ജയരാജന് സതീശൻ പാച്ചേനിയുടെ ചുട്ടമറുപടി: സത്യത്തിന് വേണ്ടി ഒന്നല്ല നൂറ് പദയാത്രകള്‍ നടത്തും
കണ്ണൂര്‍: ചെറുപുഴയിലെ കരാറുകാരന്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് പദയാത്രകള്‍ നടത്തുമോയെന്ന സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ചോദ്യത്തിന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ ചുട്ടമറുപടി. വിശദമായ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എം വി ജയരാജന് പാച്ചേനി മറുപടി നല്‍കിയിരിക്കുന്നത്.
സതീശൻ പാച്ചേനിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ചെറുപുഴയിലെ ജോസഫേട്ടന്റെ മരണവുമായി ബന്ധപ്പെട്ട പരസ്യ സംവാദത്തിന് തയാറുണ്ടോ? മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ഈ വിഷയത്തെ കുറിച്ച് സംവദിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായ ഞാന്‍ തയ്യാറാണ്. ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍, സത്യത്തിന് വേണ്ടി നെറികേടുകള്‍ക്ക് എതിരെ ഒന്നല്ല, നൂറ് പദയാത്രകള്‍ നടത്താന്‍ തയ്യാറാണ്. ഇരയോടൊപ്പമാണ് കോണ്‍ഗ്രസ്, വേട്ടക്കാരോടൊപ്പമല്ല.

പിന്നെ ട്രസ്റ്റുമായി ബന്ധപ്പെട്ടും മറ്റും ഉള്ള താങ്കളുടെ എല്ലാ ആശങ്കകളും പരിഹരിക്കാന്‍ ഒരു കാര്യം ചെയ്യൂ. താങ്കളുടെ പാര്‍ട്ടിയുടെ നേതാവാണ് കേരളത്തിന്റെ മുഖ്യമന്ത്രി. അധികാരങ്ങളും മറ്റു നിയമപരമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് സമഗ്രമായി അന്വേഷിക്കട്ടെ. അന്വേഷണത്തിന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് കൂടെ ഉണ്ടാകും. ജില്ലയിലെ കോണ്‍ഗ്രസ് സത്യത്തിനൊപ്പമാണ് നന്മക്കൊപ്പമാണ്
ഇരക്കൊപ്പമാണ്, അങ്ങയുടെ പാര്‍ട്ടിയെപ്പോലെ വേട്ടക്കാരോടൊപ്പമല്ല. ആന്തൂരിലെ സംഭവത്തില്‍ സിപിഎമ്മിന്റെ നിലപാട് അങ്ങേയ്ക്ക് ഓര്‍മ്മയില്ലേ ? മറക്കാന്‍ വഴിയില്ലെങ്കിലും ഒന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു. ആന്തൂരിലെ അങ്ങയുടെ പാര്‍ട്ടിയുടെ നാലു ലോക്കല്‍ കമ്മിറ്റിയും, തളിപ്പറമ്പ ഏരിയാ കമ്മിറ്റിയും, അങ്ങയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗവും എടുത്ത തീരുമാനം സംസ്ഥാന കമ്മിറ്റിയില്‍ എത്തിയപ്പോള്‍ ആവിയായിപ്പോയില്ലേ..?
ധര്‍മ്മശാലയില്‍ പൊതുയോഗം നടത്തി പൊതു ജനമധ്യത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വിഴുങ്ങേണ്ടി വന്നില്ലേ. നട്ടെല്ലിന് പകരം വാഴപ്പിണ്ടി പോലുമില്ലാത്ത പാര്‍ട്ടിയായിപ്പോയില്ലേ ജില്ലയിലെ സിപിഎമ്മെന്നും പാച്ചേനി തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.












Click it and Unblock the Notifications