കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പി പി ദിവ്യ എല്‍ഡിഎഫിനായി മത്സരിക്കും
കണ്ണൂർ: സി.പി.എം ശക്തികേന്ദ്രമായ കണ്ണൂരിന്റെ ഭരണസാരഥ്യം വഹിക്കാൻ മറ്റൊരു വനിത കൂടി. മുൻ മന്ത്രി പി.കെ ശ്രീമതി, പ്രൊഫ.കെ. സരള, പി.കെ ജയലക്ഷ്മി തുടങ്ങിയവരുടെ പാത പിൻതുടർന്നു കൊണ്ടാണ് പി.പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷയാകുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പി പി ദിവ്യയെ മത്സരിപ്പിക്കാൻ സിപി എം ജില്ലാ കമ്മിറ്റിതീരുമാനിച്ചത് ഏകകണ്ഠമായാണ്. ഇ വിജയനാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി. 23 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ തെരഞ്ഞെടുപ്പ് വെറും ഔപചാരികത മാത്രമാകും.
കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ വൈസ് പ്രസിഡന്റായി ഭരണരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച പി പി ദിവ്യ (36) സിപി എം ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു വരികയാണ്. ഇരിണാവ് സ്വദേശിയാണ്. കല്യാശേരി ഡിവിഷനിൽനിന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കണ്ണൂർ സർവകലാശാല യൂണിയൻ വൈസ് ചെയർമാനും സംസ്ഥാന വനിതാ ഫുട്‌ബോൾ ടീം അംഗവുമായിരുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ജീവനക്കാരനായ വി പി അജിത്താണ് ഭർത്താവ്. മകൾ: തേജസ്വിനി.
പന്ന്യന്നൂർ ഡിവിഷനിൽ യുഡിഎഫ്–വെൽഫെയർ പാർട്ടി സഖ്യം സ്ഥാനാർത്ഥി ഫൈസൽ മാടായിയെ തോൽപ്പിച്ച് ശ്രദ്ധേയനായ ഇ വിജയൻ (71) സിപി എം പാനൂർ ഏരിയാ കമ്മിറ്റിയംഗവും സിഐടിയു ഏരിയാ സെക്രട്ടറിയുമാണ്. പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ്, പന്ന്യന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ചോതാവൂർ ഈസ്റ്റ് എൽപി സ്‌കൂൾ പ്രധാനാധ്യാപകനായിരുന്നു.
താഴെ ചമ്പാട് സ്വദേശിയാണ്. പാനൂർ ഹൈസ്‌കൂൾ റിട്ട. അധ്യാപിക സൗമിനിയാണ് ഭാര്യ. മക്കൾ: മിനീഷ, ജയീഷ.
ഇതേ സമയം കണ്ണൂര്‍ സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 21ന് നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു. ജനുവരി നാലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാനി തീയതി. ജനുവരി അഞ്ചിന് സൂക്ഷ്മ പരിശോധന. ജനുവരി ഏഴ് പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി. ജനുവരി 21 രാവിലെ ഏഴ് മണി മുതല്‍ ആറ് മണി വരെയാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 22ന്. നടക്കും.അഡ്വ. ബിനോയ് കുര്യനാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി.












Click it and Unblock the Notifications