ഒന്നര വയസുകാരന്റെ കൊലപാതകം: അമ്മ ശരണ്യ അകത്തു തന്നെ: രണ്ടാം പ്രതിയ്ക്ക് ജാമ്യം!!
കണ്ണൂർ: ഒന്നര വയസുകാരനെ പാറക്കുട്ടത്തിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയ്ക്ക് ജാമ്യം ലഭിച്ചില്ല. അതിക്രൂരകൃത്യം ചെയ്ത ശരണ്യയ്ക്കായി ജാമ്യഹർജി നൽകാൻ രക്ഷിതാക്കളോ ബന്ധുക്കളോ സന്നദ്ധരാവാത്തത് കാരണമാണ് ഇവർ ജയിലിൽ തുടരുന്നത്. എന്നാൽ ഇവരോടൊപ്പം രണ്ടാം പ്രതിയായ യുവാവിന് ജാമ്യം ലഭിച്ചിട്ടുണ്ട്.
തൊണ്ണൂറ് ദിവസം കഴിയുന്നതിന് മുൻപ് തന്നെ പോലീസ് കുറ്റപത്രം സമർപ്പിച്ചതിനു ശേഷം നാടിനെ നടുക്കിയ കൊലപാതക കേസിലെ രണ്ടാം പ്രതിക്ക് കോടതി ജാമ്യം നൽകിയത്. തയ്യിൽ കടപ്പുറത്ത് ഒന്നര വയസുകാരനെ കടലിലെറിഞ്ഞു കൊലപ്പെടുത്തിയെന്ന കേസിൽ രണ്ടാം പ്രതിയായ യുവാവിനാണ് തലശേരി ജില്ലാ സെഷൻസ് കോടതിയുടെ ചുമതലയുള്ള അഡീഷണൽ സെഷൻസ് ജഡ്ജ് പി എൻ വിനോദ് ജാമ്യം അനുവദിച്ചത്.

വലിയന്നൂർ സ്വദേശി നിധിനിന് (28) ആണ് കർശന ഉപാധികളോടെ ഓൺലൈൻ ആയി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുമായ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ ( 22) റിമാൻഡിലാണുള്ളത്. 50,000 രൂപയുടെ രണ്ടാൾ ജാമ്യം,അന്വേഷണത്തിൽ ഇടപെടുന്ന ഒന്നും ചെയ്യരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ജാമ്യ വേളയിൽ മറ്റ കേസുകളിൽ അറസ്റ്റിലാവരുത്, കൊവിഡ് നിയന്ത്രണ ചട്ടങ്ങൾ അനുസരിച്ച് യാത്രകൾ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
കണ്ണൂർ സിറ്റി സിഐ പി ആർ സതീഷാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. കൊലപാതക പ്രേരണ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് നിധിന്റെ പേരിൽ ചുമത്തിയിട്ടുള്ളത്. 2020 ഫെബ്രുവരി 17 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം കഴിയാൻ ഭർത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന മകൻ വിയാനെ എടുത്തു കൊണ്ടുപോയി ശരണ്യ വീടിന് സമീപത്തെ കടലിൽ എറിയുകയായിരുന്നുവെന്നാണ് കേസ്.
കൊല നടന്ന അന്നു തന്നെ ശരണ്യയാണ് പ്രതിയെന്ന് കണ്ടെത്തിയ പോലീസ് രണ്ടു ദിവസത്തിനുള്ളിൽ നിധിനെ പിടികൂടിയിരുന്നു. കൊച്ചിയിലേക്ക് മുങ്ങിയ ഇയാളെ വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത് കൊലപാതക പ്രേരണാകുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ശരണ്യയുമായി ഏറെ കാലത്തെ ബന്ധം പുലർത്തിയിരുന്ന നിധിൻ യുവതിയെ ലൈംഗികപരമായും സാമ്പത്തികപരമായും ചൂഷണം ചെയ്തതായി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ട്. ശരണ്യയുമായി അത്ര നല്ല സുഖത്തിലില്ലാത്ത ഭർത്താവിന്റെ മേൽ കൊലപാതക കുറ്റം ചുമത്തി രക്ഷപ്പെടാനായിരുന്നു ഇരുവരുടെയും ശ്രമം. എന്നാൽ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.












Click it and Unblock the Notifications