കണ്ണൂര്‍ സിറ്റിയിൽ എസ്ഡിപിഐ നേതാവിന്റെ ബൈക്ക് കത്തിനശിച്ച നിലയില്‍: പൊലിസ് അന്വേഷണമാരംഭിച്ചു
കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ എസ്.ഡി.പി.ഐ നേതാവിന്റെ ബൈക്ക് കത്തിനശിച്ച നിലയില്‍.എസ്.ഡി.പി ഐ സെന്‍ട്രല്‍ സിറ്റി കമ്മിറ്റി പ്രസിഡന്റ് ടി.ആഷിക്കിന്റെ നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് ഇന്ന് പുലര്‍ച്ചെ ഒന്നര മണിക്ക് കത്തിനശിച്ചത്. ഇതിനടുത്ത് മറ്റൊരു ബുള്ളറ്റ് ബൈക്കുണ്ടായിരുന്നുവെങ്കിലും ഇതിന് അഗ്‌നിബാധയുണ്ടായില്ല.
വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നെങ്കിലും ബൈക്ക് പൂര്‍ണമായും കത്തി നശിച്ചിരുന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടബൈക്ക് അഗ്‌നിക്കിരയാക്കിയ സാമൂഹ്യ വിരുദ്ധരുടെ നടപടിയില്‍ എസ്.ഡി.പി .ഐ കണ്ണൂര്‍ മണ്ഡലം അധ്യക്ഷന്‍ പി.സി ഷഫീഖ് പ്രതിഷേധിച്ചു. സമഗ്രാന്വേഷണം നടത്തി അക്രമികളെ ഉടന്‍ പിടികൂടണമെന്ന് പൊലിസിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

പോലീസ് നിഷ്‌ക്രിയമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാകാം മെയിന്‍ റോഡ് സൈഡിലുള്ള വീട്ടില്‍ പോലും തീ വെപ്പ് നടത്താന്‍ അക്രമികള്‍ക്ക് പ്രചോദനമായതെന്ന് ഷഫീഖ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ആയുധങ്ങള്‍ സഹിതം തൊട്ടടുത്ത പ്രദേശമായ നീര്‍ച്ചാലില്‍ നിന്നുംകാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും കാറിലുണ്ടായിരുന്ന മുഴുവന്‍ പ്രതികളെയും പിടികൂടാനോ അക്രമികളുടെ ലക്ഷ്യം എന്താണെന്നോ പോലീസ് ഇതുവരെ വ്യക്തമാക്കാത്തതില്‍ ദുരൂഹതയുണ്ട്. സിറ്റി കേന്ദ്രീകരിച്ചുള്ള സാമൂഹ്യ വിരുദ്ധരെ നിലക്കു നിര്‍ത്താന്‍ പോലീസ് നടപടി ശക്തമാക്കണം.
അല്ലാത്ത പക്ഷം ശക്തമായ ജനകീയ ചെറുത്തു നില്പിന് എസ് ഡി പി ഐ നേതൃത്വം നല്‍കുമെന്ന് ഷഫീഖ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം സിറ്റി നീര്‍ച്ചാലില്‍ ദുരൂഹസാഹചര്യത്തില്‍ മതിലില്‍ ഇടിച്ചു തകര്‍ന്ന കാറില്‍ നിന്നും വടിവാള്‍ കണ്ടെത്തിയിരുന്നു. ഈ പ്രദേശത്തു തന്നെയാണ് ബൈക്ക് അഗ്‌നിക്കിരയായതും. കാറില്‍ വടിവാളുമായി സഞ്ചരിച്ച സംഘം ക്വട്ടേഷന്‍ ടീമംഗങ്ങളാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പൊലിസ് പരിശോധനയ്ക്കിടെ വെട്ടിച്ചുകൊണ്ടു രക്ഷപ്പെട്ട കാറാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ ഇതിലുണ്ടായിരുന്നവര്‍ മറ്റൊരു കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.












Click it and Unblock the Notifications