പി പി ദിവ്യയുടെ രാജിക്ക് സമ്മർദ്ദമേകുന്നു, സിപിഎം രാജി ചോദിച്ച് വാങ്ങിയേക്കും
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കൊടുവിൽ രാജിവെച്ചേക്കുമെന്ന് സൂചന. പ്രതിപക്ഷ സംഘടനകൾ നടത്തുന്ന രാഷ്ട്രീയ സമരങ്ങളുടെ മുനയൊടിക്കാൻ രാജി തന്നെയാണ് ഏക മാർഗമെന്ന നിലപാടിലാണ് സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം. അടിയുറച്ച പാർട്ടി കുടുംബാംഗമായ കെ.നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും രംഗത്തുവന്നിട്ടുണ്ട്. നവീൻ ബാബുവിനെ പരസ്യമായി അവഹേളിക്കുകയും തേജോവധം നടത്തുകയും ചെയ്ത കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജിവയ്ക്കണമെന്നാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആവശ്യം. ഇതു പരിഗണിക്കാതിരിക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിയില്ല. ഇതോടെ വിവാദത്തെ തുടർന്ന് മാറി നിൽക്കുന്ന ദിവ്യയുടെ രാജി പാർട്ടി ചോദിച്ചു വാങ്ങുമെന്നാണ് സൂചന.
കണ്ണൂർ ജില്ലാ നേതൃത്വത്തിനായിരിക്കും ഇതു സംബന്ധിച്ച ചുമതല നൽകുക. സി.പി.എം ലോക്കൽ സമ്മേളനങ്ങൾ നടന്നു വരുന്ന സാഹചര്യത്തിൽ പി.പി. ദിവ്യയുടെ വിഷയം പാർട്ടി അണികൾക്കിടയിൽ ചൂടേറിയ ചർച്ചയായിട്ടുണ്ട്. ദിവ്യയെ കുറിച്ചുള്ള മറ്റു ആരോപണങ്ങളും ഉയർന്നു വരുന്നുണ്ട്. ചെങ്ങളായിയിൽ പെട്രോൾ പമ്പിന് എൻ.ഒ.സി ക്കായി അപേക്ഷിച്ച പരിയാരത്തെ മെഡിക്കൽ കോളേജ് ജീവനക്കാരൻ കെ. വി പ്രശാന്തൻ പി.പി ദിവ്യയുടെ ഭർത്താവിൻെ അടുത്ത സുഹൃത്താണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഇതു സംബന്ധിച്ചുള്ള ആരോപണം തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഉന്നയിച്ചത്.

ഇതിനിടെ നവീൻ ബാബുവിന്റെ സംസ്കാരം ഈ മാസം 17 ലേക്ക് മാറ്റി. പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം നവീൻ ബാബുവിന്റെ മൃതദേഹം ബുധനാഴ്ച്ച രാത്രി 12:30യോടെ ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രത്യേക ആംബുലൻസിൽ ഉച്ചയ്ക്ക് ശേഷമേ മൃതദേഹം നാട്ടിലെത്തിക്കാനാവൂ. അതിനാൽ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ച് 17 ന് പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കാനാണ് തീരുമാനം. കാസർഗോഡ്, കണ്ണൂർ കളക്ടർമാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ്, ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി തുടങ്ങിയവർ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു.












Click it and Unblock the Notifications