പൗരത്വ ഭേദഗതി നിയമം: തളിപ്പറമ്പിൽ ബഹുജന റാലി നടത്തും
കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തളിപ്പറമ്പ് പൗരാവലി ബഹുജന റാലി നടത്തും. തളിപ്പറമ്പ് പൗര വേദി എന്ന പേരില്‍ രൂപീകരിച്ച സര്‍വ്വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തില്‍ 31-ന് ബഹുജന റാലിയും പ്രതിഷേധ പൊതുസമ്മേളനവും സംഘടിപ്പിക്കും. മുസ്ലിം ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇടത്-വലത് മുന്നണിയിലെ എല്ലാ കക്ഷികളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭം നടത്തുന്നത്.
31-ന് വൈകുന്നേരം 3 മണി മുതല്‍ തളിപ്പറമ്പ് പൗരവേദിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘവും വിദ്യാര്‍ത്ഥികളും ഉള്‍ക്കൊള്ളുന്ന ബഹുജന റാലി സംഘടിപ്പിക്കും. തുടര്‍ന്ന് വൈകുന്നേരം അഞ്ചിന് ടൗണ്‍ സ്‌ക്വയറില്‍ പ്രതിഷേധ പൊതുസമ്മേളനം നടക്കും. റാലി സയ്യിദ് നഗറില്‍ നിന്ന് തുടങ്ങി മന്ന, കപ്പാലം, മെയിന്‍ റോഡ്, ചിറവക്ക് വഴി കാക്കാത്തോട് ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. കാക്കാത്തോട് ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സര്‍വ്വമത പ്രതിനിധികളും സംബന്ധിക്കും.

ഇത് സംബന്ധിച്ച സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ തളിപ്പറമ്പ് പ്രസ് ഫോറം കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് കൊടിയില്‍ സലീം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പികെ സുബൈര്‍ വിശദീകരണം നടത്തി. കോണ്‍ഗ്രസ് നേതാവ് കല്ലിങ്കീല്‍ പത്മനാഭന്‍, സിപിഐ നേതാവ് എആര്‍സി നായര്‍, കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജ് വടകര, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് പിഎന്‍ മധുസൂദനന്‍, കേരളാ കോണ്‍ഗ്രസ് എം നേതാവ് ടി എസ് ജയിംസ്, വ്യാപാരി നേതാക്കളായ കെ എസ് റിയാസ്, എം അബ്ദു, മാധ്യമ പ്രവര്‍ത്തകന്‍ എം കെ മനോഹരന്‍, സി അഷ്റഫ്, കെ സി അബ്ദുല്‍ ഷുക്കൂര്‍ ഫൈസി, പി കെ ഹാഷിം, സുലൈമാന്‍ കേളോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.












Click it and Unblock the Notifications