സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നത് ബിജെപിയുമായുള്ള ഡീലിൻ്റെ ഭാഗം; ഇപി ജയരാജൻ
കണ്ണൂർ: കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്കെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ. സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തോടെ ബിജെപി -കോൺഗ്രസ് ഡീൽ കൂടുതൽ വ്യക്തമായെന്നും ഇനി യുഡിഎഫ് സ്ഥാനാർത്ഥി എപ്പോൾ ബിജെപിയിൽ ചേരുമെന്ന് നോക്കിയാൽ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. അഴീക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് വിജയം ഉറപ്പായപ്പോഴാണ് കോൺഗ്രസ് -ബിജെപി യെ കൂടുതൽ ആശ്രയിക്കുന്നത്. എൽഡിഎഫ് മുന്നേറ്റത്തിൽ കോൺഗ്രസ് അങ്കലാപ്പിലാണ്. പാലക്കാട് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായ ഡോ.സരിൻ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സന്ദീപ് വാര്യര്‍ ബിജെപി വിട്ടത് നന്നായെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വലിയ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

നയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പാര്‍ടി നിലപാട് എടുക്കൂ. ഒരാള്‍ ഇങ്ങോട്ട് വരുന്നതോ പോകുന്നതോ അല്ല പ്രശ്‌നം. ഇന്നലെ വരെ നില്‍ക്കുന്ന നിലപാടില്‍ നിന്ന് മാറി ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ചേരുന്നവരെ സ്വീകരിക്കും. ഭൂതകാലം മാത്രം നോക്കി നിലപാട് എടുക്കാറില്ല. നിലപാട് വ്യക്തമാക്കിയാല്‍ അതനുസരിച്ച് പാര്‍ടി തീരുമാനമെടുക്കും. സരിന്റെ കാര്യത്തില്‍ എടുത്ത നിലപാട് അതാണെന്നും അദ്ദേഹം പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ സന്ദീപ് വാര്യർക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുമായി ഇടതു സൈബർ കേന്ദ്രങ്ങൾ രംഗത്തിറങ്ങിയിട്ടുണ്ട്.
നേരത്തെ ഒരു ചാനൽ ചർച്ചയിൽ കൊമ്പുകോർത്ത സന്ദീപ് വാര്യറും കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കലായുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചു വെന്ന് പറഞ്ഞ് സന്ദീപ് വാര്യർ ജ്യോതികുമാർ ചാമക്കാലയെ തെമ്മാടി എന്ന് വിളിക്കുകയായിരുന്നു. തുടർന്ന് വലിയ തർക്കമാണ് രണ്ട് പേരും തമ്മിൽ നടന്നത്. ഇനി എന്തായാലും എതിർത്ത് നിന്ന് ചീത്ത വിളിക്കണ്ട കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ പരസ്പരം വാക്കുകളുടെ നിഘണ്ടു വിപുലീകരിക്കാമെന്നാണ് സോഷ്യൽ മീഡിയ പരിഹാസം. ഗാന്ധിയെ ചെറുതായിട്ടൊന്ന് വെടിവെച്ചു കൊന്നു’ ഇതാണോ ഹിന്ദുമഹാസഭ ചെയ്ത കുറ്റമെന്ന് ചോദിച്ച സന്ദീപ് വാര്യരെയാണ് ഇപ്പോൾ കോൺഗ്രസ് ആനയിച്ചുകൊണ്ട് വന്നതെന്ന് പറഞ്ഞ് പരിഹാസത്തോടൊപ്പം വിമർശനവും സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.












Click it and Unblock the Notifications