ഉരുള്‍പൊട്ടലില്‍ കണ്ണൂര്‍ ജില്ലയില്‍ തകര്‍ന്നത് രണ്ടായിരത്തിലേറെ വീടുകള്‍; 22 കോടിയുടെ കൃഷിനാശം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിലും മഴക്കെടുതിയിലും 100 വീടുകള്‍ പൂര്‍ണമായും 2286 വീടുകള്‍ ഭാഗികമായും തകര്‍ന്നു. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചതാണിത്. ദുരിതം രൂക്ഷമായുണ്ടായ ഇരിട്ടി താലൂക്കില്‍ 70ലേറെ വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.
വ്യാപകമായ കൃഷിനാശമാണ് ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്. ചിലയിടങ്ങളില്‍ കൃഷിഭൂമി പൂര്‍ണമായും ഒഴുകിപ്പോയി. 650ലേറെ ഹെക്ടറിലാണ് കൃഷിനാശമുണ്ടായത്. വിളനാശത്തിനു പുറമെ പലയിടത്തും കൃഷി ഭൂമിതന്നെ ഒലിച്ചുപോയിട്ടുണ്ട്. ജില്ലയില്‍ ഈ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം കാരണം 22 കോടിയുടെ നഷ്ടമുണ്ടായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മറിയം ജേക്കബ്് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മാത്രം രണ്ടു കോടിയുടെ കൃഷിയും കൃഷി ഭൂമിയുമാണ് നശിച്ചത്. നാശനഷ്ടം കണക്കാക്കുന്ന പ്രവൃത്തി നടന്നുവരികയാണ്. കര്‍ഷകരെ നേരില്‍ കണ്ട് അപേക്ഷ സ്വീകരിച്ച് നാശനഷ്ടം കണക്കാക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മലയോര മേഖലയില്‍ മാത്രം 550 കിലോമീറ്ററോളം റോഡുകള്‍ തകര്‍ന്നതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ജിഷാകുമാരി അറിയിച്ചു.
കെ.എസ്.ഇ.ബിക്കും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായ സ്ഥലങ്ങളില്‍ വൈദ്യുതി തൂണുകളും ട്രാന്‍സ്‌ഫോമറുകളും പൂര്‍ണമായും നശിച്ചു. പലയിടങ്ങളിലും ഇവ വെള്ളത്തോടൊപ്പം ഒലിച്ചുപോയി. ശക്തമായ കുത്തൊഴുക്കില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പാലങ്ങളും ഭാഗികമായോ പൂര്‍ണമായോ ഒഴുകിപ്പോയി.
ഇതുവരെ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന മഴക്കെടുതി കഴിഞ്ഞ ദിവസത്തോടെ പയ്യന്നൂര്‍, തലശ്ശേരി താലൂക്കുകളിലേക്കും വ്യാപിച്ചു. ഇവിടങ്ങളിലും വെള്ളം കയറി നിരവധി കൃഷിഭൂമികള്‍ നശിച്ചു. വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഈ വര്‍ഷത്തെ മഴക്കെടുതിയെ തുടര്‍ന്ന് ഇതിനകം 24 പേരാണ് ജില്ലയില്‍ മരണപ്പെട്ടത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications