ചികിത്സക്കിടെ രക്ഷപ്പെട്ട കൊവിഡ് രോഗിയായ റിമാൻഡ് പ്രതിയുടെ പരിശോധനാ ഫലം നെഗറ്റീവ്!
ഇരിട്ടി: കണ്ണൂർ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിച്ച ചികിത്സയ്ക്കിടെ രക്ഷപ്പെട്ട കൊവിഡ് ബാധിതനായ റിമാൻഡ് പ്രതിക്ക് വൈറസ് രോഗബാധയില്ലെന്ന് വ്യക്തമായി. കഴിഞ്ഞ ശനിയാഴ്ച്ച അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്നും ചാടി ഇരിട്ടി ടൗണില്‍ വെച്ച് പിടിയിലായ തടവ് പുള്ളിയുടെ കൊവിഡ് പരിശോധനാ ഫലമാണ് നെഗറ്റീവായത്.
കണ്ണൂരിൽ 35 പേർക്ക് കൂടി കൊവിഡ് രോഗമുക്തി: അഞ്ചു പേർക്ക് വൈറസ് ബാധ
ആറളം വെളിമാനം സ്വദേശിയായ ദിലീപെന്ന 19 കാരനാണ് ഫലം നെഗറ്റീവായത്. ആറളത്തെ അടിപിടി കേസില്‍ റിമാന്‍ഡിലായ ഇയാളെ മൊബൈല്‍ മോഷണക്കേസില്‍ കോടതിയില്‍ നിന്നും കസറ്റഡിയില്‍ വാങ്ങി ഈ മാസം 21-ന് തെളിവെടുപ്പിനായി ആറളത്ത് കൊണ്ടുവന്നിരുന്നു. പോലീസ് കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ യുവാവിന്റെ കൊവിഡ് ഫലം നെഗറ്റീവ് ആയിരുന്നു.
ആറളത്തെ തെളിവെടുപ്പ് കഴിഞ്ഞ് മജിസ്ടേട്ടിന് മുന്നില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കി തിരിച്ച് ജയിലിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുന്‍പ് 23-ന് നടത്തിയ പരിശോധനയില്‍ ഫലം പോസറ്റീവാണെന്ന് തെളിഞ്ഞു. ഇതോടെ യുവാവിനെ അഞ്ചരക്കണ്ടിയിലെ കൊവിഡ് സെന്ററിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നും 24-ന് രാവിലെ മുങ്ങിയ യുവാവിനെ ഇരിട്ടി പഴയ സ്റ്റാന്റില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു.
25-ന് എടുത്ത പരിശോധനാ ഫലമാണ് ഇപ്പോള്‍ നെഗറ്റീവായിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് ആറളം പോലീസ് സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെ ഏഴുപോലീസുകാര്, മജിസ്ട്രേറ്റ് ഉള്‍പ്പെടെ 10 കോടതി ജീവനക്കാര്‍, കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 3 ആരോഗ്യ പ്രവര്‍ത്തകര്‍, 10 ജയില്‍ ഉദ്യോഗസ്ഥര്‍, 10 സഹതടവുകാര്‍ എന്നിവരടക്കമുള്ളവര്‍ ക്വാറന്റൈനില്‍ പോകേണ്ടി വന്നിരുന്നു. ഇവര്‍ക്കെല്ലാം ആശ്വാസം നല്കുന്ന ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.ഇതിനിടെ
കണ്ണൂരിൽ ശനിയാഴ്ച അഞ്ചുപേർക്കു മാത്രം കോവിഡ്. 35 പേർ രോഗമുക്തരായി. ഇതര സംസ്ഥാനത്തുനിന്നെത്തിയ രണ്ടു പേർക്കും സമ്പർക്കം മൂലം രണ്ടുപേർക്കും ഒരു ആരോഗ്യപ്രവർത്തകനുമാണു രോഗം സ്ഥിരീകരിച്ചത്. ബംഗളുരുവിൽ നിന്ന് ജൂലൈ 28-നെത്തിയ പിണറായി സ്വദേശി 40-കാരൻ, 29-നെത്തിയ ചിറ്റാരിപ്പറമ്പ്സ്വദേശി 21-കാരൻ എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ. തൃപ്പങ്ങോട്ടൂർ സ്വദേശി 20-കാരൻ, കണ്ണൂർ കോർപറേഷനിലെ തിലാന്നൂർ സ്വദേശി 26-കാരി എന്നിവർക്കാണ് സമ്പർക്കം മൂലം രോഗബാധയുണ്ടായത്. കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സ് അയ്യൻകുന്ന് സ്വദേശി (ഇപ്പോൾ പരിയാരത്ത് താമസം) 36-കാരിയാണ് രോഗം ബാധിച്ച ആരോഗ്യ പ്രവർത്തക.
ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1386 ആയി. ഇവരിൽ 925 പേർ ഇതിനകം രോഗമുക്തരായി ആശുപത്രി വിട്ടു. പാലയാട് സിഎഫ്എൽടിസിയിൽ ചികിൽസയിലായിരുന്ന കണ്ണൂർ കോർപറേഷൻ സ്വദേശി 34-കാരൻ, പാനൂർ സ്വദേശികളായ 25-കാരൻ, 52-കാരൻ, തലശേരി സ്വദേശി 39-കാരൻ, കോട്ടയം മലബാർ സ്വദേശികളായ 21-കാരൻ, 20-കാരൻ, 14-കാരൻ, ആർമി ആശുപത്രിയിലും, ആർമി സിഎഫ്എൽടിസിയിലും, കേന്ദ്രീയ വിദ്യാലയത്തിലുമായി ചികിൽസയിലായിരുന്ന 28 ഡിഎസ്സി ഉദ്യോഗസ്ഥർ എന്നിവരാണ് ആശുപത്രി വിട്ടത്.
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 9825 പേരാണ്. ജില്ലയിൽ നിന്ന് ഇതുവരെ 30598 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 29304 എണ്ണത്തിന്റെ ഫലം വന്നു. 1294 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.