കണ്ണൂരിൽ മയക്കുവെടി വെച്ച കടുത്ത ചത്ത സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി
കൊട്ടിയൂർ: കൊട്ടിയൂരിൽ മയക്കുവെടി വെച്ച കടുവ തൃശൂർ മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി ചത്തതിൽ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി. 10 വയസുള്ള ആൺ കടുവയാണ് ചത്തത്. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണിക്കായിരുന്നു കൊട്ടിയൂർ പന്നിയാംമലയിൽ നിന്ന് കടുവയെ മയക്കുവെടി വച്ച് പിടിച്ചത്. ഇവിടെ കൃഷിയിടത്തിലിറങ്ങിയപ്പോൾ കമ്പിവേലിയിൽ കുടുങ്ങിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് മൃഗശാലയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് കടുവ ചത്തത്. കടുവയുടെ മൃതദേഹം പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലേക്ക് മാറ്റും.
കണ്ണൂർ ജില്ലയിലെ മലയോര പഞ്ചായത്തായ കൊട്ടിയൂർ കർണാടക വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലൊന്നാണ്. ചൊവ്വാഴ്ച്ച പുലർച്ചെ നാല് മണിക്ക് റബ്ബർ ടാപ്പിങ്ങിനായി പോയ തൊഴിലാളിയാണ് കടുവയെ കണ്ടത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പി വേലിയിൽ കുടുങ്ങിയ നിലയിലായിരുന്നു കടുവയെ കണ്ടെത്തിയത്. മുൻ കാലുകളിലൊന്ന് കുരുങ്ങിയ നിലയിൽ അലറുകയായിരുന്നു കടുവ. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുമെത്തി രക്ഷാപ്രവർത്തനം തുടങ്ങി. 11 മണിയോടെ വയനാട്ടിൽ നിന്നെത്തിയ ഡോക്ടർമാരുടെ വിദഗ്ധ സംഘം കടുവയെ മയക്കുവെടി വെക്കുകയായിരുന്നു.

കടുവയ്ക്ക് കാര്യമായ പരിക്കില്ലെങ്കിലും ഒരു പല്ലില്ലാത്തതിനാൽ കാട്ടിൽ തുറന്നു വിടില്ലെന്നുമാണ് ഡിഎഫ്ഒ പി കാർത്തിക്ക് അറിയിച്ചത്. ഇതിനിടെ കണ്ണവം ഫോറസ്റ്റ് ഓഫിസിലേക്ക് കടുവയെ താൽക്കാലികമായി മാറ്റുന്നതിനെതിരെ പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും രംഗത്തുവന്നിരുന്നു. ഇതിനു ശേഷമാണ് മൃഗശാലയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലാത്ത കടുവ ചത്തത് എങ്ങനെയാണെന്ന ചോദ്യവും വിവിധ കോണുകളിൽ നിന്നുയർന്നിട്ടുണ്ട്. ഇതിനിടയിലാണ് സംഭവത്തിൽ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ അന്വേഷണം പ്രഖ്യാപിച്ചത്. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് അന്വേഷണം നടത്തുക. സംഭവത്തിൽ പ്രതിഷേധവുമായി മൃഗസ്നേഹികൾ രംഗത്തു വന്നതോടെയാണ് മന്ത്രി അടിയന്തിര അന്വേഷണം പ്രഖ്യാപിച്ചത്.












Click it and Unblock the Notifications