂജിച്ചത് മാത്രമാണെന്നുമാണ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം. എന്നാൽ മന്ത്രിയെ അനുകുലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ പോര് ശക്തമായിട്ടുണ്ട്.
മന്ത്രിയെ പരോക്ഷമായി വിമർശിച്ചുകൊണ്ടു കോൺഗ്രസ് അനുകുലികളും അനുകൂലിച്ചു കൊണ്ടു ബിജെപി പ്രവർത്തകരും രംഗത്തുവന്നിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ മന്ത്രിയുടെ ഓഫീസ് ഇതുവരെ തയ്യാറായിട്ടില്ല യുഡിഎഫ് സ്വാധീനമണ്ഡലമായ കണ്ണൂരിൽ നിന്നും രണ്ടു വട്ടം ജയിച്ചു എംഎൽഎയാവുകയും മന്ത്രി പദവിയിലിരിക്കുകയും ചെയ്ത ഘടകകക്ഷി നേതാവാണ് രാമചന്ദ്രൻ കടന്നപ്പള്ളി.












Click it and Unblock the Notifications