ശശി തരൂര്‍ സെമിനാറില്‍ പങ്കെടുക്കില്ല; കെവി തോമസിനെ പാനലില്‍ ഉള്‍പ്പെടുത്തി സിപിഎം
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ കോണ്‍ഗ്രസ് നേതാവ് കെവി തോമസ് പങ്കെടുത്തേക്കും. അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തി പുതിയ പാനല്‍ തയ്യാറാക്കി സിപിഎം. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ പങ്കെടുക്കുന്ന സെമിനാറിലാണ് കെവി തോമസിന്റെ പേരുള്ളത്. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തിലാണ് സെമിനാര്‍. അതേസമയം, കോണ്‍ഗ്രസ് എംപി ശശി തരൂര്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കില്ല. എഐസിസിയുടെ നിര്‍ദേശം വ്യക്തമാക്കി അദ്ദേഹത്തിന്റെ ഓഫീസ് സിപിഎം നേതൃത്വത്തെ വിവരം ധരിപ്പിച്ചു.
എന്നാല്‍ കെവി തോമസിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു അറിയിപ്പ് വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് കെവി തോമസിനെ പാനലില്‍ ഉള്‍പ്പെടുത്തിയത്. ശനിയാഴ്ച കെവി തോമസ് പങ്കെടുക്കുന്ന സെമിനാര്‍. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സിപിഎം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചോര വീണ മണ്ണില്‍ സിപിഎം നടത്തുന്ന പരിപാടിയില്‍ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവ് പങ്കെടുക്കുമോ എന്ന ചോദ്യമാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ട് വച്ച ചോദ്യം. കെവി തോമസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന ചോദ്യമാണിത്. നേതൃത്വത്തെ ധിക്കരിച്ച് കെവി തോമസ് സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുത്താല്‍ അത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടും.
അക്കാര്യം ദിലീപ് അറിഞ്ഞില്ല; സായ് ശങ്കറിനെ പോലീസ് കുടുക്കിയത് ഇങ്ങനെ... പട്ടികയില്‍ ഇനിയും ചിലര്‍
കെവി തോമസ് പങ്കെടുക്കേണ്ട സെമിനാര്‍ നേരത്തെ വ്യാഴാഴ്ചയാണ് തീരുമാനിച്ചിരുന്നത്. മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്നതായിരുന്നു വിഷയം. ശശി തരൂര്‍ പങ്കെടുക്കേണ്ട സെമിനാര്‍ ശനിയാഴ്ചയും തീരുമാനിച്ചു. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്നതായിരുന്നു ഈ സെമിനാറിന്റെ വിഷയം. ഇങ്ങനെയിരിക്കെയാണ് സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂരിന്റെ ഓഫീസ് അറിയിച്ചത്. ഹൈക്കമാന്റിന്റെ നിര്‍ദേശമുള്ളതിനാലാണ് അദ്ദേഹം തടസം പറഞ്ഞത്. തുടര്‍ന്ന് സിപിഎം നേതൃത്വം ഷെഡ്യൂളില്‍ മാറ്റം വരുത്തുകയായിരുന്നു. ശശി തരൂരിനെ പാനലുകളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. ശശി തരൂരിന് നിശ്ചയിച്ച സെമിനാറില്‍ കെവി തോമസിനെ ഉള്‍പ്പെടുത്തി പുതിയ പാനല്‍ ഒരുക്കി. ഇനി കെവി തോമസ് സ്വീകരിക്കുന്ന നിലപാടാണ് നിര്‍ണായകം. സെമിനാറില്‍ പങ്കെടുക്കില്ല എന്ന് അദ്ദേഹം ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
കെവി തോമസിനെയും ശശി തരൂരിനെയുമാണ് നേരത്തെ സിപിഎം സെമിനാറുകളിലേക്ക് ക്ഷണിച്ചിരുന്നത്. കണ്ണൂരില്‍ നടക്കുന്ന സിപിഎം സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത് കെപിസിസി അധ്യക്ഷന്‍ കനത്ത തിരിച്ചടിയാകും. അദ്ദേഹം നേതാക്കളെ തടയണമെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു. എല്ലാ നേതാക്കള്‍ക്കും ഹൈക്കമാന്റ് നിര്‍ദേശം നല്‍കുകയും ചെയ്തു. പങ്കെടുക്കട്ടെ എന്ന് ചോദിച്ച് തരൂരും തോമസും സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. പങ്കെടുക്കരുതെന്ന് മറുപടിയും വന്നു. സിപിഎമ്മിന്റെ ദേശീയ സമ്മേളനമാണ് എന്ന കാര്യമാണ് കത്തില്‍ ഇരുവരും ചൂണ്ടിക്കാട്ടിയത്. എങ്കിലും പങ്കെടുക്കേണ്ടതില്ല എന്നായിരുന്നു ഹൈക്കമാന്റ് നിര്‍ദേശം.