ആറളത്ത് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പാലം പുനര്‍നിര്‍മിക്കണമെന്ന് പ്രദേശവാസികള്‍
ആറളം: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പാലം പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കും പഞ്ചായത്തിനും നിവേദനം നല്‍കി. ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിച്ച് അര നൂറ്റാണ്ട് തികക്കാന്‍ ഒരുങ്ങുന്ന വാഴയില്‍ സെന്റ് ജൂഡ് പാലമാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയില്‍ കുണ്ടൂര്‍ പുഴയില്‍ രൂപപ്പെട്ട കുത്തൊഴുക്കില്‍ പാലത്തിന്റെ പുഴ മദ്ധ്യത്തിലെ ഒരു തൂണ്‍ താഴ്ന്ന് പോയതാണ് പാലം തകരാന്‍ ഇടയാക്കിയത്. കാലപ്പഴക്കം മൂലം തൂണുകള്‍ക്കുണ്ടായ ബലക്കുറവും ഇതിന് കാരണമായിട്ടുണ്ട്.

1973 ല്‍ നാട്ടുകാരുടെ കൂട്ടായ്മയിലാണ് ഈ ജീപ്പ് പാലം പണിയുന്നത്. ആറളം - അയ്യന്‍കുന്ന് അവിഭക്ത പഞ്ചായത്ത് നിലവിലുണ്ടായിരുന്ന കാലത്ത് ആണ് അഞ്ച് തൂണില്‍ 34 മീറ്റര്‍ നീളവും രണ്ടര മീറ്റര്‍ വീതിയിലുമുള്ള പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നത്. കെ.സി. ജോസഫ് കുഴുപ്പള്ളി കണ്‍വീനറും എഞ്ചിനീയര്‍ ചാക്കോ നെല്ലിക്കാമുണ്ടിലിന്റെയും നേതൃത്വത്തില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തിക്കായി അന്ന് ആറളം പഞ്ചായത്ത് മൂന്നു തൂണുകള്‍ നിര്‍മ്മിക്കാനാവശ്യമായ വസ്തുക്കള്‍ക്കുള്ള തുക നല്‍കി.
പ്രദേശവാസി കാരിത്താല്‍ സിന്ധ്യ 25000 രൂപ നിര്‍മ്മാണച്ചിലവിലേക്കു നല്‍കി. 550 തോളം പേര്‍ ശ്രമദാനവും ചെയ്തു. അന്ന് പാലത്തിന് ആകെ ചെലവായത് ഒന്നേകാല്‍ ലക്ഷം രൂപയാണ്. ആദ്യം നടപ്പാലമായിരുന്നു നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. കാരിത്താല്‍ സിന്ധ്യ 25000 രൂപ നിര്‍മ്മാണച്ചിലവിലേക്കു നല്‍കിയപ്പോള്‍ അത് ജീപ്പ് പലമാക്കി വികസിപ്പിക്കുകയായിരുന്നു. അഞ്ച് തൂണുകളില്‍ കരയോട് ചേര്‍ന്ന രണ്ടു തൂണുകളെക്കൂടാതെ വെള്ളത്തില്‍ മൂന്ന് തൂണുകളോടെ നാല് സ്പാനുകളാണ് പാലത്തിനുണ്ടായിരുന്നത്. ഇതില്‍ പുഴയില്‍ നില്‍ക്കുന്ന ഒരു തൂണ്‍ ശനിയാഴ്ച രാത്രി 10 മണിയോടെ അമര്‍ന്നുപോയതാണ് പാലം തകരാന്‍ ഇടയാക്കിയിരുന്നത്.
പാലം വര്ഷങ്ങളായി അപകടത്തിലായതിനെത്തുടര്‍ന്ന് വി.ടി. മാത്തുക്കുട്ടി കണ്വീനറായിട്ടുള്ള കമ്മിറ്റി രണ്ടു പതിറ്റാണ്ടിലേറെയായി പുതിയ പാലത്തിനായി ശ്രമം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ പാലം തകര്‍ന്നിരിക്കുന്നത്. അയ്യന്‍കുന്നു പഞ്ചായത്തിലെ ആനപ്പന്തി, മുണ്ടയാം പറമ്പ് തുടങ്ങിയ രണ്ട് ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. പ്രദേശത്തെ അറുനൂറോളം കുടുംബങ്ങള്‍ കഴിയുന്നുണ്ട്.
പാലം തകര്‍ന്നതോടെ പ്രദേശത്തെ കുന്നോത്ത്, വള്ളിത്തോട്, കിളിയന്തറ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന നിരവധി വിദ്യാര്‍ത്ഥികളും കഷ്ടത്തിലായി. 2012 ലെ വെള്ളപ്പൊക്കത്തില്‍ ഇതേ പുഴയില്‍ ഈ പാലത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അപ്പുറം സ്ഥിതിചെയ്തിരുന്ന വാഴയില്‍ പാലം തകര്‍ന്നിരുന്നു. ഈ സമയത്ത് പാലത്തിലുണ്ടായിരുന്ന ഒരു കാറും മോട്ടോര്‍ സൈക്കിളുകളും വെള്ളത്തില്‍ വീണെങ്കിലും ഇതില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ രക്ഷിക്കുകയായിരുന്നു.












Click it and Unblock the Notifications