കണ്ണൂർ ഡിസിസി ഓഫീസ് ഉദ്ഘാടനം സെപ്തംബർ രണ്ടിന് രാഹുൽ ഗാന്ധി നിർവഹിക്കും
കണ്ണൂർ: കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സപ്തംബർ രണ്ടിന് നടക്കും. എഐസിസി മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി എം പിയെ കൊണ്ട് ഓൺലൈനായി ഉദ്ഘാടനം ചെയ്യിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് സതീശൻ പാച്ചേനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാവിലെ പതിനൊന്നു മണിക്കാണ് ഉദ്ഘാടനം നടക്കുക. രാഹുൽ ഗാന്ധിക്ക് ഓഫീസ് ഉദ്ഘാടനത്തിന് നേരിട്ട് പങ്കെടുക്കാൻ ആഗ്രഹമുണ്ടെങ്കിലും നിലവിലുള്ള കോവിഡ് സാഹചര്യത്തിലെ പ്രതിസന്ധികണക്കിലെടുത്താണ് നേതാക്കളും പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുന്ന രൂപത്തിൽ വലിയതോതിലുള്ള ആഘോഷങ്ങളില്ലാതെ ഉദ്ഘാടനം നടത്തുന്നത്.
പുതിയ കെട്ടിടത്തിൽ വച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എം പി, എ ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. മുതിർന്ന നേതാക്കളായ ഏ കെ ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ മുരളീധരൻ എം പി, വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസ്സൻ, എം കെ രാഘവൻ എം പി, രാജ് മോഹൻ ഉണ്ണിത്താൻ എം പി തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.

ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരുടെ ആഗ്രഹപൂർത്തീകരണമാണ് പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നത്. ജില്ലയിലെ വിവിധ തലങ്ങളിലുള്ള കോൺഗ്രസ് ഭാരവാഹികളുടെയും പ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് അധുനിക സൗകര്യമുള്ള മനോഹരമായ കെട്ടിടം യാഥാർത്ഥ്യമായത്. സതീശൻ പാച്ചേനി ഡിസിസി പ്രസിഡന്റായി ചുമതല ഏറ്റെടുത്തതിന് ശേഷം ഓഫീസ് നിർമ്മാണ പ്രവർത്തനങ്ങൾ പാർട്ടി നേരിട്ടാണ് നടത്തിയിട്ടുള്ളത്.
അന്തരിച്ച മുൻ ഡിസിസി പ്രസിഡണ്ട് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ കെട്ടിടത്തിന്റെ അടിത്തറയും താഴത്തെ നിലയുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെ സ്ട്രക്ച്ചറും പൂർത്തീകരിച്ചിരുന്നു.6500 സ്ക്വയർ ഫീറ്റിൽ മൂന്നു നിലകളിലാണ് ഇപ്പോൾ പൂർണമായും നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ചിട്ടുള്ളത്. കെട്ടിടത്തിൽ വിശാലമായ പാർക്കിംങ്ങ് സൗകര്യം പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിൽ ആധുനിക സജ്ജീകരണത്തോടുകൂടിയുള്ള കോൺഫറൻസ് ഹാളും അഖിലേന്ത്യാ പാർട്ടി നേതൃത്വത്തിന് ഉൾപ്പെടെ പത്രസമ്മേളനത്തിന് സൗകര്യപ്രദമായ ആധുനിക സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.
എല്ലാ പോഷക സംഘടനകളുടെയും ഓഫീസുകൾ പ്രവർത്തിക്കാൻ സൗകര്യപ്രദമായ റൂമുകളും, നവമാധ്യമ ഇടപെടലുകൾക്കും മറ്റ് ഐ.ടി സംബന്ധമായ ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന പ്രത്യേക സൗകര്യങ്ങളോടുകൂടിയ റൂം സൗകര്യവും പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ക്യാമ്പ് സൗകര്യം ഒരുക്കുന്നതിനു വേണ്ടി പ്രത്യേകം സജ്ജീകരിച്ച ഓഫീസ് റും ഉൾപ്പെടെ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്റെ ഓഫീസ് റൂമുകളും താഴത്തെ നിലയിൽ തന്നെയാണ് പ്രവർത്തിക്കുക.റിസപ്ഷൻ കൗണ്ടറും അടുക്കളയും ഗ്രൗണ്ട് ഫ്ലോറിൽ ഒരുക്കിയിട്ടുണ്ട്.ഒന്നാം നിലയിൽ 1000 പേർക്ക് ഇരിക്കാൻ കഴിയുന്ന വിശാലമായ ഓഡിറ്റോറിയവും 500 സ്ക്വയർ ഫീറ്റ് ചുറ്റളവിൽ ആധുനിക ലൈബ്രറി സൗകര്യവും ഒരുക്കിയിട്ടുണ്ട്.അതിഥികൾക്ക് താമസിക്കാനുള്ള റൂമുകളും ഡോർമെറ്ററി സൗകര്യത്തിനുള്ള റൂമുകളും ഒന്നാം നിലയിൽ സജ്ജീകരിച്ചിട്ടുണ്ട്.ഓഫീസിന്റെ മുൻവശം ഗാന്ധി പ്രതിമയും സ്ഥാപിക്കുന്നുണ്ട്.
ഓഫീസ് ഉദ്ഘാടനത്തിന് രാഹുൽഗാന്ധിക്ക് നേരിട്ട് പങ്കെടുക്കാനുള്ള സമ്മതം മുൻകൂട്ടി ലഭ്യമായതിനാൽ കോവിഡ് കാലഘട്ടത്തിലെ സൗകര്യപ്രദമായ സമയം ലഭിക്കാൻ താമസിച്ചതാണ് ഉദ്ഘാടനത്തിന് കാലതാമസം നേരിട്ടത്.കേരളത്തിൽ തന്നെ എറ്റവും മനോഹരവും ആധുനിക സൗകര്യങ്ങൾ ഉള്ളതുമായ ഓഫിസ് കൂട്ടായ്മയിലൂടെ പണി കഴിപ്പിക്കാൻ സാധിച്ചു എന്നുള്ളത് വലിയ സന്തോഷമാണ് ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ എനിക്കുള്ളത്. ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്ന മുഴുവൻ ബാധ്യതകളും തീർത്തിട്ടുണ്ട്.
ഓഫീസ് നിർമ്മാണം പൂർത്തീകരിക്കുന്നതിന് വേണ്ടി വന്നിട്ടുള്ള നിലവിലുള്ള സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ധനസമാഹരണം നടന്നു കൊണ്ടിരിക്കുകയാണ്. ഡിസിസിയുടെ കെട്ടിട നിർമ്മാണത്തിന് വേണ്ടിയുള്ള മറ്റ് കടങ്ങൾ സംബന്ധിച്ച ബാധ്യതകളും തരണം ചെയ്യുന്നതിന് സാധിച്ചിട്ടുണ്ട്. നിലവിലുള്ള ഡിസിസി അധ്യക്ഷൻ സ്ഥാനമൊഴിയുന്നതിന് മുൻപേ ഓഫീസ് ഉദ്ഘാടനത്തിന് ഒരുക്കണമെന്ന പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും ആഗ്രഹ പൂർത്തീകരണം കൂടിയാണ് ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും നേതാക്കളായ കെ സി മുഹമ്മദ് ഫൈസൽ , പി മാധവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.












Click it and Unblock the Notifications