തലശേരിയില്‍ രണ്ടാം വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു
തലശേരി:രണ്ടാം വന്ദേഭാരതത്തിന് തലശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വയനാട് ജില്ലയുടെ സര്‍വീസ് സ്റ്റേഷനെന്ന പരിഗണനപോലും തലശേരിക്ക് ദക്ഷിണ റെയില്‍വേ നല്‍കുന്നില്ലെന്നാണ് വിവിധ കോണുകളില്‍ നിന്നുള്ള ആരോപണം. ആദ്യ വന്ദേഭാരതിന് തലശേരിയില്‍ സ്റ്റോപ്പില്ലാത്തത് കനത്ത തിരിച്ചടിയായിരുന്നു. എന്നാല്‍ രണ്ടാം ഭാരതിന് തലശേരിയില്‍ സ്റ്റോപ്പ് ലഭിക്കുമെന്ന പ്രതിക്ഷയുണ്ടായിരുന്നുവെങ്കിലും അനുവദിക്കപ്പെട്ടില്ല. കണ്ണൂരിലെ ഏറ്റവും വരുമാനമുള്ള റെയില്‍വെ സ്റ്റേഷനുകളിലൊന്നാണ് തലശേരി .
ദക്ഷിണ റെയില്‍വേ സോണില്‍ കഴിഞ്ഞ വര്‍ഷം 35 കോടി വരുമാനത്തോടെ 35ാം സ്ഥാനത്തായിരുന്നു തലശേരി. കേരളത്തില്‍ മികച്ച വരുമാനമുള്ള പത്ത് റെയില്‍വേ സ്റ്റേഷനുകളിലൊന്നാണിത്. കൂടുതല്‍ വണ്ടികള്‍ക്കുകൂടി സ്റ്റോപ്പ് അനുവദിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുളള അഞ്ച് സ്റ്റേഷനുകളില്‍ ഒന്നായി തലശേരി മാറുമായിരുന്നു.

മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുന്ന അന്ത്യോദയ എക്‌സ്പ്രസ് പലപ്പോഴും കാലിയായി ഓടിയിട്ടും നിറയെ യാത്രക്കാരുള്ള തലശേരി സ്റ്റേഷനില്‍ നിര്‍ത്തുന്നില്ല. ദീര്‍ഘദൂര ട്രെയിനുകളില്‍ യാത്രചെയ്യേണ്ടവര്‍ ലഗേജുമായി കണ്ണൂര്‍, കോഴിക്കോട് സ്റ്റേഷനുകളെ ആശ്രയിക്കേണ്ട ഗതികേടാണ്. രണ്ടാം വന്ദേഭാരത് ഉള്‍പ്പെടെ നിര്‍ത്താതെ പോവുന്ന മുഴുവന്‍ ട്രെയിനുകള്‍ക്കും തലശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുകയാണ് ഇതിനിടെ തലശേരിയില്‍ വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും വിവിധ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.
ഇതിനിടെ വന്ദേ ഭാരതിന് തലശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ എഎന്‍ ഷംസീര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തു നല്‍കിയിട്ടുണ്ട്.. തലശേരിയിലെ കോടിയേരിയില്‍ സ്ഥിതി ചെയ്യുന്ന മലബാര്‍ കാന്‍സര്‍ സെന്റര്‍ കാസര്‍കോഡ്, വയനാട് തുടങ്ങിയ കേരളത്തിന്റെ വടക്കന്‍ ജില്ലകളിലെയും തമിഴ്‌നാട്, കര്‍ണാടക, മാഹി തുടങ്ങിയ അയല്‍ നാടുകളിലേയും രോഗികള്‍ക്കുള്ള ആശ്രയ കേന്ദ്രമാണ്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഒരു ലക്ഷത്തോളം രോഗികള്‍ പ്രതിവര്‍ഷം എത്തുന്നുണ്ട്.
7000 മുതല്‍ 8000 രോഗികള്‍ ഓരോ വര്‍ഷവും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നുമുണ്ട്. തലശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചാല്‍ ഈ രോഗികള്‍ക്ക് വലിയ ആശ്വാസമാകും. ഈ വിവരങ്ങള്‍ കണക്കിലെടുത്ത് കാസര്‍കോഡ് നിന്നുള്ള വന്ദേ ഭാരത് ട്രെയിനിന് തലശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിച്ചാണ് നിയമസഭാ സ്പീക്കര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കിയത്.












Click it and Unblock the Notifications