നവീകരണം പൂർത്തിയായി : പുതുമോടിയിൽ അണിഞ്ഞൊരുങ്ങി ഇരിട്ടി പഴയ പാലം

പേരാവൂർ: കണ്ണൂർ ജില്ലയിലെ മലയോര നഗരമായഇരിട്ടിയുടെ മുഖമുദ്രയായി ഒൻപതു പതിറ്റാണ്ടായി നിലനിൽക്കുന്ന ഇരിട്ടി നഗരത്തിലെ പഴയപാലം നവീകരണ പ്രവൃത്തി കഴിഞ്ഞ് പുതുമോടിയിൽ അണിഞ്ഞൊരുങ്ങി. ചരിത്രാന്വേഷികളെയും വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നതിനാണ് പൊതുമരാമത്ത് വകുപ്പ് ബ്രിട്ടീഷുകാർ പണിത ഇരിട്ടി പഴയ പാലം നവീകരിച്ചത്.
കെ എസ് ടി പി പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ പാലം നിർമ്മിച്ചതോടെ പഴയപാലം പൈതൃക സ്മാരകമായി നിലനിർത്തണമെന്ന് പേരാവൂർ എം.എൽ.എ സണ്ണി ജോസഫടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊതുമരാമത്ത്അധികൃതർ വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താതെ തകർച്ചയുടെ വക്കിലെത്തിയ ഈ പാലം വിവിധ കോണുകളിൽ നിന്നും സമ്മർദ്ദം ശക്തമായതോടെയാണ് നവീകരിക്കാൻ തീരുമാനിച്ചത്.
1933ൽ ബ്രിട്ടീഷുകാരാണ് ഈ പാലം നിർമ്മിച്ചത്. കുടകിൽ നിന്നും കുരുമുളക്, കാപ്പി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും മലയോര മേഖലകളിൽ വിളയുന്ന മലഞ്ചരക്കുകളും മറ്റും കടത്തിക്കൊണ്ടുവരിക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ ലക്‌ഷ്യം. ഇതിനായി തലശ്ശേരി - കുടക് റോഡ് നിർമ്മിച്ചതും ഇരിട്ടി കൂടാതെ കൂട്ടുപുഴ അടക്കമുള്ള പാലങ്ങൾ നിർമ്മിച്ചതും ബ്രിട്ടീഷുകാരായിരുന്നു. 9 പതിറ്റാണ്ടായി ജനങ്ങളെ മുഴുവൻ അക്കരെയിക്കരെ കടത്തുകയും ലക്ഷക്കണക്കിന് യാത്രാവാഹനങ്ങളും ചരക്കു വാഹനങ്ങളും കടന്നു പോവുകയും ചെയ്‌തെങ്കിലും ഇന്നും ഈ പാലത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്നത് അത്ഭുതകരമാണ്. സമയാ സമയങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താതെ ഉണ്ടായ അധികൃതരുടെ വീഴ്ചമാത്രമായിരുന്നു പാലത്തിന് അൽപ്പമെങ്കിലും ബലക്ഷയത്തിനിടയാക്കിയത്. അന്നത്തെ ബ്രിട്ടീഷ് സാങ്കേതിക വിദ്യയുടെ അത്ഭുതമായി ഇന്നും ഈ പാലം നിലനിൽക്കുകയാണ്. ശ്രദ്ധിച്ചാൽ ഇനിയും ഒരു നൂറ്റാണ്ടുകൂടി നിലനിൽക്കാൻ കെൽപ്പുള്ളതാണ് ഈ പാലം എന്നുതന്നെ പറയാം.
പുതിയപാലം യാഥാർത്ഥ്യമായപ്പോഴും പഴയപാലം ഗതാഗതത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു. ഇരിട്ടിയിൽ നിന്നും ഉളിക്കൽ ഭാഗത്തേക്കും തളിപ്പറമ്പ് ഭാഗത്തേക്കും പോകുന്ന വാഹനങ്ങളെല്ലാം ഇതുവഴിയാണ് കടത്തി വിട്ടിരുന്നത്. വർഷങ്ങളായി ഇരിട്ടി പട്ടണത്തിൽ അനുഭവപ്പെട്ടിരുന്ന ഗതാഗത സതംഭനം പുതിയപാലം പ്രവർത്തികമായതോടെ ഇല്ലാതായി .
പഴയ പാലത്തിന്റെ നവീകരണ പ്രവർത്തി ആരംഭിച്ചതോടെ രണ്ടുമാസത്തിലേറെയായി പാലം അടച്ചിട്ടിരിക്കുകയായിരുന്നു. 14 ലക്ഷം രൂപ മുടക്കിയാണ് നവികരണപ്രവർത്തി നടന്നത്. പാലത്തിന്റെ തുരുമ്പെടുത്തതും വാഹനങ്ങൾ ഇടിച്ച് തകർന്നതുമായ ഇരുമ്പു പാളികളും ബീമുകളുമെല്ലാം മാറ്റി സ്ഥാപിച്ചു. പെയിന്റിങ്ങ് പ്രവർത്തിയും പൂർണ്ണമായിക്കഴിഞ്ഞു. പ്രവർത്തി പൂർത്തിയായികഴിഞ്ഞാൽ ചരക്കു ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് പാലത്തിൽ നിയന്ത്രണമേർപ്പെടുത്തും. ഇത്തരം വാഹനങ്ങളെ പുതിയപാലം വഴി മാത്രമാണ് കടത്തി വിടുകയെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു.












Click it and Unblock the Notifications