സ്‌കൂളില്‍ നിന്നുയര്‍ന്നു റോക്കറ്റ്, ഒപ്പം ബഹിരാകാശ യാത്രയും, ശാസ്ത്ര കാഴ്ച്ചകളുമായി സ്‌കൂള്‍
കണ്ണൂര്‍:ചാന്ദ്ര വിജയ ദിനാചരണത്തിന്റെ ഭാഗമായി മനുഷ്യന്‍ ബഹിരാകാശം കീഴടക്കിയതിന്റെ ഓര്‍മ്മയ്ക്കായി വ്യത്യസ്ത പരിപാടികള്‍ നടത്തി ശ്രദ്ധേയമാവുകയാണ് കണ്ണൂര്‍ ജില്ലയിലെ ഒരു സ്‌കൂള്‍. കുട്ടികള്‍ക്ക് പ്രത്യേക വിര്‍ച്വല്‍ റിയാലിറ്റി സംവിധാനത്തോടെ പ്രതീകാത്മക ബഹിരാകാശ യാത്രയും ഒറിജനല്‍ റോക്കറ്റ് വിക്ഷേപിക്കുന്ന അപൂര്‍വ്വ കാഴ്ച്ചയുമാണ് സ്‌കൂളിലെ ശാസ്ത്ര ക്ലബ്ബ് ഒരുക്കിയത്.
ബഹിരാകാശ കാഴ്ച്ചകള്‍ 15 മിനുട്ടു നേരം കണ്ടു കണ്‍മിഴിച്ചും റോക്കറ്റ് മുകളിലേക്ക് ഉയരുന്നത് കണ്ടു അന്തം വിട്ടും കുരുന്നുകള്‍ ശാസ്‌ത്രോത്സവം കളറാക്കി മാറ്റി. ബഹിരാകാശ വിസ്മയ കാഴ്ച്ചകള്‍ കാണാന്‍ കുട്ടികള്‍ മാത്രമല്ല കൂടെ രക്ഷിതാക്കളുമെത്തിയിരുന്നു. വിദ്യാര്‍ത്ഥികളില്‍ ബഹിരാകാശ ശാസ്ത്ര അറിവുകള്‍ നല്‍കുകയെന്ന ലക്ഷ്യവുമായി തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിക്കോളാസ് ടെസ്‌ല ടെക്‌നോളജിയുടെ സഹായത്തോടെയാണ് കണ്ണൂര്‍ ജില്ലയിലെ തന്നട സെന്‍ട്രല്‍ യു.പി സ്‌കൂളില്‍ പരിപാടി നടത്തിയത്.

മുന്നൂറിലേറെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തു അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയിലെ ബഹിരാകാശ ശാസ്ത്രജ്ഞന്‍മാരുടെ പരിശീലനത്തില്‍ നിന്നെടുത്ത യഥാര്‍ത്ഥ അനുഭവങ്ങളാണ് വിര്‍ച്വല്‍ റിയാലിറ്റിയിലുടെ കുട്ടികള്‍ക്ക് ഒരുക്കിയത്. ഒരു ബഹിരാകാശ യാത്രികന്റെ അനുഭവങ്ങള്‍ കുട്ടികള്‍ക്ക് ഇതിലൂടെ അനുഭവിക്കാന്‍ കഴിഞ്ഞു. കുട്ടികളില്‍ സ്‌പേസ് എഡ്യുക്കേഷനില്‍ അഭിരുചി വളര്‍ത്താനും ഉയര്‍ന്ന ശാസ്ത്ര ബോധമുണ്ടാക്കാനും ഇതിലൂടെ കഴിഞ്ഞു.
മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുല്‍ കലാമിന്റെ അഗ്‌നി ചിറകുകള്‍ എന്ന പുസ്തകത്തില്‍ പറയുന്നതു പോലെ ആകാശത്തോളം സ്വപ്നം കാണാനും കൊടുമുടിയോളം ഉയരത്താല്‍ സ്വപ്നം കാണാനും അവരുടെ ചുറ്റുമുള്ള ലോകത്ത് നടക്കുന്ന അവിസ്മരണമായ പരീക്ഷണങ്ങളെ പരിചയപ്പെടുത്താനും ഈ പരിപാടിയിലുടെ സാധിച്ചുവെന്ന് ഹെഡ്മാസ്റ്റര്‍ ബാല സുബ്രഹ്‌മണ്യന്‍ പറഞ്ഞു.
എടക്കാട് ബ്‌ളോക്ക് പഞ്ചായത്ത് അംഗം ഇ.കെ സുരേശന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ നോര്‍ത്ത് എ.ഇ.ഒ ഒ.സി പ്രസന്നകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കല്‍റ്റി എ ഷാജി വ് പരിപാടി വിശദീകരിച്ചു. ബി.ആര്‍.സി ട്രെയിനര്‍ ഉനൈസ് സ്‌കൂള്‍ മാനേജര്‍ പി.വി ഇബ്രാഹിം, പി.ടി.എ പ്രസിഡന്റ് റസാഖ് മുഹമ്മദ്, മാതൃസംഗമം പ്രസിഡന്റ് അജ്‌ന എം. സുബൈര്‍, എം.എം റമീസ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications