സംരഭകരെ പ്രചോദിപ്പിക്കുന്നതിനായി നൈപുണ്യ പരിശീലന ദാതാക്കളുടെ ഉച്ചകോടി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും സംസ്ഥാന നൈപുണ്യ വികസന മിഷനും (കെയ്‌സ്) ചേര്‍ന്ന് സെപ്റ്റംബര്‍ ഏഴിന് നൈപുണ്യ പരിശീലന ദാതാക്കളുടെ ഉച്ചകോടി സംഘടിപ്പിക്കും. സെപ്തംബര്‍ ഏഴിന് രാവിലെ 10.30ന് കണ്ണൂര്‍ പുതിയതെരു മാഗ്‌നറ്റ് ഹോട്ടലില്‍ രജിസ്‌ട്രേഷന്‍ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
ചെറുതും വലുതുമായ എല്ലാ പൊതു, സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും പങ്കെടുപ്പിക്കും. ജില്ലാ പദ്ധതികളുടെ ഭാഗമാകുന്നതിന് നൈപുണ്യ പരിശീലന സ്ഥാപങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുക, വിവിധ കേന്ദ്ര സംസ്ഥാന പദ്ധതികള്‍ പരിചയപ്പെടുത്തുക, ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ പരിശീലന സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, വിവിധ വ്യവസായ മേഖലകള്‍ക്ക് ആവശ്യമായ നൈപുണ്യ ക്ഷമതയുള്ള ഉദ്യോഗാര്‍ഥികളെ ലഭ്യമാക്കുക എന്നിവ ഉച്ചകോടിയുടെ ലക്ഷ്യങ്ങളാണ്.

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള പരിശീലന സ്ഥാപനങ്ങള്‍ക്ക് സെപ്റ്റംബര്‍ മൂന്ന് വരെ രജിസ്ട്രേഷന്‍ നടത്താം. അഴീക്കോട് നിയോജകമണ്ഡലത്തില്‍ കേരള നോളജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് വിജ്ഞാന തൊഴില്‍ പദ്ധതി നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ പ്രാഥമിക ആലോചനാ യോഗം കെ വി സുമേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്നു.
കേരള നോളെജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല പദ്ധതി വിശദീകരിച്ചു. അഴീക്കോട് നിയോജക മണ്ഡലത്തില്‍ നിന്നും നോളജ് മിഷന്റെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്) പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകരെ നോളജ് മിഷന്റെ വിവിധ സേവനങ്ങളിലൂടെ തൊഴില്‍ സജ്ജരാക്കി പ്രത്യേക തൊഴില്‍ നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴില്‍ പരിചയവും നല്‍കി വൈജ്ഞാനിക തൊഴില്‍ മേഖലയില്‍ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നിലവില്‍ 7804 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അസാപ്, കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, കെല്‍ട്രോണ്‍ തുടങ്ങിയ 47 അംഗീകൃത സ്‌കില്ലിങ് പാര്‍ട്ണര്‍മാര്‍ കേരള നോളെജ് ഇക്കോണമി മിഷനുമായി സഹകരിച്ചു വരുന്നു. തൊഴിലധിഷ്ഠിതമായ കോഴ്സുകളിലേക്ക് തൊഴിലന്വേഷകരെ എന്റോള്‍ ചെയ്യിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നൈപുണ്യ പരിശീലനം ഉറപ്പാക്കുകയും ചെയ്യും.
നിയോജക മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണ പിന്തുണയോടെ തൊഴില്‍ മേളകള്‍, സ്‌കില്‍ ഫെയര്‍, വെര്‍ച്യുല്‍ തൊഴില്‍ മേളകള്‍, ഡിഡബ്ല്യുഎംഎസ് സേവനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട തൊഴില്‍മേളക്കും മറ്റുമായുള്ള സംഘാടക സമിതി രൂപീകരണ യോഗം സെപ്റ്റംബര്‍ ആറിന് രാവിലെ പത്തരയ്ക്ക് ചിറക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടക്കും.
ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ റീജ്യനല്‍ പ്രോഗ്രാം മാനേജര്‍ ഡയാന തങ്കച്ചന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ സൗമ്യ ഗോവിന്ദ പൊതുവാള്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെസി ജിഷ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ശ്രുതി, കെ രമേശന്‍, കെ അജീഷ്, പി പി ഷമീമ, എ വി സുശീല, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ മാര്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications