20 കാരിക്കെതിരെ ലൈംഗികാതിക്രമം; ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍
പയ്യന്നൂര്‍: പയ്യന്നൂരില്‍ വെല്‍നെസ് ക്ലിനിക് നടത്തുന്ന ഫിസിയോ തെറാപ്പിസ്റ്റ് ബലാത്സംഗ കേസില്‍ അറസ്റ്റില്‍. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ആരോഗ്യ വെല്‍നസ് ക്ലിനിക്, ഫിറ്റ്നസ് ആന്റ് ജിം ഉടമ സമീപത്തെ ശരത് നമ്പ്യാരെ (42) യാണ് പയ്യന്നൂര്‍ സ്റ്റേഷന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ്ജ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചക്ക് പഴയ ബസ് സ്റ്റാന്റിന് സമീപം പ്രതി നടത്തി വരുന്ന സ്ഥാപനത്തിലാണ് സംഭവം.
ഫിസിയോ തെറാപ്പി ചെയ്യാന്‍ എത്തിയ ഇരുപതുകാരിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ചികിത്സക്കിടെ തെറാപ്പി ചെയ്യുന്ന മുറി അകത്തു നിന്ന് പൂട്ടിയതോടെ യുവതിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഇവിടെ നിന്നും പുറത്തിറങ്ങിയ ഉടന്‍ യുവതി പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് രാത്രിയോടെ ശരത് നമ്പ്യാരെ കസ്റ്റഡിയിലെടുത്തിരുന്നു.

പയ്യന്നൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകനായ ഇയാള്‍ക്കെതിരെ ചില പരാതികള്‍ നേരത്തെയും ഉയര്‍ന്നിരുന്നു. റോട്ടറി തുടങ്ങിയ സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിച്ച് രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പരാതിക്കാരിയായ യുവതിയുടെ വിശദമായ മൊഴിയെടുത്തതിന് ശേഷമാണ് ശരത് നമ്പ്യാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇതിനു ശേഷം തിങ്കളാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ശരത് നമ്പ്യാര്‍ക്കെതിരെ നേരത്തെ ഇത്തരം പരാതികളുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മറ്റു ചില സ്ത്രീകളും ഇയാളുടെ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ മാനക്കേട് കാരണം പലരും പരാതി നല്‍കാന്‍ തയ്യാറല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല. ഫിസിയോതെറാപ്പി ചെയ്യുന്നതിനുള്ള ലൈസന്‍സോ സര്‍ട്ടിഫിക്കറ്റുകളോ ഇയാള്‍ക്കുണ്ടായിരുന്നില്ലെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്












Click it and Unblock the Notifications