ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യുന്നതിൽ നിന്നും ഗവർണ്ണറെ മാറ്റി നിർത്തണം: സതീശൻ പാച്ചേനി
കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല നേതൃത്വം നൽകുന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാന്‍ എത്തിച്ചേരുന്ന ഗവര്‍ണ്ണറെ പരിപാടിയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ സതീശന്‍ പാച്ചേനി. രാജ്യത്തിന്റെ പല ഭാഗത്തു നിന്നുള്ള സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളും ചരിത്രകാരന്മാരും പങ്കെടുക്കുന്ന പരിപാടിയില്‍ ആര്‍എസ്എസ്സിനെ പിന്തുണയ്ക്കുകയും വഹിക്കുന്ന സ്ഥാനത്തിന്റെ ഔന്നത്യം കാത്തു സൂക്ഷിക്കാതെ നിലവാരം കുറഞ്ഞ രാഷ്ട്രീയ പ്രചാരണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന ഗവര്‍ണറെ മാറ്റിനിര്‍ത്താന്‍ അധികൃതര്‍ തയ്യാറാകേണ്ടതാണ്.
ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ ചരിത്ര രചന ലക്ഷ്യം വെച്ചുകൊണ്ടുള്ള നിരന്തരമായ ശ്രമങ്ങള്‍ നടത്തേണ്ടുന്ന ചരിത്ര കോണ്‍ഗ്രസ് ചരിത്ര പാഠപുസ്തകങ്ങളെ വര്‍ഗീയ ലക്ഷ്യം വെച്ചുകൊണ്ട് തിരുത്തുയെഴുതാനുള്ള ഭരണകൂട ശ്രമങ്ങളെ എതിര്‍ക്കാനും വിമര്‍ശിക്കാനും നേതൃത്വം നല്‌കേണ്ടുന്ന വേദി കൂടിയാണ്. ബിജെപി ഗവണ്‍മെന്റിന്റെ താല്പര്യം സംരക്ഷിക്കാന്‍ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി ചരിത്രം വളച്ചൊടിക്കുന്ന ആരിഫ് മുഹമ്മദ് ഖാനെപ്പോലുള്ളവരുടെ ശ്രമങ്ങളെ ചെറുക്കുക കൂടി ചരിത്ര കോണ്‍ഗ്രസ് ശ്രദ്ധ ചെലുത്തേണ്ടുന്ന കാര്യമാണ്. ഇന്ത്യയെ സ്‌നേഹിക്കുന്ന മുഴുവന്‍ ആളുകളും കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നയിക്കുമ്പോള്‍ രാജ്യത്തെ മറ്റൊരു സംസ്ഥാനത്തെ ഗവര്‍ണറും കാണിക്കാത്ത തരത്തില്‍ സങ്കുചിത രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി അഭിപ്രായ പ്രകടനം നടത്തിയ കേരള ഗവര്‍ണര്‍ നാലാംകിട രാഷ്ട്രീയ പ്രചരണം നടത്തുകയാണ് ചെയ്തിട്ടുള്ളത്.

ഇന്ത്യയുടെ ബഹുസ്വരത നശിപ്പിക്കുന്ന, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന, ഭരണഘടനാ മൂല്യങ്ങളെ കാറ്റില്‍ പറത്തുന്ന സംഘപരിവാര്‍ ശക്തികളുടെ ഫാസിസ്റ്റ് നടപടിക്ക് കുട പിടിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കുന്നത് രാജ്യത്തോട് തന്നെ കാട്ടുന്ന ക്രൂരതയാണെന്നും ചരിത്ര സത്യങ്ങളെ തമസ്‌കരിക്കാന്‍ കൂട്ടുനില്‍ക്കുന്ന ഗവര്‍ണര്‍ക്കെതിരെയുള്ള രോഷമായി ഈ സംഭവം ഉയര്‍ന്നു വരണമെന്നും ഗവര്‍ണറെ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സര്‍വ്വകലാശാല അധികൃതര്‍ തയ്യാറാവണമെന്നും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications