പയ്യന്നൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് അച്യുത മേനോന്റെ വെങ്കല പ്രതിമയുമായി സ്മൃതി യാത്ര
പയ്യന്നൂര്‍ :കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്നു വിശേഷിപ്പിക്കപ്പെട്ട സി. അച്യുതമേനോന്റെ മരണമില്ലാത്ത ഓര്‍മ്മകള്‍ കണ്ണൂരിന്റെ ചുവന്ന മണ്ണിനെയും പുളകം കൊള്ളിച്ചു. കമ്മ്യൂണിസ്റ്റ് പുരോഗമന രാഷ്ട്രീയത്തില്‍ അതികായകനായ സി.അച്യുതമേനോന്റെ പൂര്‍ണകായ പ്രതിമയുമായി സ്മൃതി യാത്ര പയ്യന്നൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പ്രയാണമാരംഭിച്ചതോടെ പ്രതികൂല കാലാവസ്ഥയിലും നഗരം അഭിവാദ്യമുദ്രാവാക്യങ്ങളാല്‍ മുഖരിതമായി മാറി. പയ്യന്നൂരിലെ ശില്‍പി ഉണ്ണി കാനായിയുടെ കരവിരുതിലൂടെയാണ് സി. അച്യുതമേനോന്റെ പൂര്‍ണകായ വെങ്കല പ്രതിമ പയ്യന്നൂരില്‍ ഒരുങ്ങിയത്
10 അടി ഉയരവും 1000 കിലോഗ്രാം ഭാരവുമുള്ള വെങ്കല ശില്‍പ്പം പ്രത്യേക വാഹനത്തിലാണ് സ്മൃതി യാത്ര നടത്തി ജൂലായ് 30 ന് തിരുവനന്തപുരത്ത് എത്തിക്കുന്നത്. സി. അച്യുതമേനോന്‍ ഫൗണ്ടേഷന് അനുവദിക്കപ്പെട്ട സ്ഥലത്ത് ഒരുക്കിയ പീഠത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറിയും ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ബിനോയ് വിശ്വം അനാച്ഛാദനം ചെയ്യും.

കഴിഞ്ഞ ദിവസം വൈകുന്നേരം സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം അഡ്വ. കെ.പ്രകാശ് ബാബുവാണ് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ സ്മൃതി യാത്ര ഉദ്ഘാടനം ചെയ്തത്. ഇതിനു ശേഷം അച്യുതമേനോന്റെ പൂര്‍ണകായ പ്രതിമയ്ക്ക് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ ബാന്‍ഡ് വാദ്യത്തിന്റെ അകമ്പടിയോടെ നൂറ് കണക്കിനാളുകള്‍ സ്വീകരണം നല്‍കി. സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗവും എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.പി. രാജേന്ദ്രന്‍ ലീഡറും ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി ഡയറക്ടറയുമായിട്ടുള്ളതാണ് സ്മൃതി യാത്രാ സംഘം
സിപിഐ നേതാക്കളായ ടി.വി ബാലന്‍.ടി.ടി ജിസ് മോന്‍, ഇ. എസ് ബിജിമോള്‍, പി കബീര്‍ എന്നിവരാണ് സ്മൃതി യാത്രയിലെ അംഗങ്ങള്‍ കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് മുന്‍പില്‍ കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്മൃതികളില്‍ യാത്രയ്ക്ക് ഉജ്ജ്വല സ്വീകരണം നല്‍കി. അച്യുതമേനോന്റെ പൂര്‍ണകായ പ്രതിമയ്ക്കു മുന്‍പില്‍ പുഷ്പാര്‍ച്ചനടത്തിയും അഭിവാദ്യ മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും സ്വീകരണമൊരുക്കിയത്. തുടര്‍ന്ന് കണ്ണൂര്‍ജില്ലയിലെ വര്‍ഗബഹുജന സംഘടനകളുടെ അകമ്പടിയോടെ അച്യുതമേനോന്‍ പ്രതിമ വടകരയില്‍ എത്തിച്ചു.
നേതാക്കളായ സി പി മുരളി, സി എന്‍ ചന്ദ്രന്‍, സി പി സന്തോഷ് കുമാര്‍, സി പി ഷൈജന്‍, എ പ്രദീപന്‍, കെ ടി ജോസ്, താവം ബാലകൃഷ്ണന്‍, എന്‍ ഉഷ, അഡ്വ.പി അജയകുമാര്‍, അഡ്വ. വി ഷാജി. കെ വി ബാബു, വി കെ സുരേഷ് ബാബു, സി രവീന്ദ്രന്‍, പി കെ മധുസൂദനന്‍, കെ വി ഗോപിനാഥ്, സി വിജയന്‍, പായം ബാബുരാജ്, ടി പ്രകാശന്‍ മാസ്റ്റര്‍ , എം ബാലന്‍, എം അനില്‍കുമാര്‍, അബ്ദുള്‍ നിസാര്‍, കെ വി രജീഷ്, കെ വി സാഗര്‍, പി എ ഇസ്മയില്‍, പി നാരായണന്‍, പി ചന്ദ്രന്‍, രേഷ്മ പരാഗന്‍, വി ഗീത, മഹേഷ് കക്കത്ത് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വംനല്‍കി.












Click it and Unblock the Notifications