പാനൂരിൽ ബോംബ് സ്ഫോടനം നടന്ന സ്ഥലത്തു നിന്നും ഏഴ് സ്‌റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി
തലശേരി : സ്ഫോടനത്തിൽ ഒരാൾ മരിക്കാനിടയായ പാനൂർ മുറിയാത്തോട്ടിൽ പോലീസ് നടത്തിയ റെയ്‌ഡിൽ ഏഴ് സ്‌റ്റീൽ ബോംബുകൾ കണ്ടെത്തി. കേസിലെ മുഖ്യ പ്രതി ഷിബിൻ ലാലിനെ ചോദ്യം ചെയ്തപ്പോഴാണ് ഒളിപ്പിച്ചു വെച്ച സ്‌റ്റീൽ ബോംബുകൾ സ്ഫോടനം നടന്നതിൻ്റെ 200 മീറ്റർ അകലെയുള്ള സ്ഥലത്തു നിന്നും കണ്ടെത്തിയത്. കൂത്തുപറമ്പ് എ.സി.പി. കെ.വി.വേണുഗോപാൽ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.
കൂത്തുപറമ്പ് സിഐ പ്രേം സദൻ്റെ നേതൃത്വത്തിലാണ് പ്രദേശത്ത് വ്യാപക റെയ്ഡ് നടത്തിയത്. ഇതിനിടെ സ്ഫോടനസമയത്ത് സ്ഥലത്തുണ്ടായിരുന്ന മൂന്ന് പേരെ തൃപങ്ങോട്ടു രിൽ നിന്നും ഒരാളെ പാലക്കാട്ട് നിന്നും പോലീസ് അറസ്റ്റു ചെയ്തു. അതുൽ, അരുൺ , ഷിബിൻ ലാൽ എന്നിവരെ തൃപങ്ങോട്ടുരിൽ നിന്നും കോയമ്പത്തൂരിലേക്ക് ട്രെയിൻ മാർഗം കടക്കാൻ ശ്രമിച്ച മീത്തലെ കുന്നോത്തുപറമ്പ് സ്വദേശി സായുജിനെ പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ നിന്നുമാണ് അറസ്റ്റു ചെയ്തത്.

കേസിലെ മുഖ്യ പ്രതികളെന്ന് സംശയിക്കുന്ന ഷി ജാൽ, അക്ഷയ് എന്നിവർ ഒളിവിലാണ്. ബോംബ് നിർമ്മാണസംഘത്തിൽ പത്തു പേരുണ്ടായിരുന്നുവെന്നാണ് പൊലിസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലുള്ള വിനേഷിൻ്റെ വീടിനടുത്താണ് ബോംബ് സ്ഫോടനം നടന്നത്. ലൈഫ് ഭവന പദ്ധതി പ്രകാരം രാധയെന്ന സ്ത്രീയാണ് വീട്ടു നിർമ്മിച്ചു കൊണ്ടിരുന്നത്.
ഒന്നാം നില കോൺക്രീറ്റ് ചെയ്‌തതിനു ശേഷം പഞ്ചായത്തിൽ നിന്നും ഫണ്ടു ലഭിക്കാത്തതിനാൽ വീട് നിർമ്മാണം നിർത്തിവെച്ചിരിക്കുകയാണെന്ന് രാധ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ അറിവോ സമ്മതമോ കൂടാതെയാണ് പ്രതികൾ ബോംബു നിർമ്മാണത്തിനായി ഇവിടെ ഒത്തുകൂടിയത്. രാധയുടെ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിനിടെ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെരിന്റെ മുതദേഹം കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിച്ചു.












Click it and Unblock the Notifications