'കണ്ണൂര്‍ വിമാനത്താവളം നഷ്ടത്തിലാക്കി അദാനിക്ക് സംഭാവന ചെയ്യാനുള്ള ഗൂഢാലോചന': രമേശ് ചെന്നിത്തല
മട്ടന്നൂര്‍ :കണ്ണൂര്‍ വിമാനത്താവളം നഷ്ടത്തിലാക്കി അദാനിക്ക് സംഭാവന ചെയ്യാനുള്ള ഗൂഡാലോചന നടക്കുന്നതായി സംശയമുണ്ടെന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിമാനത്താവളത്തെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള ബോധപൂര്‍വമായ നീക്കമാണ് സര്‍ക്കാരുകളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്.കിയാലില്‍ സി ആന്‍ഡ് എ ജി യുടെ ഓഡിറ്റ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂര്‍ വിമാനത്താവളത്തോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി മട്ടന്നൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ കേരളത്തിലെ രണ്ട് വിമാനത്താവളം അദാനിക്ക് കൊടുത്തു. അദാനി വിമാനത്താവളം ഏറ്റെടുത്തിട്ട് എന്ത് മാറ്റമാണ് ഇണ്ടായത്. നാളെ കണ്ണൂര്‍ വിമാനതാവളവും നഷ്ടത്തിലാണെന്ന് പറഞ്ഞ് അദാനിമാര്‍ക്ക് സംഭാവന ചെയ്യാനുള്ള ഗൂഡാലോചനയാണ് നടക്കുന്നത് .'
'അല്ലെങ്കില്‍ വിദേശ കമ്പനികളുടെ വിമാനങ്ങള്‍ വരാനുള്ള സൗകര്യങ്ങള്‍ എന്ത് കൊണ്ട് ഒരുക്കുന്നില്ലെന്ന് ചെന്നിത്തല ചോദിച്ചു. എറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിമാനത്താവളമാണ് ഇത്. കടുത്ത അനീതിയാണ് നടത്തുന്നത്. ആവശ്യമായ ഭൗതിക സാഹചര്യം ഇവിടെ ഉണ്ട്.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ നടപടികള്‍ ചെയ്യാത്തതാണ് ഇവിടെത്തെ പ്രശ്‌നം. വിമാനത്താവളത്തിനെതിരെയുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാരാണ് ഒന്നാമത്തെ പ്രതി.'
'രണ്ടാമത്തെത് സംസ്ഥാന സര്‍ക്കാരുമാണെന്ന് ചെന്നിത്തല ആരോപിച്ചു.വിമാനത്താവളം യാഥാര്‍ഥ്യമാക്കാന്‍ എല്ലാം ചെയ്തത് യുഡിഎഫ് ആണ്. കേരളത്തിന്റെ വികസനത്തിലെ നാഴികക്കല്ലാണ് ഈ വിമാനത്താവളം. റണ്‍വെ 4000 മീറ്റര്‍ ആക്കണമെന്ന് പറഞ്ഞു സമരം നടത്തിയ ആളാണ് ഇ പി ജയരാജന്‍. ഒരിഞ്ച് നീളം കൂട്ടാന്‍ 7 വര്‍ഷം ഉണ്ടായിട്ട് ആയോ എന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണം .'
'ഉമ്മന്‍ചാണ്ടി തുടങ്ങിയതില്‍ നിന്ന് ഒരിഞ്ച് മാറ്റം വരുത്താന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടില്ല, റോഡുകള്‍ പോലും ഉണ്ടാക്കാനായിട്ടില്ല.രണ്ട് വിമാന കമ്പനികള്‍ മാത്രം സര്‍വീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനത്താവളമായി കണ്ണൂര്‍ മാറി. ഉള്ള വിമാനത്തിലാണെല്‍ പോകാന്‍ ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ്.ഒരു വികസനവും നടക്കാത്ത സംസ്ഥാനമായി കേരളം മാറി.'
തകര്‍ന്ന് തരിപ്പണമായ ക്യുബയില്‍ പോയിട്ട് മുഖ്യമന്ത്രി എന്ത് പഠിക്കാനാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു. വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതല്ലാതെ കേരളത്തിന് വേണ്ടി എന്ത് കിട്ടിയെന്നും ചെന്നിത്തല ചോദിച്ചു.
ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്ജ് അധ്യക്ഷനായി. നേതാക്കളായ സണ്ണി ജോസഫ് എം.എല്‍ എ,വി എ നാരായണന്‍, മേയര്‍ ടി.ഒ. മോഹനന്‍ ,പി ടി മാത്യു, സജീവ് മാറോളി, കെ പ്രമോദ്,കെ സി മുഹമ്മദ് ഫൈസല്‍,വി വി പുരുഷോത്തമന്‍, ,രാജീവന്‍ എളയാവൂര്‍, , സുരേഷ് ബാബു എളയാവൂര്‍ ,കെ പി സാജു,റഷീദ് കവ്വായി ,റിജില്‍ മാക്കുറ്റി,അമൃത രാമകൃഷ്ണന്‍,വി.പി.അബ്ദുല്‍ റഷീദ്, സിജെ തങ്കച്ചന്‍ ,പി കെ ജനാര്‍ദ്ദനന്‍, അജിത് മാട്ടൂല്‍,ടി ജയകൃഷ്ണന്‍ , മുണ്ടേരി ഗംഗാധരന്‍ , എം കെ മോഹനന്‍ ,രജിത്ത് നാറാത്ത് ,എ പി നാരായണന്‍, കാഞ്ഞിരോളി രാഘവന്‍ മാസ്റ്റര്‍ ,സുരേഷ് മാവില, പ്രേംജിത്ത് കുവൈത്ത് ,റഫീഖ് മട്ടന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications