കണ്ണൂരില്‍ 14 പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു: ആശങ്ക
കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും യാത്രക്കാരെ കടിച്ചു പരുക്കേൽപ്പിച്ച തെരുവ് നായക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. റെയിൽവെ സ്റ്റേഷൻ ക്വാർട്ടേഴ്സിന് സമീപം ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റുമോർട്ടം ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ നിന്നും നടത്തിയപ്പോഴാണ് തെരുവ് നായക്ക് പേവിഷബാധയുണ്ടെന്ന് വ്യക്തമായത്. ബുധനാഴ്ച്ച ഉച്ച മുതലാണ് തെരുവ് നായയുടെ അക്രമം ഉണ്ടായത്. ആദ്യം റെയിൽവെ സ്റ്റേഷൻ പ്ളാറ്റോഫോമില്‍ നിന്നും രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്ന് യാത്രക്കാരെ കടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു.

തുടർന്ന് വൈകിട്ട് നാലു മണിയോടെ പേപ്പട്ടി പരക്കെ യാത്രക്കാരെ ഓടി കടിച്ചു പരുക്കേൽപ്പിച്ചു. ടിക്കറ്റെടുക്കാൻ ക്യൂവിൽ നിന്ന യാത്രക്കാർക്കും കടിയേറ്റു. യാത്രക്കാരിൽ മിക്കവർക്കും കൈകാലുകൾക്കാണ് കടിയേറ്റത്. പലരുടെയും കാലുകളില മാംസം നായ കടിച്ചെടുത്തു. ഒടുവിൽ റെയിൽവെ പൊലിസും പോർട്ടർമാരും പൊലിസും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് വടിയും കല്ലും ഉപയോഗിച്ചു നായയെ തല്ലിക്കൊല്ലുകയായിരുന്നു. കടിയേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പെടുത്തിരുന്നു. ഇതിൽ ഏഴു പേർക്കാണ് സാരമായി പരുക്കേറ്റത്. കടിച്ചത് പേപ്പട്ടിയാണെന്ന് അറിഞ്ഞതോടെ പരിക്കേറ്റവർ ആശങ്കയിലായി.
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ അലഞ്ഞുതിരിയുന്ന നൂറോളം തെരുവ് നായ്ക്കളുണ്ടെന്നാണ് റെയിൽവെ പൊലിസ് പറയുന്നത്. പ്രവേശനകവാടം, പ്ളാറ്റ്ഫോം, കിഴക്കെ കവാടം, റിസർവേഷൻ കൗണ്ടറുകൾ എന്നിവടങ്ങളിൽ നായ്ക്കൾ കൂട്ടത്തോടെ വിഹരിക്കുകയാണ് പ്ളാറ്റ്ഫോമിൽ നിന്ന് മുൻപും നിരവധി പേർക്ക് കടിയേറ്റിരുന്നു. കണ്ണൂർ റെയിൽവെസ്റ്റേഷൻ മാനേജരും ആരോഗ്യ വിഭാഗവും കോർപറേഷന് മൂന്നുതവണ പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.
സ്റ്റേഷനിലെ മാലിന്യം തള്ളുന്നതാണ് തെരുവ് നായ ശല്യം കൂടാൻ കാരണമെന്നാണ് കോർപറേഷൻ അധികൃതരുടെ വിശദീകരണം. കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം പല തവണ ഈ വിഷയം ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ വർഷം തെരുവ് നായയുടെ കടിയേറ്റ പശുവിന് പേയിളകി യിരുന്നു. ഇതിനെ ദയാവധത്തിന് ഇരയാക്കുകയാണ് ചെയ്തത്. അടിയന്തിരമായി തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.












Click it and Unblock the Notifications