ആലപ്പടമ്പില്‍ മത്സ്യസംസ്‌കരണ യൂനിറ്റിനെതിരെയുള്ള സമരം ശക്തമാകുന്നു
പയ്യന്നൂര്‍: കാങ്കോലിലെ മത്സ്യസംസ്‌കരണ കേന്ദ്രത്തിനു മുന്‍പിലെ പ്രതീകാത്മക സമരപന്തലിനു തീയിട്ടതിനു പിന്നില്‍ സമരസമിതി പ്രവര്‍ത്തകര്‍ തന്നെയാണെന്ന ആരോപണവുമായി സിപിഎം പ്രാദേശിക നേതൃത്വം. സമരം പരാജയപ്പെടുമെന്ന് ഉറപ്പായപ്പോള്‍ സമരസമിതി അംഗങ്ങള്‍ തന്നെ പന്തല്‍ കത്തിക്കുകയായിരുന്നു. അതു കൊണ്ടാണ് സംഭവം നടന്നയുടന്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതതെന്ന് സിപിഎം ആരോപിച്ചു.
വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും സിപിഎം പെരിങ്ങോം ഏരിയാകമ്മിറ്റി വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.കാങ്കോലില്‍ ജനകീയ സമരസമിതിയുടെ സമരപ്പന്തല്‍ കത്തിച്ച സംഭവം വന്‍വിവാദമായതിനെ തുടര്‍ന്നാണ് സിപിഎം രംഗത്തുവന്നത്. ചൊവ്വാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് അജ്ഞാത സംഘം സമരപ്പന്തല്‍ പൊളിച്ച് മാറ്റി തീയിട്ടത്.

കാങ്കോല്‍- ആലപ്പടമ്പ് പഞ്ചായത്തിലെ മത്സ്യസംസ്‌കരണ യൂണിറ്റിനെതിരെ ജനകീയ സമരം നടക്കുന്നതിനിടെയാണ് ഇത്തരമൊരു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാങ്കോല്‍ കരിയാപ്പില്‍ പ്രവര്‍ത്തിക്കുന്ന സാഗര്‍ പേള്‍ സീ ഫുഡ് മത്സ്യസംസ്‌കരണ കേന്ദ്രത്തിനു മുന്നിലെ സമരപന്തലാണ് തീയിട്ടത്. പന്തല്‍ പൊളിച്ച് മറ്റൊരു സ്ഥലത്ത് കൂട്ടിയിട്ട ശേഷം തീവെക്കുകയായിരുന്നു. പ്രതീകാത്മക സമരപ്പന്തല്‍ പൊളിച്ച് കത്തിച്ചതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
പ്രദേശത്ത് മത്സ്യസംസ്‌കരണ യൂണിറ്റ് വരുന്നതിനെതിരെ നാളുകളായി ജനകീയ സമരം നടക്കുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ സ്ഥിരമായി ആളുകള്‍ പന്തലില്‍ ഇരിക്കാറില്ല. സമരസമിതി നേതാവ് ജോബി പീറ്ററിനെ സിപിഎം ആലപ്പടമ്പ് ലോക്കല്‍ സെക്രട്ടറി പി.വിജയന്‍ ഫോണിലടെ ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു.
പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനനെതിരെയുളള വാര്‍ത്ത സോഷ്യല്‍ മിഡിയയില്‍ ഷെയര്‍ ചെയ്തതതിനെതിരെയായിരുന്നു ഭീഷണി. ഇതിന് പിന്നാലെയാണ് സമരപ്പന്തല്‍ അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചത്.
സാഗര്‍ പേള്‍ സീഫുഡെന്ന മത്സ്യസംസകരണ യൂനിറ്റിനെതിരെ പ്രദേശവാസികളില്‍ പ്രതിഷേധം ശക്തമായതിനാല്‍ സിപിഎം സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഗൃഹസന്ദര്‍ശനപരിപാടിയില്‍ പങ്കെടുക്കുന്നതിനായി പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്‍ കാങ്കോല്‍ ആലപ്പടമ്പ് ഭാഗങ്ങളിലെത്തിയില്ലെന്ന പ്രാദേശിക ചാനല്‍ വാര്‍ത്ത ജോബി പീറ്റര്‍ തന്റെ പ്രദേശത്തെ വാട്്സ് ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയെ പ്രകോപിപ്പിച്ചത്. ഇദ്ദേഹം ജോബിപീറ്റര്‍ക്കെതിരെ ഫോണിലൂടെ ഭീഷണിമുഴക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു.












Click it and Unblock the Notifications