സവാദ് ഒളിവില്‍ കഴിഞ്ഞത് ഷാജഹാനെന്ന പേരില്‍; പുറത്ത് നിന്ന് സഹായം കിട്ടിയോയെന്ന് അന്വേഷിക്കും
കണ്ണൂര്‍: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈവെട്ട് കേസിലെ ഒന്നാം പ്രതിയായ സവാദ് മട്ടന്നൂരില്‍ കള്ളപ്പേരില്‍ ഒളിവില്‍ കഴിഞ്ഞത് എട്ട് മാസത്തോളം പരിയാരം ബേരത്താണെന്നാണ് വിവരം. കാസര്‍കോട് സ്വദേശി ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കൊപ്പമാണ് കഴിഞ്ഞു വന്നിരുന്നത്. ഇയാള്‍ നാട്ടുകാരോട് ഷാജഹാനെന്നാണ് പേര് പറഞ്ഞിരുന്നത്.
കേസിന്റെ വിവിധഘട്ടത്തില്‍ മറ്റു പ്രതികള്‍ പിടിക്കപ്പെട്ടപ്പോഴും ഒന്നാംപ്രതി ഒളിവിലായിരുന്നു. ആഴ്ചകളായി എന്‍ഐഎ സംഘം മട്ടന്നൂരിലും പരിസരത്തും രഹസ്യാന്വേഷണം നടത്തി വരികയായിരുന്നു. 2010 മാര്‍ച്ച് 23 നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ രണ്ട്, മൂന്ന്, അഞ്ച് പ്രതികളായ സജില്‍, നാസര്‍, നജീബ് എന്നിവര്‍ക്ക് കൊച്ചി എന്‍ഐഎ കോടതി ജീവപര്യന്തം തടവുശിക്ഷയും വിധിച്ചിരുന്നു

ഒമ്പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീന്‍കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവര്‍ക്ക് മൂന്നുവര്‍ഷം തടവും വിധിച്ചിരുന്നു. മറ്റുപ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റുചെയ്ത് വെവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചായിരുന്നു എന്‍ഐഎ വിചാരണ പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍ ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് ശക്തി കേന്ദ്രങ്ങളിലൊന്നാണ് മട്ടന്നൂര്‍.
അതുകൊണ്ടു തന്നെ ഇയാള്‍ക്ക് ബാഹ്യസഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും അന്വേഷിച്ചു വരുന്നുണ്ട്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍, കണ്ണൂര്‍ ജില്ലാ കലക്ടര്‍ എന്നിവരുടെ അറിവോടെയാണ് ദേശീയ അന്വേഷണ ഏജന്‍സി മട്ടന്നൂരിലെത്തിയതെന്നാണ് സുചന.












Click it and Unblock the Notifications