മഴയും കാറ്റും കനത്തു; തിങ്കളാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കണ്ണൂർ കളക്ടർ
തിരുവനന്തപുരം: മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും കളക്ടർ അറിയിച്ചു.
അതേസമയം കാലവർഷക്കാറ്റ് ശക്തി പ്രാപിക്കുകയാണെന്നും കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ വിവിധ ജില്ലകളിൽ അതിതീവ്രമായ മഴ ലഭിച്ചേക്കും.

വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിനും, ജാർഖണ്ഡിനും ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴിയും ഉണ്ട്.. അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്. ഇതാണ് മഴ കനക്കാൻ കാരണമെന്നും വകുപ്പ് വ്യക്തമാക്കി.
തിങ്കളാഴ്ച മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 16 ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 17 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.
തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്.
16 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലും 17 ന്
ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും 18 ന്
എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.












Click it and Unblock the Notifications