സഞ്ചാരികള്‍ക്ക് ആശ്വാസം; മാക്കൂട്ടം ചുരം പാത തുറക്കാനൊരുങ്ങുന്നു, പ്രതിഷേധമവസാനിപ്പിച്ച് യുഡിഎഫ്
ഇരിട്ടി: മാക്കൂട്ടം ചുരം പാത കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കു മുന്‍പില്‍ തുറന്നു കൊടുക്കുമെന്ന കുടക് ജില്ലാ ജില്ലാഭരണകൂടത്തിന്റെ അനുകൂല നിലപാടിനെ തുടര്‍ന്ന് യു.ഡി. എഫ് പ്രതിഷേധമവസാനിപ്പിച്ചു. പേരാവൂര്‍ എം. എല്‍. എ സണ്ണിജോസഫിന്റെ ഇടപെടലാണ് കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കര്‍ണാടക ഏര്‍പ്പെടുത്തിയ യാത്രാവിലക്കില്‍ അയവുവരുത്താന്‍ തീരുമാനമായത്. കുടക് അസി. കമ്മിഷണര്‍ ചാരുലത സോമലുമായി സണ്ണിജോസഫ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വരും ദിവസങ്ങളില്‍ മാക്കൂട്ടം ചുരം പാത തുറന്നുകൊടുക്കാന്‍ തയ്യാറാണെന്ന് കുടക് ജില്ലാഭരണകൂടം അനൗപചാരികമായി അറിയിച്ചത്.
താന്‍ അവധിയിലാണെന്നും അവധി കഴിഞ്ഞുവന്നാല്‍ ഈക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് യു.ഡി. എഫ് വള്ളിത്തോടു നിന്ന് മാക്കൂട്ടം ചെക്ക് പോസ്റ്റിലേക്ക് നടത്താനിരുന്ന പ്രതിഷേധമാര്‍ച്ചു മാറ്റി വെച്ചതായി യു.ഡി. എഫ് ചെയര്‍മാന്‍ പി.കെ ജനാര്‍ദ്ദനന്‍ അറിയിച്ചു.

കണ്ണൂരില്‍ നിന്നും കുടകിലേക്ക് മാക്കൂട്ടം ചുരം പാതവഴി കടന്നു പോകുന്നതിനുള്ള യാത്രാവിലക്ക് ഈ മാസം 15വരെ നീട്ടിയതിന്റെ പശ്ചാത്തലത്തിലാണ് യു.ഡി. എഫ് പ്രതിഷേധമാരംഭിക്കാന്‍ തീരുമാനിച്ചത്. രണ്ടു ഡോസ് വാക്സിനെടുത്തവര്‍ക്ക്് രാജ്യത്തെവിടെയും സ്വതന്ത്രമായ സഞ്ചരിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം നിലനില്‍ക്കവേയാണ് കുടക് ജില്ലാ ഭരണകൂടം ഏകപക്ഷീയമായ നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്. തലശേരി, കണ്ണൂര്‍ മേഖലകളില്‍ നിന്നും കര്‍ണാടക നഗരങ്ങളായ വീരാജ് പേട്ട, മൈസൂര്, ബംഗ്ളൂര് എന്നിവടങ്ങളിലേക്ക് പോകുന്നതിന് ഇതുകാരണം ദുരിതമനുഭവിച്ചിരുന്നു. മലയാളി വിദ്യാര്‍ത്ഥികള്‍ കര്‍ണാടകയിലെ വിവിധ സ്ഥാപനങ്ങളില്‍ പ്രൊഫഷനല്‍ കോഴ്സിന് അഡ്മിഷന്‍ നേടുന്ന സമയമായതിനാല്‍ കര്‍ണാടകയിലെ വിവിധസ്ഥാപനങ്ങളില്‍ ചേരാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇതുകാരണം ആശങ്കയിലായിരുന്നു.തലശേരി മേഖലയില്‍ നിന്നാണ് മാക്കൂട്ടം വഴി ബംഗളൂര്, മൈസൂര്, വീരാജ്പേട്ട എന്നിവടങ്ങളിലെ വ്യാപാരികള്‍ കൂടുതല്‍ ജോലി ചെയ്യുന്നത്. പാനൂര്‍, കടവത്തൂര്‍ സ്വദേശികളായ ആയിരക്കണക്കിനാളുകള്‍ അവിടെ ബേക്കറി മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.












Click it and Unblock the Notifications