പുരോഗമന നിലപാടുകള്‍ പലര്‍ക്കും പുറത്ത് മാത്രം, വീടിനുള്ളില്‍ ഇല്ല; വൃന്ദ കാരാട്ട്
കണ്ണൂര്‍: വീടിന് പുറത്ത് പുരോഗമന നിലപാടുകള്‍ സ്വീകരിക്കുന്ന പലരും കുടുംബത്തില്‍ അത്തരം നിലപാടുകള്‍ സ്വീകരിക്കുന്നില്ലെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന വനിതാ അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വൃന്ദ കാരാട്ട്. പുരുഷ മേധാവിത്വമുള്ള സമൂഹത്തില്‍ സ്ത്രീകള്‍ പലതരത്തിലുള്ള വിവേചനങ്ങളും അവഗണനയും നേരിടുന്നുണ്ടെന്നും ഇത് തിരുത്താന്‍ ശക്തമായ ഇടപെടല്‍ ആവശ്യമാണെന്നും വൃന്ദാ കാരാട്ട് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരും ദളിതരുമായ സ്ത്രീകള്‍ ഏറെ ദുരിതങ്ങള്‍ അനുഭവിക്കുന്നുണ്ട്. കൊവിഡ് അടച്ചുപൂട്ടല്‍ക്കാലത്ത് സ്ത്രീകളാണ് ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചതെന്നും വൃന്ദാ കാരാട്ട് ചൂണ്ടിക്കാട്ടി. ജീവിതത്തില്‍ ബുദ്ധിമുട്ടേറുമ്പോള്‍ നമുക്ക് ധൈര്യം പകരാന്‍ കൂട്ട് വേണ്ടി വരുമെന്നും ആ കൂട്ടായി സി പി ഐ എമ്മിനെ കാണണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ സി പി ഐ എമ്മിനോടൊപ്പം നില്‍ക്കണമെന്നും ചരിത്രത്തില്‍ ഉടനീളം സ്ത്രീകളുടെ അന്തസും പദവിയും ഉയര്‍ത്തി കൊണ്ടുവരാന്‍ ശ്രമിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണെന്നും വൃന്ദ കാരാട്ട് വ്യക്തമാക്കി. എന്‍ സുകന്യയാണ് വൃന്ദ കാരാട്ടിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രിയും എം എല്‍ എയുമായ കെ കെ ശൈലജ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി എസ് സുജാത, പി കെ ശ്യാമള, സ്വാഗതസംഘം ചെയര്‍മാന്‍ കെ പി സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ടി വി രാജേഷ്, എം വി സരള, കെ പി വി പ്രീത എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയില്‍ കുടുംബശ്രീ നേതൃത്വത്തിലുള്ള സ്ത്രീ ശക്തി കലാജാഥ അവതരിപ്പിച്ചു. 'റെഡ് ഫ്‌ളവേഴ്സ്' എന്ന വിപ്ലവഗാനങ്ങളുടെ സി ഡി കെ കെ ശൈലജ സി എസ് സുജാതയ്ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.












Click it and Unblock the Notifications