കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡിസംബറോടെ കേരളം പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തമാവും; മന്ത്രി കെ രാജു

  • By Desk
Google Oneindia Malayalam News

തില്ലങ്കേരി: ഈ വര്‍ഷം ഡിസംബറോടെ കേരളം പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തമാവുമെന്ന് വനം, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. സംസ്ഥാന ക്ഷീരവികസന വകുപ്പ് 2018-19 വര്‍ഷം തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച ക്ഷീരഗ്രാമത്തിന്റെയും 2017-18 വര്‍ഷം തില്ലങ്കേരി ക്ഷീരസംഘത്തില്‍ പണികഴിപ്പിച്ച ഹൈജീനിക് മില്‍ക്ക് കളക്ഷന്‍ റൂമിന്റെയും ഉദ്ഘാടനം തില്ലങ്കേരിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമായി കേരളം പാലുല്‍പാദനത്തില്‍ 17 ശതമാനത്തിലധികം വര്‍ധനവ് ഉണ്ടാക്കി. 2017-18 വര്‍ഷം ഇന്ത്യയില്‍ പാലുല്‍പാദനക്ഷമതയില്‍ ഒന്നാം സ്ഥാനത്തെത്തിയതിനുള്ള പുരസ്‌കാരം കേരളം നേടിയതായി മന്ത്രി പറഞ്ഞു. പാലുല്‍പാദനത്തില്‍ വേണ്ടത്ര മുന്നോട്ടുപോവാത്ത ജില്ലയാണ് കണ്ണൂര്‍. പാലക്കാട് ജില്ലയാണ് സംസ്ഥാനത്ത് ഒന്നാമത്. ഇപ്പോള്‍ സംസ്ഥാനത്തിന് വേണ്ട പാലിന്റെ 85 ശതമാനം ഇവിടെത്തെന്നെ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാറിന്റെയും ക്ഷീരസംഘങ്ങളുടെയും വിവിധ പദ്ധതികളുടെ ഫലമായാണെന്നും മന്ത്രി പറഞ്ഞു.

news

ഡിസംബര്‍ മാസത്തോടുകൂടി കേരളത്തെ പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബഹുമുഖ പദ്ധതികളിലൊന്നാണ് ക്ഷീരഗ്രാമം പദ്ധതി. തില്ലങ്കേരി ഗ്രാമത്തിന്റെ സാമൂഹിക സാമ്പത്തിക വികസനം ക്ഷീരമേഖലയിലൂടെ സാധ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് നിന്ന് 10 പഞ്ചായത്തുകളാണ് ഇത്തവണ പദ്ധതിയില്‍ ഇടം നേടിയിരിക്കുന്നത്. ജില്ലയില്‍ നിന്ന് തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് മാത്രമാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

50 ലക്ഷം രൂപയാണ് ഈ പദ്ധതി പ്രകാരം ഒരു ക്ഷീരഗ്രാമത്തിന് ലഭിക്കുക. ഒരു പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, പത്ത് പശു യൂണിറ്റ്, അഞ്ച് കിടാരി യൂണിറ്റ്, പത്ത് കിടാരി യൂണിറ്റ്, പശുവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്ന രണ്ട് ലക്ഷം രൂപ ധനസഹായമുള്ള ഗോഗുലം ഡയറി യൂണിറ്റ് തുടങ്ങിയ പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 370000 രൂപയോളം സബ്‌സിഡിയാണ് 10 പശു യൂണിറ്റിന് നല്‍കുന്നത്. ക്ഷീരകര്‍ഷകരുടെ കാര്‍ഷികാവശ്യങ്ങള്‍ നിറവേറ്റുന്നതിന് 50000 രൂപ ധനസഹായം നല്‍കുന്ന ആവശ്യാധിഷ്ഠിത ധനസഹായവും നല്‍കുന്നു. തൊഴുത്ത് നവീകരിക്കല്‍, കുടിവെള്ള പാത്രം നിര്‍മ്മിക്കല്‍, പാല്‍ കൊണ്ടുപോകാനാവശ്യമായ വാഹനങ്ങള്‍ വാങ്ങല്‍, യന്ത്രവല്‍ക്കരണം നടപ്പാക്കല്‍, കമ്പ്യൂട്ടര്‍ സ്ഥാപിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ധനസഹായം നല്‍കുന്നത്. കുറഞ്ഞത് അഞ്ച് പശുവിനെയങ്കിലും പാര്‍പ്പിക്കാന്‍ കഴിയുന്ന ആധുനിക തൊഴുത്ത് നിര്‍മ്മിക്കുന്നതിന് 50000 രൂപയും നല്‍കുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി. ജോസഫ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യസ്ഥിരം സമിതി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ ജില്ലയിലെ ക്ഷീരവികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെയിന്‍ ജോര്‍ജ് നടത്തി. ക്ഷീരകര്‍ഷകരെ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി.റോസമ്മ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. മാര്‍ഗരറ്റ് ജോസ് ഉന്നതവിജയികളെ ആദരിച്ചു. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.സുഭാഷ് സ്വാഗതവും ഇരിട്ടി ക്ഷീരവികസന ഓഫീസര്‍ എം.വി. ജയന്‍ നന്ദിയും പറഞ്ഞു.

English summary
Kerala State will achieve self-sufficiency in milk production by December this year, Dairy Development Minister K. Raju has said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X