പയ്യാവൂരില്‍ വെടിയേറ്റ് റിസോര്‍ട്ട് ഉടമ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍
ശ്രീകണ്ഠാപുരം: കണ്ണൂരിലെ മലയോര പ്രദേശമായ കര്‍ണാട വനത്തോട് അടുത്തു നില്‍ക്കുന്ന കാഞ്ഞിരക്കൊല്ലിയിലെ ശശിപാറയില്‍ റിസോര്‍ട്ട് ഉടമ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ രണ്ടു പേരെ പയ്യാവൂര്‍ പൊലിസ് അറസ്റ്റു ചെയ്തു.
അരുവി റിസോര്‍ട്ട് ഉടമ പരത്തനാല്‍ ബെന്നി (54) ദുരൂഹമായി വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിലാണ് കൂടെയുണ്ടായിരുന്ന പള്ളത്ത് നാരായണന്‍, രജീഷ് അമ്പാട്ട് എന്നിവരെ പയ്യാവൂര്‍ പൊലിസ് അറസ്റ്റു ചെയ്തത്. ബെന്നിയോടൊപ്പം നായാട്ടുസംഘത്തിലുണ്ടായിരുന്നവരാണ് അറസ്റ്റിലായത്. കള്ളത്തോക്ക് ഉപയോഗിച്ചതിനാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ശനിയാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. കസേരയിലിരുന്ന് ഉറങ്ങുന്നതിനിടെ തോക്കു താഴെ വീണതിനെതുടര്‍ന്ന് കുനിഞ്ഞെടുക്കുന്നതിനിടെയാണ് ചെവിക്കുമുകളിലൂടെപയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയിലെ പരത്തനാല്‍ ബെന്നിയുടെ (54) തലയോട്ടി തുളച്ചുകൊണ്ടു കടന്നുപോയത്. സംഭവത്തെ തുടര്‍ന്ന് പൊലിസ് ഇവിടെ നടത്തിയ പരിശോധനയില്‍ ഉപയോഗിക്കാത്ത നാടന്‍ വെടിയുണ്ടകളും കണ്ടെത്തിയിരുന്നു.
സംഭവം നടക്കുമ്പോള്‍ നിലത്തുകിടന്നുറങ്ങുകയായിരുന്ന പളളത്ത് നാരായണനും രജീഷ് അമ്പാട്ടുമാണ് അതീവഗുരുതരമായി പരുക്കേറ്റ ബെന്നിയെ പയ്യാവൂരിലെ സഹകരണ ആശുപത്രിയിലെത്തിച്ചത്. ഇവിടെയെത്തിക്കുമ്പോഴെക്കും മരണംസംഭവിച്ചിരുന്നു. സംഭവം ഇവര്‍ തന്നെയാണ് പയ്യാവൂര്‍ പൊലിസ് സ്റ്റേഷനില്‍ അറിയിച്ചത്.
ഇതേ തുടര്‍ന്നാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. സോഫിയയാണ് ബെന്നിയുടെ ഭാര്യ. ക്ലിന്റ്, ക്ലെമന്റ്, സ്റ്റെഫി എന്നിവരാണ് മക്കള്‍. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു നേരത്തെ ആരോപണമുയര്‍ന്നിരുന്നുവെങ്കിലും അപകടമരണമാണെന്ന് പൊലിസ് പ്രാഥമിക അന്വേഷണത്തില്‍ തെളിയുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ഭാരവാഹികൂടിയാണ് രജീഷ് അമ്പാട്ട്. ഇയാളെ കേസില്‍ നിന്നും ഒഴിവാക്കുന്നതിനായി പൊലിസ് ഉദ്യോഗസ്ഥ തലത്തില്‍ നീക്കങ്ങള്‍ നടന്നുവെന്നിരുന്നുവെങ്കിലും സാഹചര്യതെളിവുകള്‍ ശക്തമായതിനാല്‍ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ കണ്ണൂര്‍ റൂറല്‍ എസ്പി ഹേമലത ഉന്നതതല അന്വേഷണം നടത്തിയിരുന്നു.കാട്ടുപന്നിയെ വെടിവയ്ക്കാനെന്ന വ്യാജേനെ കര്‍ണാടകയില്‍ നിന്നും നാടന്‍ തോക്കും തിരകളും കൊണ്ടുവരുന്നതു തടയുന്നതിനായി വരുംദിനങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ പൊലിസ് തീരുമാനിച്ചിട്ടുണ്ട്.
ഇത്തരം തോക്കുകള്‍ ഉപയോഗിച്ചു വേട്ടയാടല്‍ നടത്തുന്നുവെന്ന് നേരത്തെ വനംവകുപ്പിനും വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍, കാസര്‍കോട് മേഖലയിലെ അതിര്‍ത്തികളില്‍ റെയ്ഡ് ശക്തമാക്കുന്നത്.












Click it and Unblock the Notifications