തലശ്ശേരിയുടെ പൈതൃകം പറഞ്ഞ സാഹിത്യ സെമിനാര്‍ സംഘടിപ്പിച്ചു
തലശേരി: തലശ്ശേരിയുടെ ചരിത്രവും പൈതൃകവും പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ച് സാഹിത്യ സെമിനാര്‍. തലശ്ശേരി നഗരസഭ നടത്തുന്ന തലശ്ശേരി കാര്‍ണിവലിന്റെ ഭാഗമായി നടത്തിയ സാഹിത്യ സെമിനാര്‍ പുതിയ അറിവുകളുടെ ഇടംകൂടിയായി മാറി. പുരാതന - മധ്യകാല - ആധുനിക ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ സവിശേഷമായ ചരിത്ര സ്ഥാനങ്ങള്‍ അടയാളപ്പെടുത്തുന്ന നാടാണ് തലശ്ശേരിയെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. നിയമസഭ സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു.
സാംസ്‌കാരിക ഔന്നത്യം പുലര്‍ത്തിയ നാടാണ് തലശ്ശേരിയെന്ന് അദ്ദേഹം പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ വേര്‍തിരിച്ച് ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള കൂട്ടായ്മയാണ് തലശ്ശേരി കാര്‍ണിവലിലൂടെ രൂപപ്പെട്ടത്. ഉദാത്ത മാനവികതയുടെ സന്ദേശമാണ് കാര്‍ണിവല്‍ പകരുന്നതെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു.

മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാരായി രാജന്‍ അധ്യക്ഷത വഹിച്ചു. നൂറ്റാണ്ടുകള്‍ക്ക് മുന്നേ തന്നെ സാംസ്‌കാരിക വാണിജ്യ വിദ്യാഭ്യാസ കായിക സംസ്‌കാരത്തിന്റെ ഉന്നത സ്ഥാനമായി തലശ്ശേരി നിലകൊണ്ടുവെന്ന് ചിത്രകാരനും പ്രഭാഷകനുമായ കെകെ മാരാര്‍ പറഞ്ഞു.
തലശ്ശേരി തുറമുഖത്തു കൂടി കയറ്റുമതി വന്നതോടെ ധാരാളം വിദേശികള്‍ തലശ്ശേരിയിലെക്കെത്തി. ഇതിലൂടെ പുതിയ ഭാഷാപദങ്ങള്‍, ഭക്ഷണം, വസ്ത്രം, ജീവിത രീതി തുടങ്ങിയവ തലശ്ശേരിക്കാര്‍ക്കും തലശ്ശേരിയുടെ സംസ്‌കാരം തിരിച്ചും ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകള്‍ക്ക് മുന്നേ തലശ്ശേരിയിലെ ജനങ്ങള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്ന സാമൂഹ്യ സംവിധാനം നിലവിലുണ്ടായിരുന്നുവെന്നും കെ കെ മാരാര്‍ പറഞ്ഞു.
ആധുനിക ലോകത്തോടൊപ്പം നടക്കാന്‍ തലശ്ശേരിക്കും കഴിഞ്ഞെന്ന് എതിര്‍ദിശ സുരേഷ് പറഞ്ഞു. എല്ലാവരേയും അവനവനിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്ന മാന്ത്രികത തലശ്ശേരിക്കാര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാതിനിര്‍മാര്‍ജനം, സ്ത്രീ വിദ്യാഭ്യാസം തുടങ്ങി പുരോഗമനപരമായ ഇടപെടലുകള്‍ക്കായി തലശ്ശേരിയില്‍ നേരത്തെ സാംസ്‌കാരിക കൂട്ടായ്മകള്‍ രൂപപ്പെട്ടുവെന്ന് ബ്രണ്ണന്‍ കോളജ് മലയാളം വിഭാഗം അധ്യാപിക ഡോ. കെവി മഞ്ജുള പറഞ്ഞു.
തലശ്ശേരി നഗരസഭ കൗണ്‍സിലറും എഴുത്തുകാരിയുമായ പ്രമീള ടീച്ചറെ സ്പീക്കര്‍ ആദരിച്ചു. വിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ എം ജമുനാറാണി, സ്ഥിരംസമിതി അധ്യക്ഷരായ എം വി ജയരാജന്‍, ടി സി അബ്ദുല്‍ഖിലാബ്, ചൊക്ലി കോടിയേരി ബാലകൃഷ്ണന്‍ മെമ്മോറിയില്‍ ഗവ. കോളജ് മലയാള വിഭാഗം അധ്യാപിക ഡോ. പി പ്രജുള, സി പി ഹരീന്ദ്രന്‍, ടി എം ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications