പയ്യാമ്പലം തോട് മണ്ണിട്ടു നികത്തല്‍: പ്രവൃത്തി നിര്‍ത്തിവയ്ക്കണമെന്ന് സെക്രട്ടറിയുടെ ഉത്തരവ്
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പയ്യാമ്പലത്ത് നിര്‍മ്മിക്കുന്ന പാര്‍ക്കിന്റെ പ്രവര്‍ത്തി നിര്‍ത്തിവെക്കാന്‍ ഉത്തരവ്. വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ കോര്‍പറേഷന്‍ സെക്രട്ടിയാണ് ഉത്തരവിറക്കിയത്. പയ്യാമ്പലം ബീച്ചിനു സമീപം തോട് നികത്തിയത് തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതായും അഞ്ചു മീറ്ററോളം മണ്ണിട്ടു നികത്തിയ തോട് പൂര്‍വ സ്ഥിതിയിലാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
തോടിന്റെ അരികുകള്‍ മണ്ണിട്ടു നികത്താനുള്ള ശ്രമം നാലു ദിവസമായി തുടരുകയായിരുന്നു. അതേസമയം, പാര്‍ക്കുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടെ വിമര്‍ശനുമുണ്ട്. ഇതുവരെയായി കൗണ്‍സില്‍ പോലും അംഗീകരിക്കാത്ത രൂപരേഖയിലാണ് പാര്‍ക്ക് നിര്‍മ്മാണം മുന്നോട്ടുപോയതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. കൂടാതെ റവന്യൂ ഭൂമി കയ്യേറുകയും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്നും കളക്ടര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
തണ്ണീര്‍ത്തടങ്ങള്‍ നികത്തി പ്രവൃത്തി നടത്തരുതെന്നുള്ള ശക്തമായ നിയമം നിലനില്‍ക്കെയാണ് കോര്‍പറേഷന്റെ നേതൃത്വത്തില്‍ തന്നെ പ്രവൃത്തി നടത്തിയത്. ശക്തമായ വേലിയേറ്റ സമയങ്ങളില്‍ തോടിലൂടെ വെള്ളം ഒഴുകാറുണ്ട്. കൂടാതെ നിരവധി പക്ഷികളും സസ്യജാലങ്ങളും ഇതിന്റെ കരയിലുണ്ടാവാറുണ്ട്. ഇത്തരം സാഹചര്യത്തിലാണ് 67 ലക്ഷം രൂപ വകയിരുത്തി നിലവിലുള്ള രണ്ടു പാലങ്ങള്‍ തമ്മില്‍ യോജിപ്പിക്കുന്ന പദ്ധതി കൊണ്ടുവന്നത്. പയ്യാമ്പലം സ്മൃതി കുടീരത്തിനു സമീപത്തായാണ് നിര്‍മാണം നടക്കുന്നത്. 180 മീറ്റര്‍ നീളത്തിലും മൂന്നു മീറ്റര്‍ വീതിയിലുള്ള നടപാതയില്‍ പാര്‍ക്ക് രൂപത്തില്‍ സീറ്റുകളും വിളക്കുകളും വച്ച് മനോഹരമാക്കാനാണ് തീരുമാനം. ...