സില്‍വര്‍ലൈന്‍: ഡി.പി. ആര്‍ ഇരുമ്പുലക്കയൊന്നുമല്ലെന്ന് മന്ത്രി എം.വി ഗോവിന്ദന്‍
കണ്ണൂര്‍: സില്‍വര്‍ലൈനില്‍ എന്തെങ്കിലും പ്രശ്നം ജനങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെങ്കില്‍, ജനങ്ങള്‍ക്കൊപ്പം നിന്ന് ആവശ്യമായ ഡിപിആറാണ് മാറ്റുകയെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്തിന്റെ 'തെളിനീരൊഴുകും നവകേരളം', 'നല്ല മണ്ണ്' പദ്ധതി സംയോജിത പരിപാടി, 'ഞങ്ങളും കൃഷിയിലേക്ക്' എന്നീ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം കൊഴുമ്മലില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മാറ്റമില്ലാത്ത ഒറ്റ കാര്യം മാറുന്നുവെന്നുള്ളതുമാത്രമാണ്. ഡിപിആര്‍ ഇരുമ്പുലക്കയാണെന്നാണ് ചിലര്‍ ധരിച്ചുവെച്ചിരിക്കുന്നത്. സില്‍വര്‍ലൈന്‍ ഡിപിആറും അതിന് അപ്പുറത്തുള്ള കാര്യങ്ങളും പ്രായോഗിക പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് നിര്‍ണ്ണയിക്കപ്പെടുക. ഒരു പ്രൊജക്ടില്‍ ആദ്യം എഴുതി വെച്ച മുഴുവന്‍ കാര്യങ്ങളും നൂറുശതമാനം അതേപടി നടക്കണം, അത് മാറ്റാന്‍ പാടില്ല, അത് ഇരുമ്പുലക്ക പോലെ മാറ്റാതെ നില്‍ക്കണം എന്ന ഒരു തെറ്റിദ്ധാരണയും ഉണ്ടാവേണ്ടതില്ല. തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളോടൊപ്പം നില്‍ക്കുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്കുപരിയായ, ജനങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നം സൃഷ്ടിക്കുന്ന, ഒരു കാര്യവും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല.

ഒരു ജനതയേും ഒരു പാവപ്പെട്ടവനേയും ഏതെങ്കിലും ഒരു മനുഷ്യനേയും അപകടത്തില്‍പ്പെടുത്തിയിട്ടുള്ള ഒരു സില്‍വര്‍ലൈനും കേരളത്തിലുണ്ടാവില്ല. ഈ സര്‍ക്കാര്‍ കേരളത്തോട് പ്രതിബദ്ധതയുള്ള, ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാറാണ്. വീടും പുനരധിവാസവും ഉറപ്പാക്കി മാത്രമേ ആരെയും ഒഴിപ്പിക്കുകയുള്ളൂ. അല്ലാതെ ഒഴിപ്പിക്കുന്ന പ്രശ്നമില്ലെന്ന് ആധികാരികമായി തന്നെ പറയുന്നു. അതുകൊണ്ട് ഒരു മനുഷ്യനെയും ഇതിന് എതിരായി തിരിക്കാന്‍ സാധിക്കില്ല. കള്ളക്കഥ പറഞ്ഞ്, പ്രചാരവേല നടത്തി വികാരം രൂപപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. കെ റെയില്‍ നടപ്പിലാകുമ്പോള്‍ ഇന്ത്യയ്ക്ക് മാതൃകയാവുന്ന 50 വര്‍ഷങ്ങള്‍ക്കപ്പുറത്തെ വളര്‍ച്ചയാണ് നാം നേടാന്‍ പോവുന്നതെന്നും മന്ത്രി പറഞ്ഞു.
തെളിനീരൊഴുകും പദ്ധതിയുടെ ഭാഗമായി കൊഴുമ്മല്‍ മുണ്ട്യയ്ക്ക് സമീപത്തെ തോടിന്റെ ഇരുകരകളിലും 1300 ചതുരശ്ര അടിയില്‍ കയര്‍ ഭൂവസ്ത്രം വിരിച്ച് രാമച്ചം വെച്ചുപിടിപ്പിക്കുന്നതിന് മന്ത്രി തുടക്കം കുറിച്ചു. പഞ്ചായത്തിലെ രണ്ട് മുതിര്‍ന്ന കര്‍ഷകര്‍ക്ക് നെല്‍വിത്തും രണ്ട് കുട്ടികള്‍ക്ക് പച്ചക്കറി തൈകളും മന്ത്രി നല്‍കി. ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക രംഗത്തെ പുനരുദ്ധരിക്കാനുതകുന്ന 22 പദ്ധതികള്‍ 20 കോടി അടങ്കല്‍ പ്രതീക്ഷിക്കുന്ന ഒരു പ്രോഗ്രാമായാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. തരിശുരഹിത പാടങ്ങള്‍, മണ്ണ് പരിപോഷണം, ജലസംരക്ഷണം, തോടുകളുടെ അറ്റകുറ്റപണി, തടയണ നിര്‍മ്മാണം, മത്സ്യം വളര്‍ത്തല്‍, മൃഗസമ്പത്ത് വര്‍ധിപ്പിക്കല്‍, ക്ഷീരകര്‍ഷകര്‍ക്ക് മുന്നോട്ടുവരാനുള്ള പദ്ധതികള്‍, എല്ലായ്പ്പോഴും എല്ലായിടത്തും പച്ചക്കറി എന്നിവ ഇതിനെ ഭാഗമാണ്.
ചടങ്ങില്‍ ടി ഐ മധുസൂദനന്‍ എം എല്‍ എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി ലേജു, വൈസ് പ്രസിഡന്റ് ടി ഗോപാലന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം വി അപ്പുക്കുട്ടന്‍, ജില്ലാ പഞ്ചായത്തംഗം എം രാഘവന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി ശ്യാമള, സി ബാലകൃഷ്ണന്‍, എ ഷീജ, ബ്ലോക്ക് പഞ്ചായത്തംഗം പി പങ്കജാക്ഷി, ഗ്രാമപഞ്ചാത്തംഗം സി പ്രിയ, പഞ്ചായത്ത് സെക്രട്ടറി വി പി സന്തോഷ് കുമാര്‍, കൃഷി ഓഫീസര്‍ കെ ജയരാജന്‍ നായര്‍, പി ജിതിന്‍, പി രമേശന്‍, പി ശശിധരന്‍ മാസ്റ്റര്‍, കെ ഇ മുകുന്ദന്‍ മാസ്റ്റര്‍, എ വി ബാലന്‍ മാസ്റ്റര്‍, ഇ പി രതീശന്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications