തലശേരിയിൽ യാത്രയ്ക്കിടെ കുഴഞ്ഞു വീണ യാത്രക്കാരിക്ക് തുണയായി സ്വകാര്യ ബസ് ജീവനക്കാർ; കൈയ്യടി
തലശേരി: സമയോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിയുടെ ജീവന് രക്ഷകരായി മാറിയബസ് ജീവനക്കാർക്ക് സോഷ്യൽ മീഡിയയുടെ നിറഞ്ഞ കൈയ്യടി. സമൂഹത്തിലെ വിവിധ തുറകളിലെയാളുകളാണ് സോഷ്യൽ മീഡിയയിൽ ജീവനക്കാർക്ക് അഭിനന്ദനവുമായി എത്തിയത്.
വാഹനത്തിൽ കയറുന്ന യാത്രക്കാരോട് പൊതുവെ മോശമായി പെരുമാറുന്നുവെന്ന പരാതി സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതിനെ തിരുത്തി കുറിക്കുകയാണ് കണ്ണൂരിലെ മനുഷ്യസ്നേഹികളായ സ്വകാര്യ ബസ് ജീവനക്കാർ ചെയ്‌തത്. യാത്രയ്ക്കിടെ അവശതയും ക്ഷീണവും അനുഭവപ്പെട്ടു കുഴഞ്ഞു വീണ യാത്രക്കാരിക്കാണ് ഇവർ രക്ഷകരായി മാറിയത്.
വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. തലശേരിയിൽ ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരി ക്കാണ് ബസ് ജീവനക്കാർ തുണയായി മാറിയത്.തലശേരി-പാനൂർ-വിളക്കോട്ടൂർ റൂട്ടിൽ സർവീസ് നടത്തുന്ന ആയില്യം ബസ്സിൽ യാത്ര ചെയ്യവേയാണ് യുവതിക്ക് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടത്. സീറ്റിൽ കുഴഞ്ഞു വീണ യാത്രക്കാരിയെ താങ്ങിയെടുത്ത്. ഉടൻ ബസ് ജീവനക്കാർ ബസ് ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ച് യുവതിക്ക് അടിയന്തിരചികിത്സ ലഭ്യമാക്കുകയായിരുന്നു.

തലശേരിയിൽ നിന്നും ബസ് പുറപ്പെട്ട് കീഴന്തിമുക്കിലെത്തിയപ്പോഴാണ് സംഭവം. കണ്ടക്ടർ ടിക്കറ്റ് ചോദിക്കാനെത്തിയപ്പോൾ ബസിനു മുൻവശത്തെ പെട്ടി സീറ്റിലിരുന്ന യുവതി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് ബസ് ഓടിച്ചു കയറ്റി. ജീവനക്കാർ തന്നെ യാത്രക്കാരിയെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പാലക്കൂൽ സ്വദേശിനിയായ യുവതിക്കൊപ്പം രണ്ടുമക്കൾ കൂടി ഉണ്ടായിരുന്നു.
യുവതിയുടെ സഹോദരനെ വിളിച്ച് വരുത്തിയാണ് ബസ് യാത്ര തുടർന്നത്. ഡ്രൈവർ നിജിൽ മനോഹർ, കണ്ടക്ടർ ടിഎം ഷിനോജ്, ക്ലീനർ യദു കൃഷ്‌ണ എന്നിവരുടെ സമയോചിത പ്രവൃത്തിയെ യാത്രക്കാരും, നാട്ടുകാരും അഭിനന്ദിച്ചു. ട്രിപ്പ് മുടക്കിയാണ് ബസ് ജീവനക്കാർ ആശുപത്രിയിലേക്ക് തിരിച്ചു വിട്ടത്. ഇതിനോട് യാത്രക്കാർ പൂർണമായും സഹകരിക്കുകയും ചെയ്‌തു.
ബസ് ജീവനക്കാർ കാണിച്ച മനുഷ്യ സ്നേഹം നിറഞ്ഞ പ്രവൃത്തി ഇപ്പോൾ സോഷ്യൽ മീഡിയയിലും കൈയ്യടി നേടിയിരിക്കുകയാണ്. അസുഖ ബാധിതയായ യുവതി തക്കസമയത്ത് ചികിത്സ കിട്ടിയതിനാൽ സുഖം പ്രാപിച്ചു വരികയാണെന്ന് തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. ഇവർക്ക് ചികിത്സ ഉറപ്പാക്കുകയും ബന്ധുക്കളെ വിളിച്ചു വരുത്തുകയും ചെയ്‌തതിനു ശേഷമാണ് സ്വകാര്യ ബസ് തലശേരിയിലേക്ക് സർവീസ് പുനരാരംഭിച്ചത്.












Click it and Unblock the Notifications