മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കണ്ണൂരില്‍ നിന്ന് മാത്രം ലഭിച്ചത് അഞ്ച് കോടി
കണ്ണൂര്‍: കേരളത്തെ പുനരുദ്ധരിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങളുടെ സംഭാവന ഒഴുകുന്നു. കണ്ണൂര്‍ കലക്ടറേറ്റ് മുഖേനെ വലിയ തുകയാണ് വ്യാഴാഴ്ചയും സംഭവനയായി എത്തിയത്. ചെക്കായി ലഭിച്ച 32,21,101 രൂപയും പണമായി ലഭിച്ച 9,10,661 രൂപയും ഉള്‍പ്പെടെ 41,31,762 രൂപയാണ് വ്യാഴാഴ്ച മാത്രം കലക്ടറേറ്റില്‍ ലഭിച്ചത്. പെരുന്നാള്‍ ദിനമായ ബുധനാഴ്ച ചെക്കായി ലഭിച്ച 10,81,500 രൂപയും പണമായി ലഭിച്ച 18,41,315 രൂപയും ഉള്‍പ്പെടെ 18,41,315 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചു. ഇന്നലെ വരെ ആകെ 4,93,60,173 രൂപയാണ് കണ്ണൂര്‍ കലക്ടറേറ്റില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി ലഭിച്ചത്.
കണ്ണൂര്‍ ആസ്ഥാനമായ 31 കേരള ബറ്റാലിയന്‍ എന്‍സിസിയിലെ വിദ്യാര്‍ത്ഥികള്‍ 2,19,785 രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. പെരുന്നാള്‍ ദിനത്തില്‍ തലശ്ശേരി നഗരസഭ പരിധിയിലെ 24 പള്ളികളില്‍ നിന്നായി സമാഹരിച്ച മൂന്നു ലക്ഷം രൂപ സംയുക്ത മുസ്‌ലിം ജമാഅത്ത് ഭാരവാഹികള്‍ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് കൈമാറി. ജില്ലയിലെ നാടക പ്രവര്‍ത്തകരുടെ സംഘടനയായ 'നാടക്' ദുരിതാശ്വാസനിധിയിലേക്ക് 1,15,000 രൂപ സംഭാവന നല്‍കി.

കുടുംബശ്രീ ജില്ലാമിഷന്‍ സമാഹരിച്ച 1,15,00,000 രൂപ കണ്ണൂര്‍ ജില്ലാ കുടുംബശ്രീ മിഷന്‍ കോ-ഓഡിനേറ്റര്‍ വാസു പ്രദീപ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിക്ക് കൈമാറി. പ്രിയ അസോസിയേറ്റ്‌സ് ഇരിട്ടി (അഞ്ചു ലക്ഷം രൂപ), കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജിലെ ഇ സി 2 ബാച്ച് (3,48,834 രൂപ), കണ്ണൂര്‍ ജില്ലാ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ റിഫൈനറി അസോസിയേഷന്‍ (2,51,000 രൂപ), കണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് (രണ്ടു ലക്ഷം രൂപ), കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെ എസ് എസ് പി എ) കണ്ണൂര്‍ ജില്ലാ കമ്മിറ്റി (1,50,000 രൂപ), കാനന്നൂര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് അസോസിയേഷന്‍ (1,50,000), യോഗക്ഷേമസഭ കണ്ണൂര്‍ ജില്ലാ കമ്മിറ്റി (ഒരു ലക്ഷം രൂപ), മിലിറ്ററി എഞ്ചിനീയറിങ് സര്‍വ്വീസ് (ഒരു ലക്ഷം രൂപ) എന്നിവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.
ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഒരുമാസത്തെ പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി
ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിനി തന്റെ ഒരു മാസത്തെ വരുമാനമായ വികലാംഗ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. പഴശ്ശി സ്വദേശിനിയായ പള്ളിപ്രത്ത് രയരോത്ത് പി ആര്‍ പ്രീതിയാണ് പെന്‍ഷന്‍ തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. വ്യാഴാഴ്ച കലക്ടറേറ്റില്‍ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ തുക ഏറ്റുവാങ്ങി. കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ സ്‌നേഹതീരം ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പ്രീതി. പി കെ ശ്രീമതി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ സന്നിഹിതരായിരുന്നു.












Click it and Unblock the Notifications