കണ്ണൂര്‍ കോര്‍പറേഷന്‍ ബഡ്ജറ്റില്‍ സമഗ്രവികസനത്തിന് മുന്‍ഗണന
കണ്ണൂര്‍: പുതുവര്‍ഷത്തില്‍ നിരവധി വികസനപദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടു 2024-25വര്‍ഷത്തെ ബഡ്ജറ്റ് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ.പി ഇന്ദിര അവതരിപ്പിച്ചു. 337,59,43,286 രൂപയുടെ പ്രതീക്ഷിത വരവും ഉള്‍പ്പെടെ ആകെ 400,05,65,555 രൂപ വരവും 331,80,87,893 രൂപ ചെലവും 68,24,77,662 രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
വരുന്ന സാമ്പത്തിക വര്‍ഷം ദാരിദ്ര്യ ലഘൂകരണ പദ്ധതികള്‍ക്ക് ഉയര്‍ന്ന പരിഗണനയാണ് നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്. അതിദരിദ്ര്യര്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം, മരുന്ന് വിതരണം എന്നിവ കൂടാതെ അവരെ അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുന്നതിനും സുസ്ഥിര വരുമാനം ലക്ഷ്യമിട്ടുകൊണ്ട് തൊഴില്‍ സംരംഭം ആരംഭിക്കുന്നതിനുള്ള ധനസഹായവും ഉള്‍പ്പെടെ നല്‍കുന്നതിനായി 1.18 കോടി രൂപ നീക്കിവെച്ചു.
ഈ വര്‍ഷം അംഗപരിമിതിയുള്ള കുട്ടികളുമായി വിനോദയാത്ര നടത്തുന്നതിനും, ശ്രീനാരായണ പാര്‍ക്കില്‍ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുവാനും ഉദ്ദേശിക്കുന്നു വിദ്യാര്‍ത്ഥികളായ അംഗപരിമിതര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള മറ്റ പദ്ധതികള്‍ല്ലൊം കൂടി 1.75 കോടി രൂപ നീക്കിവെച്ചു. വയോജനങ്ങള്‍ക്കായി ഡെകെയര്‍ സെന്റര്‍ ആരംഭിക്കും.
വയോജനങ്ങള്‍ക്ക് കൂട്ടായ്മ വഴി മാനസീകോല്ലാസവും ആരോഗ്യം ഉറപ്പ് വരുത്തുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. നീര്‍ച്ചാല്‍, ഉദയംകുന്ന് എന്നിവിടങ്ങളില്‍ വയോജന വിശ്രമകേന്ദ്രങ്ങള്‍ ആരംഭിക്കും. കൂടാതെ വയോജനങ്ങള്‍ക്ക് വാക്കര്‍, വീല്‍ചെയര്‍, കട്ടില്‍ തുടങ്ങിയവ വിതരണവും ചെയ്യുവാന്‍ ഉദ്ദേശിക്കുന്നു. വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 1.4 കോടി രൂപ നീക്കിവെക്കുന്നു.

വയോജനങ്ങളുടെ മാനസികാരോഗ്യത്തെ പ്രധാനമായും ലക്ഷ്യം വെച്ചുകൊണ്ട് കോര്‍പറേഷന്‍ വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ഹാപ്പിനെസ് ലാബ്. വലിയ രീതിയില്‍ ഒറ്റപ്പെടലും മാനസിക ശാരീരിക പ്രശ്‌നങ്ങളിലും അകപ്പെട്ട് പോകുന്ന വയോജനങ്ങളുടെ ജീവിത പരിസരത്തെ ഉയര്‍ത്തുവാനും കൂടുതല്‍ മികച്ച ജീവിത പരിസരം നല്‍കുവാനും വേണ്ടിയാണ് ഹാപ്പിനെസ് ലാബ് എന്ന പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പദ്ധതിയിലൂടെ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനും പരിഹാരം നിര്‍ദ്ദേശിക്കുവാനും കഴിയുന്ന ഹാപ്പിനെസ് കൗണ്‍സലിംഗ് സെന്ററുകള്‍, ഹാപ്പി എല്‍ഡേഴ്‌സ് പാര്‍ക്കുകള്‍, വയോജനങ്ങളെ ഒരുമിച്ച് ചേര്‍ത്ത് ഹാപ്പി എല്‍ഡേഴ്‌സ് ടൂറുകള്‍, പ്രൊഫഷണല്‍ ജോലികളില്‍ നിന്ന് വിരമിച്ചവര്‍ക്ക് സാമൂഹിക വികസന പ്രക്രിയയില്‍ സന്നദ്ധ സേവനം നടത്തുന്നതിനായി ഹാപ്പി എല്‍ഡേഴ്‌സ് റിസോഴ്‌സ് പൂളുകള്‍ എന്നീ പദ്ധതികളാണ് ഹാപ്പിനെസ് ലാബിലൂടെ നടപ്പിലാക്കുന്നത്.
പ്രസ്തുത പദ്ധതിയിലൂടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഹാപ്പി എല്‍ഡേഴ്‌സ് സിറ്റിയായി മാറും. ഈ പദ്ധതിയുടെ ആദ്യഘട്ടത്തിനായി 25 ലക്ഷം രൂപ നീക്കിവെച്ചു. ബഡ്ജറ്റില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി 66 ലക്ഷം രൂപ നീക്കിവെച്ചു. വിവിധ ചാരിറ്റി സംഘടനകളുമായി സഹകരിച്ച് ചേലോറ പാര്‍ക്കില്‍ കിടപ്പ് രോഗികളുടെ സംഗമം നടത്തും,.
വനിതാ ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് ടൂറിസ്റ്റ് ടാക്‌സി സര്‍വ്വീസ് ആരംഭിക്കുന്നതിനും ഓട്ടോ സര്‍വ്വീസ് ആരംഭിക്കുന്നതിനും പ്രത്യേക സഹായം നല്‍കുവാന്‍ ഉദ്ദേശിക്കുന്നു. അതോടൊപ്പം വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനവും നല്‍കുവാന്‍ ഉദ്ദേശിക്കുന്നു. കൂടാതെ വനിതകളുടെ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കും ജന്‍ഡര്‍ ഡെസ്‌ക്, സ്ത്രീപദവി പഠനം എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി 2.89 കോടി രൂപ നീക്കിവെച്ചു.
കുടുംബശ്രീ സംരംഭകര്‍ക്ക് വഴികാട്ടുന്നതിനും ആവശ്യമായ പരിശീലനം നല്‍കുന്നതിനും കോര്‍പറേഷനില്‍ സ്‌കില്‍ ഡെസ്‌ക് സ്ഥാപിക്കും.കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് സ്ഥിരമായ വിപണികണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ വിപുലമായ രീതിയില്‍ മാസച്ചന്തകള്‍ സംഘടിപ്പിക്കും. പഴയ ബസ്സ്റ്റാന്റ് പരിസരത്താണ് മാസച്ചന്ത സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത്.
ലോകവനിതാ ദിനമായ മാര്‍ച്ച് എട്ടിന് കോര്‍പറേഷനിലെ വനിതാസംരംഭകരെ മാത്രം സംഘടിപ്പിച്ച് വിപുലമായ വിപണനമേളയും കൂടാതെ അവര്‍ക്കായി കലാ കായിക മത്സരങ്ങളും സംഘടിപ്പിക്കും. വനിതോല്‍സവമെന്ന പേരില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടിക്കായി ഒരു ലക്ഷം രൂപ നീക്കിവെച്ചു. ആരോഗ്യസ്ഥാപനങ്ങള്‍ക്കായി രണ്ട് കോടി രൂപയും ഉപകരണങ്ങളും സാധന സാമഗ്രികളും വാങ്ങുന്നതിനായി ഒരു കോടി രൂപയും മരുന്ന് വാങ്ങുന്നതിനായി 1.5 കോടി രൂപയും ഉള്‍പ്പെടെ 4.5 കോടി രൂപ ആകെ വകയിരുത്തി.
റോഡപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കോര്‍പ്പറേഷന്‍ റെസ്‌ക്യൂ ഡാറ്റാബാങ്ക് എന്ന പദ്ധതി അവതരിപ്പിക്കുന്നത്. അത്യാഹിത ഘട്ടത്തിലും ദുരന്തവേളയിലും അടിയന്തിര സഹായം ലഭ്യമാക്കാനായി ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, മുങ്ങല്‍ വിദഗ്ധര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, സ്‌നേക്ക്/ആനിമല്‍ റെസ്‌ക്യു ഗ്രൂപ്പിലെ അംഗങ്ങള്‍, ബോട്ട് ഉടമകള്‍ എന്നിവരുടെയും അത്യാവശ്യ രക്ഷാ ഉപകരണങ്ങള്‍ ഉള്ളവരുടെയും വിവരങ്ങളടങ്ങിയ ഡാറ്റാബാങ്ക് ഉണ്ടാക്കുകയും അത് പ്രത്യേക ആപ്പ് വഴി കൗണ്‍സിലര്‍മാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഈ പദ്ധതിക്കായി രണ്ടു ലക്ഷം രൂപ നീക്കിവെച്ചു.
വിദ്യാഭ്യാസ മേഖലയില്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി സവിശേഷമായ പദ്ധതികള്‍ ഈ വര്‍ഷം നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നു. 7ാം തരത്തില്‍ നിന്നും ഹൈസ്‌ക്കൂളിലേക്ക് വരുന്ന പല കുട്ടികള്‍ക്കും ഇംഗ്‌ളീഷില്‍ എഴുതാനും വായിക്കാനും സാധിക്കുന്നില്ലെന്നത് വലിയ കുറവ് തന്നെയാണ്. ഈ കുറവ് പരിഹരിക്കുന്നതിനായി 7ാം ക്ലാസ് പാസ്സായി വരുന്ന പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്‌ളീഷ് പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിന് പ്രത്യേക പരിശീലനം നല്‍കുവാന്‍ ഉദ്ദേശിക്കുന്നു. അതോടൊപ്പം തന്നെ പത്ത്, പ്‌ളസ്ടൂ പരിക്ഷകള്‍ അഭിമുഖീകരിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് ഊര്‍ജ്ജിത പരിശീലനവും പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ലഘുഭക്ഷണവും നല്‍കുന്നതിനും പദ്ധതിയുണ്ട്.
കൂടാതെ കുട്ടികള്‍ക്ക് സിവില്‍ സര്‍വ്വീസ് പോലുള്ള ഉന്നത മത്സര പരീക്ഷകളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നഗരസഭാ തലത്തില്‍ പൊതു വിജ്ഞാന പരീക്ഷകള്‍ അടങ്ങിയ ശില്‍പശാലകള്‍ സംഘടിപ്പിക്കും. എല്‍പി/യുപി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ഗോത്സവം നടത്തുന്നതിന് 5 ലക്ഷം രൂപയും, വായനാശീലം വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള വായനാ കോര്‍ണറുകള്‍ക്ക് 5 ലക്ഷം രൂപയും, ശാസ്ത്രാവബോധം വളര്‍ത്തുന്നതിന് സിംപിള്‍ എക്‌സ്‌പെരിമെന്റ്വര്‍ക്ക്‌ഷോപ്പിന് 5 ലക്ഷം രൂപയും, നീന്തല്‍/കരാട്ടെ പരിശീലനത്തിനായി 10 ലക്ഷം രൂപയും, ഫുട്‌ബോള്‍ പരിശീലനത്തിന് 2 ലക്ഷം രൂപയും, സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമടക്കം ആകെ 2 കോടി രൂപ നീക്കിവെക്കുന്നു.
സ്‌കൂളുകള്‍ ലഹരി മുക്തമാക്കുന്നതിനായും കുട്ടികളില്‍ പൗരബോധം സൃഷ്ടിക്കുന്നതിനും 'പഠനം തന്നെ ലഹരി' എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. അങ്കണവാടികളിലെ ശിശു പോഷണ പൂരക പദ്ധതിക്ക് മാത്രമായി 1.75 കോടി രൂപ വകയിരുത്തുന്നു. കൂടാതെ അങ്കണവാടികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, ശിശുസൗഹൃദമാക്കുന്നതിനും, കളിക്കോപ്പുകള്‍ വാങ്ങുന്നതിനും, സ്മാര്‍ട്ട് ടിവി, വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങുന്നതിനും മറ്റുമായി 1 കോടി രൂപ വേറെയും വകയിരുത്തുന്നു.
പട്ടികജാതി വിഭാഗത്തില്‍പെട്ടവരുടെ ഉന്നമനം ലക്ഷ്യമാക്കി 3.7 കോടി രൂപയാണ് ബഡ്ജറ്റില്‍ നീക്കിവെച്ചു.വീടുകള്‍ വാസയോഗ്യമാക്കല്‍, വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറിയില്‍ ഉപയോഗിക്കാന്‍ മേശ, കസേര നല്‍കല്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍, യുവജനങ്ങള്‍ക്ക് ടൂറിസ്റ്റ് ടാക്‌സി തുടങ്ങിയ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും. പട്ടികജാതി വിഭാഗത്തില്‍ തെയ്യം കലാകാരന്‍മാര്‍ നിരവധിയുണ്ട്. തെയ്യംകലാകാരന്‍മാര്‍ക്ക് അണിയലം, വാദ്യോപകരണങ്ങള്‍ എന്നിവ നല്‍കുന്ന പദ്ധതിയും നടപ്പിലാക്കും.
പട്ടികവര്‍ഗത്തില്‍പെട്ടവരുടെ ജനസംഖ്യ കോര്‍പറേഷന്‍ പരിധിയില്‍ കുറവാണെങ്കിലും അവരുടെ ക്ഷേമത്തിനായി 36 ലക്ഷം രൂപ നീക്കിവെച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറി, വയോജനങ്ങള്‍ക്ക് കട്ടില്‍, വാട്ടര്‍ടാങ്ക് വിതരണം, ക്രഷെ കളിലെ ശിശുക്കള്‍ക്ക് പോഷകാഹാരം, ജീവിതശൈലീ രോഗ ബാധിതര്‍ക്ക് മരുന്ന് വിതരണം എന്നിവയാണ് പ്രധാന പദ്ധതികള്‍.
മത്‌സ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്‌കൂട്ടര്‍, ഐസ് ബോക്‌സ് എന്നിവ നല്‍കും. കൂടാതെ ഈ മേഖലയിലെ മറ്റൊരു പ്രധാന പദ്ധതിയാണ് മുറ്റത്തൊരു മീന്‍തോട്ടം. കൂടാതെ മത്സ്യതൊഴിലാളികളുടെ കുട്ടികള്‍ക്ക് ഫര്‍ണ്ണിച്ചര്‍, പഠനോപകരണങ്ങള്‍, കുടിവെള്ള സംഭരണത്തിനായി വാട്ടര്‍ ടാങ്ക് എന്നിവ ലഭ്യമാക്കുന്നതാണ്. ഈ പദ്ധതികള്‍ക്കായി 1 കോടി രൂപ നീക്കിവെച്ചു. കോര്‍പറേഷന്‍ പരിധിയില്‍ തരിശായി കിടക്കുന്ന പ്രദേശങ്ങള്‍ കൃഷിക്ക് ഉപയോക്തമാക്കും. കൂടാതെ തെങ്ങ് കൃഷി വികസനം, പൂകൃഷി, പച്ചക്കറി കൃഷി തുടങ്ങിയ കാര്‍ഷിക മേഖലയിലെ പദ്ധതികള്‍ക്കായി 2.2 കോടി രൂപ വകയിരുത്തുന്നു.
കോര്‍പറേഷനിലെ 55 വാര്‍ഡുകളിലെയും ശുചിത്വ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായും കേന്ദ്രീകൃത പദ്ധതികള്‍ക്കുമായും 10 കോടി രൂപ നീക്കിവെച്ചു.കോര്‍പറേഷന്‍ പരിധിയിലെ മുഴുവന്‍ വീടുകളിലും ഉറവിട മാലിന്യ സംസ്‌ക്കരണം നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം. അതിനായി മുഴുവന്‍ വീടുകളിലും റിംഗ് കമ്പോസ്റ്റ് അടക്കമുള്ള മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ ഒരുക്കുവാനാണ് ഉദ്ദേശിക്കുന്നത്. അതോടൊപ്പം മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ തള്ളുന്നവരെ കണ്ടുപിടിക്കാനായി സ്ഥാപിച്ച ക്യാമറകളുടെ എണ്ണം ഇരട്ടിയാക്കും. ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തും. കൂടാതെ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ വാഹനങ്ങള്‍ വാങ്ങുകയും ചെയ്യും.
സാനിട്ടേഷന്‍ വര്‍ക്കര്‍മാരെ ബോധവല്‍ക്കരിക്കുന്നതിന് പഠനക്ലാസുകളും മെഡിക്കല്‍ ക്യാമ്പും നടത്തും. കൂടാതെ അവരുടെ കലാ-കായിക വാസനകളെ പ്രോത്സാഹിപ്പിക്കാന്‍ കലാ കായിക മത്സരങ്ങള്‍ ഉള്‍പ്പെട്ട 'ഹെല്‍ത്ത് ഫെസ്റ്റ്' നടത്തുന്നതാണ്. ഇതിനായി രണ്ടു ലക്ഷം രൂപ നീക്കിവെച്ചു.. മഞ്ചപ്പാലത്തെ മലിനജല പ്‌ളാന്റിന്റെ രണ്ടാത്തെ ഘട്ടമായി 40 മുതല്‍ 44 വരെ ഡിവിഷനുകള്‍ക്കായി മൈതാനപ്പള്ളിയില്‍ അമൃത് 2.0ല്‍ ഉള്‍പ്പെടുത്തി സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും സ്വീവേജ് നെറ്റ് വര്‍ക്ക് ലൈനുകളും സ്ഥാപിക്കുന്നതിനായി 124 കോടി രൂപ വകയിരുത്തി. കോര്‍പറേഷന്‍ പരിധിയിലെ ഭൂരഹിത ഭവന രഹിതരായവര്‍ക്ക് ഭൂമി വാങ്ങുന്നതിനും വീട് വെക്കുന്നതിനുമായി പിഎംഎവൈ-ലൈഫ് പദ്ധതികള്‍ക്കുമായി 9.75 കോടി രൂപ നീക്കിവെക്കുന്നു.ഈ വര്‍ഷം പുതിയ റോഡുകളുടെ നിര്‍മ്മാണത്തിനും നിലവിലുള്ള റോഡുകളുടെ റീതാറിംഗ്, അറ്റകുറ്റപ്പണി, ഡ്രെയിന്‍ നിര്‍മ്മാണം, മറ്റ് അനുബന്ധ ജോലികള്‍ എന്നിവയ്ക്കായി 30 കോടി രൂപ നീക്കിവെക്കുന്നു.
'നല്ല മനുഷ്യന്‍ എല്ലാ ജീവജാലങ്ങളുടെയും സുഹൃത്താണ്' എന്ന ഗാന്ധി വചനം സ്മരിച്ചുകൊണ്ട് കക്കാട് പുഴയോരത്ത് പക്ഷി സങ്കേതം സ്ഥാപിക്കും. ദേശീയ പ്രധാന്യമുള്ള മുണ്ടേരി പക്ഷി സങ്കേതത്തിന്റെസമീപത്തായി സ്ഥിതി ചെയ്യുന്ന കക്കാട് പുഴയോരം ദേശാടന പക്ഷികളും മറ്റ് അപൂര്‍വ്വ ഇനം പക്ഷികളും ചേക്കേറുന്ന സ്ഥലമാണ്. നിരവധി പക്ഷി നിരീക്ഷകരുടെ ശ്രദ്ധാകേന്ദ്രമായി മാറിയ കക്കാട് പുഴയെ പക്ഷി സങ്കേതമാക്കി മാറ്റുന്നതിന് 5 ലക്ഷം രൂപ വകയിരുത്തുന്നു. കുറഞ്ഞ ചെലവില്‍ കോര്‍പറേഷനിലെയും പരിസരപ്രദേശങ്ങളിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക്ക് മിനി ബസ് സര്‍വ്വീസ് ആരംഭിക്കും. . ഇതിനായി ഇതിനായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
പയ്യാമ്പലം ബീച്ചില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി സഹകരിച്ച് എല്ലാ മാസവും ഇത്തരം വിവിധ കടല്‍വിഭവ മേളകള്‍ സംഘടിപ്പിക്കും.ടൂറിസത്തിന് ഗുണം ചെയ്യുന്നതോടൊപ്പം സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതുമാകും. ഇതിനായി 2 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
കണ്ണൂര്‍ അറിയപ്പെടുന്നത് തറികളുടെയും തിറകളുടെയും നാടെന്നാണ്. കണ്ണൂരിനെ യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടംനേടുന്നതിനായി സിറ്റി ഓഫ് ഫോക് ആര്‍ട്‌സ് എന്ന ആശയം മുന്‍ നിര്‍ത്തി വിപുലമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരികയാണ്. കണ്ണൂരിന്റെ പൈതൃകം സഞ്ചാരികളെ പരിചയപ്പെടുത്തുവാനും അതോടൊപ്പം പ്രദേശിക ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്തുവാനും 'ഫോക്ക് എക്‌സപോ' സ്ഥിരം സംവിധാനമാക്കയ നടത്തുവാന്‍ ഉദ്ദേശിക്കുന്നു. ഒരേ സമയം ടൂറിസം വികസനത്തിനും പ്രദേശിക സംരംഭകരെ സഹായിക്കുവാനും ഇത് പ്രയോജനപ്പെടും. ഇതിനായി 5 ലക്ഷം രൂപ വകയിരുത്തുന്നു.
വാരംകടവ് പുഴയോരം പരിസ്ഥിതിക്കിണങ്ങുന്ന രീതിയില്‍ വികസിപ്പിച്ചെടുക്കുവാന്‍ ഉദ്ദേശിക്കുന്നു. നഗരത്തിന്റെ തിരക്കുകളില്‍ നിന്നു മാറി സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ ഒരു ഉചിതമായ സ്ഥലമാണിത്. ഇവിടം ഒരു ഇക്കോപാര്‍ക്കായി വികസിപ്പിച്ചെടുക്കുന്നതിന് വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതാണ്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 5 ലക്ഷം രൂപ നീക്കി വെച്ചു.
കണ്ണൂര്‍ കോര്‍പറേഷന്‍ രൂപീകരണം നടന്ന് 8 വര്‍ഷം കഴിഞ്ഞെങ്കിലും കോര്‍പറേഷനിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളില്‍ ഉചിതമായ സ്വാഗത കമാനങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടില്ല. പ്രശസ്തരായ കലാകാരന്‍മാരെകൊണ്ട് ഡിസൈന്‍ തയ്യാറാക്കി സ്വാഗത കമാനങ്ങള്‍ സ്ഥാപിക്കും. ഇതിനായി സ്വകാര്യ സംരംഭകരുടെ സഹായവും തേടുന്നതാണ്. ഈ പദ്ധതിക്കായി 20 ലക്ഷം രൂപ നീക്കിവെച്ചു. തെക്കീബസാറിലും ഗാന്ധി സര്‍ക്കിളിനു സമീപവും ആധുനിക ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ - പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം ബഡ്ജറ്റില്‍ വകയിരുത്തി.
തെക്കീബസാറിലെ ഫിഷ് മാര്‍ക്കറ്റ് കോംപ്ലക്‌സും ഗാന്ധിസര്‍ക്കിളിനു സമീപത്തെ എസ്ബിഐ സ്ഥിതി ചെയ്യുന്ന ഷോപ്പിംഗ് കോംപ്ലക്‌സും പൊളിച്ചു മാറ്റി ആധുനിക സൗകര്യങ്ങളോടെ ബഹുനില വ്യാപാര സമുച്ചയം പണിയുന്നതിന് ഉദ്ദേശിക്കുന്നു. ആയതിനുള്ള വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിനായും മറ്റ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും 50 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ചേലോറയില്‍ ഫുഡ്‌കോര്‍ട്ടും പെട്രോള്‍പമ്പും ഉള്‍പ്പെടെയുള്ള ഹാല്‍ട്ടിംഗ് പോയിന്റ് - പ്രാരംഭചെലവുകള്‍ക്ക് 8 ലക്ഷംവകയിരുത്തി.
കണ്ണൂര്‍ എയര്‍പോര്‍ട്ട് വന്നതോടുകൂടി കണ്ണൂര്‍-മട്ടന്നൂര്‍ റോഡില്‍ ഗതാഗതം അനുദിനം വര്‍ദ്ധിച്ചു വരികയാണ്. ചേലോറ പാര്‍ക്ക് വന്നതോടൂകൂടി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കാര്‍ വിശ്രമത്തിനായി ഇവിടെ എത്തുന്നുണ്ട്. ഈ സാഹചര്യം ഉപയോഗപ്പെടുത്തുവാന്‍ ഫൂഡ്‌കോര്‍ട്ടും പെട്രോള്‍ പമ്പും ടോയ്‌ലറ്റ് കോംപ്ലക്‌സും ഉള്‍പ്പെടെയുള്ള നവീന രീതിയിലുള്ള ഹാള്‍ട്ടിംഗ് പോയിന്റ് ഇവിടെ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നു. പൊതുമേഖലയിലെ ഓയില്‍ കമ്പനികളുമായി സഹകരിച്ചാവും പെട്രോള്‍പമ്പ് സ്ഥാപിക്കുക. ഫീസിബിലിറ്റി പഠനത്തിനും പ്രാരംഭ ചെലവുകള്‍ക്കുമായി എട്ടു ലക്ഷം രൂപ വകയിരുത്തി.
കോര്‍പറേഷന്‍ ആസ്ഥാന മന്ദിരത്തിന്റെ പവൃത്തി ദ്രുതതഗതിയില്‍ നടന്നു വരുന്നുണ്ട്. ചില പ്രശ്‌നങ്ങള്‍ മൂലം ഇടയ്ക്ക് പ്രവൃത്തികള്‍ നിര്‍ത്തിവെക്കുകയുണ്ടായി. മേയറുടെ കൃത്യമായ ഇടപെടല്‍കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ച് നിര്‍മ്മാണം ഇപ്പോള്‍ പൂര്‍ണ്ണതോതില്‍ നടന്നു വരുന്നുണ്ട്. ഈ വര്‍ഷം കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് കരുതുന്നു. കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായാല്‍ അടിയന്തിരമായി ഇലക്ട്രിക്കല്‍-ഇന്റീരിയര്‍ ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ത്ത് പുതിയ ആസ്ഥാന മന്ദിരത്തിലേക്ക് ഓഫീസ് പ്രവര്‍ത്തനം മാറ്റണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിനായി 10 കോടി വകയിരുത്തി.
നിലവില്‍ തയ്യിലില്‍ പ്രവര്‍ത്തിക്കുന്ന ഡി ഡിവിഷന്‍ ഹെല്‍ത്ത് ഓഫീസിനായി മരക്കാര്‍കണ്ടിയില്‍ പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുവാനും ഉദ്ദേശിക്കുന്നു. ഇതിനായി 10 ലക്ഷം രൂപ നീക്കിവെച്ചു.ആധുനിക കാലത്തിനനുസൃതമായി ആകര്‍ഷകമായ രീതിയില്‍ ബസ്‌ബേകളും ഷെല്‍ട്ടറുകളും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കുവാന്‍ എം.പി, എംഎല്‍എ ഫണ്ടുകളും പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടുകളും കൂടി ഉപയോഗിച്ചും പദ്ധതി ആവിഷ്‌കരിച്ചു. ദ്ധതിയുടെ നിര്‍വ്വഹണം. ഇതിനായി ബജറ്റില്‍ 50 ലക്ഷം രൂപ നീക്കി വയ്ക്കുന്നതായി ഡെപ്യൂട്ടി മേയര്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ അറിയിച്ചു.












Click it and Unblock the Notifications