നിഖിലിനെ കുടുക്കിയത് ഭാര്യയുമായുള്ള വാട്സാപ്പ് സന്ദേശം: വീടിന് ബോംബെറിഞ്ഞതില്‍ പങ്കില്ലെന്ന് സിപിഎം
കണ്ണൂർ: സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ വധിച്ച കേസിലെ മുഖ്യപ്രതി നിഖില്‍ദാസിനെ പിടികൂടിയത് പിണറായിയിലെ മുഖ്യമന്ത്രിയുടെ വീടിന് സമീപത്തെ വീട്ടില്‍ വെച്ച്. പിണറായി പാണ്ട്യാലമുക്കിലെ രയരോത്ത് പൊയിൽ മയിൽപ്പീലി എന്ന വീട്ടില്‍ കഴിയുകയായിരുന്ന നിഖില്‍ ദാസിനെ പൊലീസ് ഒളിവില്‍ താമസിപ്പിച്ച വീട്ടുടമ രേഷ്മയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാത്രി സമയത്ത് ഭാര്യയുമായി നടത്തിയ വാട്സാപ്പ് സന്ദേശമായിരുന്നു പൊലീസിനെ നിഖില്‍ ദാസിലേക്ക് എത്തിച്ചത്. ഭാര്യയുടെ ഫോണ്‍പരിശോധിച്ച പൊലീസ് നിഖില്‍ദാസ് ഒളിവില്‍ കഴിയുന്ന സ്ഥലം തിരിച്ചറിയുകയായിരുന്നു.
മുഖ്യമന്ത്രിയുടെ വീടിന് ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് ഹരിദാസ് വധക്കേസിലെ മുഖ്യപ്രതിയായ നിഖില്‍ദാസ് ഒളിവില്‍ താമസിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നിഖിൽദാസിനെ പിടികൂടിയ പൊലീസ് പിന്നീട് വീട്ടുടമയായ പി എം രേഷ്മയേയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ നിഖിൽദാസിനെ കോടതി റിമാൻഡ് ചെയ്തു. രേഷ്മയെ രാത്രി തന്നെ മജിസ്ട്രേട്ടിനു മുന്നിലെത്തിച്ച് റിമാൻഡ് ചെയ്യിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

ഇതിനിടെയാണ് രേഷ്മയുടെ വീടിന് നേർക്ക് ബോംബേറുണ്ടാവുണ്ട്. മുഖ്യമന്ത്രിയുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശം എന്നതിനാല്‍ അതീവ സുരക്ഷ മേഖലയിലെ ബോംബേറ് പൊലീസിനും നാണക്കേടായി. വീട്ടിലെത്തി ജനൽച്ചില്ലുകൾ മുഴുവൻ അടിച്ചു തകർത്തശേഷമായിരുന്നു ബോംബേറ്. രണ്ടു ബോംബുകൾ എറിഞ്ഞതായാണ് പൊലീസ് പറയുന്നത്. ബോംബേറിൽ ചുമരിനും ടൈൽസിനും കേടുപാടു സംഭവിച്ചു. പരിശോധനയിൽ സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു
അതേസമയം, വീടിനു നേരെ ബോംബേറുണ്ടായതിൽ സിപിഎമ്മിന് ബന്ധമില്ലെന്നും പാർട്ടി ബ്രാഞ്ച് സെക്രട്ടറി കക്കോത്ത് രാജൻ വ്യക്തമാക്കി. പാർട്ടി നിർദേശം നൽകിയിട്ടില്ല. സ്വാഭാവികമായ വൈകാരിക പ്രകടനം ഉണ്ടായോ എന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രേഷ്മയുടെ ഭർത്താവ് പ്രശാന്ത് സി പി എം അനുഭാവിയാണ്. ഇദ്ദേഹ വിദേശത്താണ്. രേഷ്മ വഴിയാണു വീട്ടിൽ താമസിക്കാൻ നിഖിലിന് അവസരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു.
Recommended Video
ഫെബ്രുവരി ആറിനായിരുന്നു സിപിഎം പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ ഹരിദാസനെ ആർ എസ് എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ 14-ാം പ്രതിയാണു നിഖിൽ.പ്രതിപ്പട്ടികയിലുള്ള 2 പേർ കൂടി പിടിയിലാവാനുണ്ട്.












Click it and Unblock the Notifications