കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റേഷൻ വിതരണം: ക്രെഡിറ്റ് സ്വന്തമാക്കാൻ രാഷ്ട്രീയ പാർട്ടികളുടെ മത്സരം, ആരോപണങ്ങളുന്നയിച്ച് പാർട്ടികൾ!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച റേഷൻ കിറ്റ് വിതരണം തുടങ്ങിയതോടെ കണ്ണൂരിൽ ക്രഡിറ്റ് സ്വന്തമാകാൻ രാഷ്ട്രീയ പാർട്ടികളുടെ നീക്കം. ഓരോ സ്ഥലങ്ങളിലും സ്വാധീനമുള്ള പാർട്ടികളാണ് അരി വാങ്ങേണ്ട ഉപഭോക്താക്കളുടെ മുൻഗണനാക്രമം പോലും നിശ്ചയിക്കുന്നത്. തങ്ങളുടെ അനുഭാവികളുടെ വീടുകളിൽ പോയി കാർഡുകൾ മൊത്തമായി ശേഖരിച്ച് അരി വാങ്ങി വീടുകളിലെത്തിക്കുകയാണ് പ്രവർത്തകർ. സമൂഹ കിച്ചൺ ക്ഷേമപെൻഷൻ വിതരണം എന്നിവയിലും ഇതു തന്നെയാണ് അവസ്ഥ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സിപിഎം പൂർണമായി രാഷ്ട്രീയവത്കരിച്ചുവെന്നാണ് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ ആരോപണം. എന്നാൽ തങ്ങൾക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ കോൺഗ്രസും മോശമല്ലെന്നാണ് ചില സംഭവ വികാസങ്ങൾ തെളിയിക്കുന്നത്.

മംഗളൂരുവിലെ ആശുപത്രികളിൽ ആൾത്തിരക്കില്ല: കർണാടകയുടെ വാദം പൊളിയുന്നു, അതിർത്തി അടച്ചിട്ടതിന് വിമർശനംമംഗളൂരുവിലെ ആശുപത്രികളിൽ ആൾത്തിരക്കില്ല: കർണാടകയുടെ വാദം പൊളിയുന്നു, അതിർത്തി അടച്ചിട്ടതിന് വിമർശനം

ഭരണകക്ഷിയായ സിപിഎമ്മും പ്രതിപക്ഷമായ കോൺഗ്രസും കേന്ദ്രം ഭരിക്കുന്ന ബിജെപിയുമാണ് കൊറോണ പ്രതിരോധ കാലത്ത് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വിതരണം ചെയ്യുന്ന സൗജന്യ റേഷൻ വിതരണം തങ്ങളുടെ പാർട്ടിയുടെ മിടുക്കാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നത്.
ഇതിനായി ഓരോ വീട്ടിലും കയറി കാർഡ് ഉടമകളോട് നിങ്ങൾ കടകളിലേക്ക് വരേണ്ടതില്ലെന്നും ഞങ്ങൾ എത്തിച്ചു തരുമെന്നും പ്രവർത്തകർ പറയുകയാണ്. കാർഡുകൾ കൈക്കലാക്കാനുള്ള മത്സരം പലയിടങ്ങളിലും സംഘർഷത്തിലേക്ക് എത്തിക്കുന്നുണ്ട്.

rice-15858

ഏപ്രിൽ ഒന്നിനാണ് റേഷൻ വിതരണം സർക്കാർ പ്രഖ്യാപിച്ചിരുന്നതെങ്കിലും കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജനങ്ങളുടെ കൈയടി ലഭിക്കുന്നതിനായി മാർച്ച് 31ന് തന്നെ വിതരണം നടത്തിയതായി ആരോപണമുണ്ട്. കണ്ണൂർ കോർപറേഷനിലെ പള്ളിക്കുന്ന് വാർഡിൽ ഒരു കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിലാണ് റേഷൻ വിതരണം നടത്തിയത്. ഇതു രാഷ്ട്രീയ വിവാദത്തിനിടയാക്കിയിട്ടുണ്ട്. റേഷൻ വിതരണത്തിൽ യൂത്ത് കോൺഗ്രസ് പലയിടങ്ങളിലും ഇടപെടലുകൾ നടത്തുന്നുണ്ട്.

ബിജെപിക്കായി സേവാഭാരതി, യുവമോർച്ച പ്രവർത്തകരാണ് വിയർപ്പൊഴുക്കുന്നത്.വീടുകളിൽ പോയി റേഷൻ കാർഡുകൾ ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് ഇവർ. എന്നാൽ ഭരിക്കുന്ന പാർട്ടിയായ സിപിഎമ്മും പോഷക സംഘടനകളുമാണ് പേരെടുക്കുന്നതിൽ മുൻപന്തിയിൽ. സിപിഎമ്മും വർഗ ബഹുജന സംഘടനകളായ ഡിവൈഎഫ്ഐ മഹിളാ അസോസിയേഷൻ, കെഎസ്ടിഎ, എൻജിഒ യുനിയൻ തുടങ്ങിയ സംഘടനകളും ഐആർപിസിയും സജീവമായി രംഗത്തുണ്ട്. ഇതിനിടെ സൗജന്യ റേഷൻ വിതരണത്തിൽ സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാനൂർ മേഖലയിൽ അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണവുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു.

റേഷൻ വിതരണം ആരംഭിച്ചിട്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ പരാതി ഉയർന്നതോടെ വിതരണം താളം തെറ്റിയ നിലയിലായെന്നാണ് ആരോപണം. റേഷൻ കാർഡിലെ 0, 1 എന്നീ നമ്പർ അവസാനം വരുന്ന കാർഡുകളിലാണ് ആദ്യ ദിനം വിതരണം ഉണ്ടാകുമെന്ന് പറഞ്ഞത്. അതിനു പുറമെ അഞ്ചിൽ കൂടുതൽ പേർ ഒരുമിച്ച് എത്തരുതെന്നും, വാർഡ് ജാഗ്രത സമിതി, കുടുംബശ്രീ അംഗങ്ങൾ കാർഡുകൾ ശേഖരിച്ച് വന്നാൽ അരി വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് പലയിടങ്ങളിലും വിതരണം നടക്കുന്നത്. രാവിലെ 9 മുതൽ 1 മണി വരെ ബിപിഎൽ കാർഡ് ഉടമകൾക്കാണ് അരി ലഭിക്കേണ്ടത്. രണ്ടു മുതൽ വൈകുന്നേരം ആറു മണി വരെ എപിഎൽ ഉടമകൾക്കും. എന്നാൽ രണ്ടു വിഭാഗങ്ങൾക്കും ഒരുമിച്ച് അരി നൽകുകയാണ് പല റേഷൻ ഉടമകളും. ഇതിനു പുറമെ മുൻഗണനാക്രമം അനുസരിച്ചുള്ള നമ്പർ മറികടന്നും അരി നൽകുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ചിലയിടങ്ങളിൽ തിരക്കു നിയന്ത്രിക്കാൻ ടോക്കൺ സമ്പ്രദായവും ഒരുക്കിയിട്ടുണ്ട്. മുഖ്യമന്തി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പാടെ അവഗണിച്ച് തോന്നും പടി കാര്യങ്ങൾ നടത്തുകയാണ് റേഷൻ ഉടമകൾ ഭരണ രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയും ഇതിനു പിന്നിലുണ്ടെന്ന് ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ആരോപിച്ചു.

English summary
Ration distribution duiring Coronavirus outbreak in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X