തളിപറമ്പിലെ ചന്ദനമരം കടത്ത്: മുഖ്യപ്രതി കുഞ്ഞിമൊയ്തീന്‍ പിടിയില്‍
കണ്ണൂര്‍: തളിപറമ്പിലെ ചപ്പാരപറമ്പില്‍ ചന്ദനമുട്ടികളുമായി യുവാവിനെ പിടികൂടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ഞണ്ടമ്പലം കണ്ടോത്ത് പുതിയ പുരയില്‍ ഹൗസില്‍ കുഞ്ഞിമൊയ്തീനെയാണ് തളിപറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പി. രതീശന്‍ അറസ്റ്റു ചെയ്തത്. ബുധനാഴ്ച്ച വൈകുന്നേരം ചന്ദന മുട്ടികളുമായി കുറ്റ്യേരി പെരുമ്പാറയിലെ എ.ഷറഫുദ്ദീനെ (42) ചപ്പാരപ്പടവ് ഞണ്ടമ്പലത്തു വെച്ച് പിടികൂടിയിരുന്നു.
ഇയാളില്‍ നിന്നു 56 കിലോഗ്രാം ചന്ദന മരംപിടിച്ചെടുക്കുകയും ചെയ്തു. ഉണങ്ങാത്ത പച്ച ചന്ദനമരം മുറിച്ച് ചെത്തി കൊണ്ടിരിക്കവെയാണ് കൂവേരി ഞണ്ടമ്പലത്തു വെച്ചു ഇയാളെ തളിപറമ്പ് എസ്.ഐ ഇ.ടി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പ്രതിയെയും പിടികൂടിയ ചന്ദനവും ചെത്താനുപയോഗിച്ച കത്തിയാവള്‍, ഈര്‍ച്ചവാള്‍ എന്നിവയും വനം വകുപ്പിന് കൈമാറി.

ഞണ്ടുമ്പലത്തെ കുഞ്ഞിമൊയ്തീനാണ് ചന്ദനമരം കടത്തുന്നത് ആസൂത്രണം ചെയ്തതെന്നും താന്‍ ഇയാളുടെ ജോലിക്കാരനാണെന്നും പിടിയിലായ ഷര്‍ഫുദ്ദീന്‍വനംവകുപ്പിന് മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കുഞ്ഞിമൊയ്തീനെ വനം വകുപ്പ് റെയ്ഞ്ച് ഓഫിസര്‍ പി.രതീശന്റെ നേതൃത്വത്തില്‍ റെയ്ഡു നടത്തി വീട്ടില്‍ നിന്നും പിടികൂടിയത്.
കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ചന്ദനമരം മുറിച്ചു കടത്തുന്ന സംഘത്തിന്റെ കണ്ണികളാണ് ഇവരെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയുടെ വനമേഖലയില്‍ നിന്നും ചന്ദനംമുറിച്ചുകടത്തുന്ന ഒരു വന്‍മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നതായി നേരത്തെ വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു.
രാത്രികാലങ്ങളിലാണ് ഇവര്‍ സ്വകാര്യവ്യക്തികളുടെ വീട്ടുപറമ്പിലും റവന്യൂ വകുപ്പ് ഭൂമിയിലെയും ചന്ദനങ്ങള്‍ മുറിച്ചു കടത്തിയിരുന്നത്.മയ്യില്‍ പൊലിസ്‌സ്‌റ്റേഷന്‍ പരിധിയില്‍ ഇത്തരംനിരവധി കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുളളത്. ഇതില്‍ ചില പ്രതികളെ പൊലിസ് വാഹനപരിശോധനയില്‍ പിടികൂടിയിരുന്നു.












Click it and Unblock the Notifications