കണ്ണൂര്‍ കോര്‍പറേഷനിലെ ഹോട്ടലുകളില്‍ മിന്നല്‍ റെയ്ഡ്: പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
കണ്ണൂര്‍: ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ച സാഹചര്യത്തില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ആരോഗ്യവകുപ്പ് മിന്നല്‍പരിശോധന നടത്തി. 41ഭക്ഷ്യശാലകളിലും ബേക്കറികളിലുമാണ് ഇന്ന് രാവിലെ മുതല്‍ പരിശോധന നടത്തിയത്. ഇതില്‍ ഏഴുസ്ഥാപനങ്ങളില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത ചിക്കന്‍ ഫ്രൈഡ് റൈസ് ഉള്‍പ്പെടെ പിടിച്ചെടുത്തു. ഒരു ഹോട്ടല്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിച്ചു.
ഹെല്‍ത്ത് സൂപ്രവൈസര്‍ പി.പി ഷൈജുവിന്റെ നേതൃത്വത്തില്‍ അഞ്ച്‌സ്‌ക്വാഡുകളിലായാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ രണ്ടാംദിനത്തിലും റെയ്ഡു നടത്തിയത്. പൊടിക്കുണ്ടിലെ ഫാറൂസ് റസ്‌റ്റോറന്റാണ് അടച്ചുപൂട്ടിച്ചത്. ഏതാനും ബേക്കറികളില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ പിടികൂടിയിട്ടുണ്ട്.

ഫ്രിഡ്ജില്‍ സൂക്ഷിച്ച പഴകിയ മാംസം, ഫ്രൈഡ് റൈസ്, വേവിച്ചതും അല്ലാത്തതുമായ ചിക്കന്‍, ബീഫ്, പഴകിയ എണ്ണ, പൂപ്പല്‍ബാധിച്ച പച്ചക്കറികള്‍, പേസ്റ്റ് രൂപത്തിലാക്കിയ ഇഞ്ചി, പനീര്‍ തുടങ്ങിയവയാണ് പിടികൂടിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രേമരാജന്‍, സുധീര്‍ബാബു, പത്മരാജന്‍, രാജീവന്‍, ഷൈന്‍ പി.ജോസഫ്് ജോഷ്വാ ജോസഫ്, എ. എച്ച്. ഐമാരായ സൗമ്യ, ജൂലിമോള്‍, സജില, അഫ്‌സില, രാധിക, റെനി, സ്മിത, അനില്‍, ഹംസ എന്നിവരടങ്ങിയ സംഘമാണ് വിവിധ ഡിവിഷനുകളില്‍ റെയ്ഡിന് നേതൃത്വം നല്‍കിയത്. വരും ദിനങ്ങളില്‍ സംയുക്ത പരിശോധന ശക്തമാക്കുമെന്ന് കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.












Click it and Unblock the Notifications