• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

വോട്ടുമറിക്കല്‍: ഇക്കുറി നടക്കില്ലെന്ന് കണ്ണുരുട്ടി ആര്‍എസ്എസ്, ബിജെപിക്കു മേല്‍ നിരീക്ഷണം ശക്തമാക്കി

  • By Desk

കണ്ണൂര്‍: തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ തങ്ങളുടെ മുഖ്യശത്രുവിനെ തോല്‍പ്പിക്കാനായി നടത്തുന്ന കരണം മറിച്ചില്‍ ഇക്കുറി വേണ്ടെന്നു ആര്‍. എസ്. എസിന്റെ താക്കീത്. സംസ്ഥാനത്ത് ബി.ജെ.പിക്ക് ജയസാധ്യത കുറഞ്ഞ ലോക്‌സഭാ മണ്ഡലങ്ങളിലാണ് പതിവായി ഇത്തരം അഭ്യാസം നടക്കുന്നത്. വിവിധ ചാനലുകള്‍ നടത്തിയ സര്‍വേ പ്രകാരം പരിവാറിന്റെ എക്കാലത്തെയും മുഖ്യ എതിരാളിയായ പി.ജയരാജന്‍ നേരിയ ഭൂരിപക്ഷത്തിനു ജയിക്കുമെന്ന അവസ്ഥയാണ് വടകരയിലേത്.

പോലീസ് ദളിത് വിരുദ്ധര്‍, വോട്ടര്‍മാരെ തല്ലിയോടിക്കുന്നു, വോട്ടര്‍മാരെ പോലീസ് വെടിവെച്ചെന്ന് ബിഎസ്പി

ഇവിടെ കാഡര്‍വോട്ടുകളില്‍ കുറച്ചു ഭാഗം മറിക്കണമെന്ന വികാരമാണ് ബി.ജെ.പിക്കുള്ളത്. കഴിഞ്ഞ തവണ ലഭിച്ച മുക്കാല്‍ലക്ഷം വോട്ടുകള്‍ വി.കെ സജീവനു നിലനിര്‍ത്തിക്കൊണ്ടു ഇക്കുറി അധികം ലഭിക്കുന്ന വോട്ടുകള്‍ മുരളീധരനു നല്‍കി ജയരാജനെ തോല്‍പ്പിക്കണമെന്ന വികാരം അണികള്‍ മുതല്‍ നേതാക്കള്‍ക്കു വരെയുണ്ട്.

എന്നാല്‍ ആര്‍. എസ്. എസുമായി ഉറ്റബന്ധം പുലര്‍ത്തുന്ന ബി.ജെ.പി നേതാക്കളിലൊരാളാണ് വി.കെ സജീവന്‍. വടകര മണ്ഡലത്തില്‍ നല്ല സ്വാധീനവും പാര്‍ട്ടി പ്രവര്‍ത്തകരുടെ മികച്ച പിന്‍തുണയുമുണ്ട്. ഈയൊരു സാഹചര്യത്തില്‍ സജീവനു വോട്ടുകുറഞ്ഞാല്‍ക്ഷീണം ബി.ജെ.പിക്കല്ല സജീവനെ പാര്‍ട്ടി പ്രവര്‍ത്തനത്തിനായി നിയോഗിച്ച ആര്‍. എസ്. എസിനു തന്നെയാണ്.

തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കായി ആര്‍. എസ്. എസ് നിയോഗിക്കുന്ന പ്രചാരകന്‍മാര്‍ക്ക് ജനങ്ങളെ കുറിച്ചും രാഷ്ട്രീയ അടിയൊഴുക്കുകളെ കുറിച്ചും ഒരു ചുക്കും ചുണ്ണാമ്പുമറിയില്ലെന്ന ആരോപണം നേരത്തെ ബി.ജെ.പിക്കുള്ളില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നതാണ്. ഇക്കുറി സംസ്ഥാനത്തെ ഇലക്ഷന്‍ പ്രചരണത്തിന്റെ മുഴുവന്‍ ചുമതലയും ആര്‍. എസ്. എസ് പ്രചാരകന്‍മാര്‍ക്കു തന്നെയാണ്.ചിട്ടയായ പ്രവര്‍ത്തനം ഇവര്‍ നടത്താറുണ്ടെങ്കിലും ആര്‍. എസ്. എസിന്റെ രീതികളോട് പാര്‍ട്ടിയെന്ന നിലയില്‍ ബി.ജെ.പിക്ക് പൊരുത്തപ്പെടാനാവില്ലെന്നാണ് ചില നേതാക്കള്‍ പറയുന്നത്.

കഴിഞ്ഞ തവണയില്‍ നിന്നും വ്യത്യസ്തമായി തെരഞ്ഞെടുപ്പു ഫണ്ട് ചിലവഴിക്കുന്നതില്‍ നിന്നും ബി.ജെ.പി നേതാക്കളെ പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്.കേന്ദ്രീകൃത പ്രചരണമാണ് ഇക്കുറി നടക്കുന്നത്. പാര്‍ട്ടിക്ക് സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ പണം പൊടിച്ചു പാറ്റേണ്ടയെന്നാണ് ആര്‍. എസ്. എസിന്റെ നിലപാട്.

അതുകൊണ്ടു തന്നെ ഫഌക്‌സ് ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മണ്ഡലങ്ങളില്‍ നിന്നും അടിക്കുന്നതു മാറ്റി നേരിട്ട് സംസ്ഥാന തലത്തില്‍ നിന്നാണ് ഓരോ മണ്ഡലങ്ങളിലേക്കും വിതരണം ചെയ്യുന്നത്. ഇതുകൂടാതെ ഓരോ മണ്ഡലങ്ങളിലും ഉപയോഗിക്കേണ്ട വാഹനങ്ങള്‍, ചെലവഴിക്കേണ്ട തുക എന്നിവയ്ക്കും കൃത്യമായ കണക്കുകളുണ്ട്. അതുകൊണ്ടു തന്നെ സി.പി. എമ്മും കോണ്‍ഗ്രസും പ്രചാരണ രംഗം കൊഴുപ്പിക്കുമ്പോഴും നോക്കി നില്‍ക്കേണ്ട അവസ്ഥയിലാണ്.

ബി.ജെ.പി പ്രവര്‍ത്തകര്‍. പ്രാദേശിക തലങ്ങളില്‍ ജനങ്ങളില്‍ നിന്നും ഫണ്ടു സ്വീകരിച്ചാണ് ചില അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതുകൊണ്ടു തന്നെ ബി.ജെ.പി തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു ഇക്കുറി കളര്‍ നന്നേ കുറവാണ്.കഴിഞ്ഞ തവണ തെരഞ്ഞെടുപ്പു പ്രചാരണത്തിന് കോടികള്‍ കേന്ദ്രകമ്മിറ്റിയിറക്കി. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും ചില നേതാക്കളുടെ കീശയിലേക്കു പോയെന്ന ആരോപണം പിന്നീടുയര്‍ന്നു.

പാര്‍ട്ടിയില്‍ അഴിമതി തടയാനാണ് പൊതുവെ സുതാര്യമായി സാമ്പത്തിക വിഷയങ്ങള്‍ കൈക്കാര്യം ചെയ്യുന്ന ആര്‍. എസ്. എസിലേക്ക് ഖജനാവിന്റെ താക്കോല്‍ പോയത്. പാര്‍ട്ടിയെ സ്‌നേഹിക്കുന്ന യുവവോട്ടര്‍മാരെ കൈയിലെടുക്കാന്‍ താരാപ്രചാരണവും റോഡു ഷോയും നടത്തണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. പല പാര്‍ട്ടികളില്‍ നിന്നും വന്നവര്‍ ഇപ്പോള്‍ ബി.ജെ.പിയിലും എന്‍.ഡി. എ മുന്നണിയിലുണ്ട്. ഇവരോട് ഒരു ദേശീയ പാര്‍ട്ടിയുടെ പ്രതാപം കാണിക്കാന്‍ മറക്കരുതെന്നാണ് പ്രാദേശിക ബി.ജെ.പി നേതാക്കള്‍ നല്‍കുന്ന മുന്നറിയിപ്പ്.

വടകരയില്‍ ജയരാജനെ തോല്‍പിക്കാന്‍ കിട്ടിയ സുവര്‍ണാവസരം പാഴാക്കരുതെന്നാണ് ബി.ജെ.പി നേതാക്കളുടെയും അണികളുടെയും പൊതുവികാരം.സി. പി. എം അക്രമരാഷ്ട്രീയത്തില്‍ ഇരയാക്കപ്പെട്ടവരുടെ കുടുംബങ്ങളും അടുപ്പക്കാരും ഈക്കാര്യം ശക്തമായി ആവശ്യപ്പെടുന്നു. ടി.പി വധക്കേസില്‍ ആര്‍. എം.പി സ്വീകരിക്കുന്ന തെരഞ്ഞെടുപ്പ് അടവുനയം പോലെ ജയരാജനെ ഒതുക്കാന്‍ മുരളീധരനെ ജയിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ജയരാജനെ തോല്‍പിക്കുന്നതിനായി കോണ്‍ഗ്രസിനു വോട്ടു ചെയ്യുന്നത് ആത്മഹത്യപരമാണെന്നാണ് ആര്‍.എസ്.എസ് നിലപാട്.

പരിവാറിനെ എക്കാലത്തും എതിര്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളാണ് മുരളീധരന്‍. മാത്രമല്ല ഇദ്ദേഹം ജയിച്ചാല്‍ വട്ടിയൂര്‍ കാവ് നിയമസഭാ മണ്ഡലം രണ്ടാം സഥാനത്തുള്ള ബി.ജെ.പിക്ക് നേടാമെന്ന വ്യാമോഹവും വേണ്ട. ഇവിടെ മഞ്ചേശ്വരം മോഡല്‍ സി.പി. എം, യു.ഡി. എഫ് വോട്ടുമറിക്കല്‍ നടന്നേക്കാം. ബി.ജെ.പിയെ തോല്‍പിക്കുന്നതിനായി അവസാന ഘട്ടത്തില്‍കോണ്‍ഗ്രസിനു വോട്ടുമറിച്ചതാണ് മഞ്ചേശ്വരത്ത് വിരലിലെണ്ണാവുന്ന വോട്ടിനു കെ.സുരേന്ദ്രന്റെ തോല്‍വിക്കിടയായത്.

പി.ജയരാജനെ സി.പി. എം തന്നെ ഒതുക്കിയതിന്റെ ഭാഗമായാണ് വടകരയിലെ സ്ഥാനാര്‍ഥി കുപ്പായമെന്നാണ് ആര്‍. എസ്. എസ് വിലയിരുത്തല്‍.കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ഇനി ജയരാജന്റെ മടങ്ങിവരവ് ആസ്ഥാനത്താണ് .അതുകൊണ്ടു തന്നെ രാഷ്ട്രീയ അതിക്രമങ്ങള്‍ ഇനി കുറയുമെന്നാണ് ആര്‍. എസ്. എസിന്റെ പ്രതീക്ഷ. ജയരാജന്‍ എം.പിയായാലും ഇല്ലെങ്കിലും പഴയ പ്രതാപം നഷ്ടപ്പെട്ടുവെന്ന വിലയിരുത്തലാണ് ആര്‍. എസ്. എസിനുള്ളത്. അതുകൊണ്ടു മുരളിയെ ജയിപ്പിക്കാന്‍ വേണ്ടി ജയരാജനെ തോല്‍പിക്കേണ്ടതില്ലെന്നും പകരം സ്വന്തം സ്ഥാനാര്‍ഥിയുടെ വോട്ടിങ് ശതമാനം പരമാവധി കൂട്ടുകയാണ് വേണ്ടതെന്നുമാണ് ആര്‍. എസ്. എസിന്റെ നിലപാട്.

എങ്കിലും കടുത്ത കമ്യൂണിസ്റ്റു വിരോധമുള്ള സംഘകുടുംബങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ ജയരാജനെതിരെ കോണ്‍ഗ്രസിലേക്കു പോയോക്കാമെന്നു ആര്‍. എസ്. എസ് വിലയിരുത്തുന്നുണ്ട്. ഇതുതടയുന്നതനായി താഴെത്തട്ടില്‍ ശക്തമായ പ്രവര്‍ത്തനം നടത്താനാണ് ആര്‍. എസ്. എസ് ബി.ജെ.പിയോട് നിര്‍ദേശിച്ചിരിക്കുന്നത. കാസര്‍കോട്, കോഴിക്കോട് എന്നീ മണ്ഡലങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. കാസര്‍കോട് കഴിഞ്ഞ തവണ ഒന്നേകാല്‍ ലക്ഷം വോട്ടു പോക്കറ്റിലാക്കിയ രവീശ തന്ത്രിയാണ് ഇക്കുറിയും സ്ഥാനാര്‍ഥി. എന്നാല്‍ മറുപുറം യു.ഡി. എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും എല്‍. ഡി. എഫ് സ്ഥാനാര്‍ഥി സതീഷ് ചന്ദ്രനും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്.

ഈ മണ്്ഡലങ്ങളിലും ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ ബി.ജെ.പി മറിക്കുന്ന വോട്ടുകള്‍ക്ക് സാധിക്കും. എന്നാല്‍ കാരിരുമ്പുപോലുള്ള ആര്‍. എസ്. എസ് തിട്ടൂരങ്ങള്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിനു ഒരിക്കലും യോജിച്ചതല്ലെന്നും ജനകീയ രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയാത്ത ഇത്തരം പ്രചാരകന്‍മാരാണ് പാര്‍ട്ടിക്കു പ്രതിസന്ധിയുണ്ടാക്കുന്നതെന്നും ഈ വിഷയം ചോദിച്ചപ്പോള്‍ കണ്ണൂരിലെ ഒരു ബി.ജെപി നേതാവു പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറെ കൊലക്കത്തിക്കിരയായ ജില്ലകളിലൊന്നാണ് കണ്ണൂര്‍. സ്വതവേദുര്‍ബലനായ ഒരു സ്ഥാനാര്‍ഥിയെയാണ് കണ്ണൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി ജില്ലാഘടകം ഇക്കുറി നിര്‍ദേശിച്ചിരുന്നത്. ശബരിമല വിഷയത്തില്‍ വിശ്വാസികളോടൊപ്പം നിന്ന കെ.സുധാകരനോട് നേരിയ മമത ജില്ലയിലെ ബി.ജെ.പിക്കുണ്ട്.

എന്നാല്‍ ദേശീയ സമിതിയംഗവും മുതിര്‍ന്ന നേതാവുമായ സി.കെ പത്മനാഭന്‍ സ്ഥാനാര്‍ഥിയായതോടെ കളിമാറി. കഴിഞ്ഞ തവണ പിടിച്ച 56,000 വോട്ട് ഇക്കുറിയും നിലനിര്‍ത്തിയില്ലെങ്കില്‍ നാണക്കോടാവും.ഇതിനിടെയാണ് പാര്‍ട്ടിയില്‍ നിന്നും ഒ.കെ.വാസു, എ. അശോകന്‍ തുടങ്ങിയവര്‍ സി.പി. എം പാളയത്തിലേക്ക് കുടിയേറിയത്. ഇതുകൂടാതെ ബി.ജെ.പിയുടെ മിക്ക മണ്ഡലം കമ്മിറ്റികളും സംഘടനാപരമായും ദുര്‍ബലമാണ്. അഴിമതിയാരോപണവും ഗ്രൂപ്പിസവും ഗ്രസിച്ചതിനാല്‍ മട്ടന്നൂരടക്കമുള്ള മണ്ഡലം കമ്മിറ്റികളുടെ പ്രവര്‍ത്തനത്തില്‍ നിന്നും വലിയൊരുവിഭാഗം വിട്ടുനില്‍ക്കുകയാണ്.

കണ്ണൂരില്‍ കെ.സുധാകരന് അനുകൂലമായി ബി.ജെ.പി പാളയത്തില്‍ നിന്നു തന്നെ വോട്ടുചോര്‍ച്ചയുണ്ടാകുമോയെന്ന ആശങ്ക ആര്‍. എസ്. എസിനുണ്ട്. ഇതു തടയിടുന്നതിനായാണ് പ്രചാരകന്‍മാര്‍ കൂടുതല്‍ സമയം വിനിയോഗിക്കുന്നത്. നേരത്തെ ബി.ജെ.പി പ്രവേശനവുമായി ബന്ധപ്പെട്ടു കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കെ.സുധാകരനുമായി ചര്‍ച്ച നടത്തിയത് കണ്ണൂരിലെ ചില നേതാക്കളായിരുന്നു. അവസാന നിമിഷം ഇതു നടക്കാതെ പോയെങ്കിലും ക്രൗഡ് പുള്ളറായ സുധാകരന്‍ ഇപ്പോഴും പാര്‍ട്ടിക്കും അഭിമതനാണ്.

മാത്രമല്ല ജയിച്ചാല്‍ സുധാകരന്‍ ബി.ജെ.പി പാളയത്തിലേക്കു പോകുമെന്ന പ്രചാരണം സി.പി. എം വ്യാപകമായി അഴിച്ചുവിടുന്നുണ്ട്. ഇതു കോണ്‍ഗ്രസുകാരെക്കാള്‍ കൂടുതല്‍ സ്വാധീനിക്കുന്നത് പരിവാറുമായി അടുപ്പമുള്ളവരെയാണ്. എന്നാല്‍ മുസ്‌ലിം ലീഗുമായുള്ള അതിരുവിട്ട അടുപ്പമാണ് സുധാകരനെ ആര്‍. എസ്. എസിനു അപ്രീയനാക്കുന്നത്. ഇതുകൂടാതെ ജമാത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയും ഇ.കെ സുന്നി(സമസ്ത) വിഭാഗവും സുധാകരനു പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ സി.കെ പത്മനാഭന്റെ വോട്ടിങ് ശരാശരി പരമാവധി വര്‍ധിപ്പിക്കുന്നതിനാണ് ആര്‍. എസ്. എസ് സി. പി. എമ്മിനെ എതിര്‍ക്കുന്നതിനേക്കാള്‍ മുന്‍തൂക്കം കൊടുക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
RSS observation to BJP in Lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more